നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 14 മൃതദേഹങ്ങള്‍ വീണ്ടെടുത്തു

കാട്മണ്ഡു- നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ലക്ഷ്യസ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസര്‍ എന്ന പറയുന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. അല്‍പം മുമ്പാണ് നേപ്പാള്‍ ആര്‍മിയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചത്. 14 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവയില്‍ ചിലത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആകെ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വിമാനത്തിലുണ്ടായിരുന്നവരുടെ ദാരുണാന്ത്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. കൃത്യമായി ഈ സ്ഥലം ലൊക്കേറ്റ് ചെയ്ത ശേഷം കാല്‍നടയായി ഒരു സംഘവും വ്യോമ മാര്‍ഗം ഒരു സംഘവും പ്രദേശത്തെത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്.

10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു. 22 യാത്രക്കാരില്‍ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മന്‍ പൗരന്മാരും 3 നേപ്പാള്‍ സ്വദേശികളായ ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

സൈന്യം തിരച്ചില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ വിമാനാവശിഷ്ടങ്ങള്‍ കണ്ടതായി ഗ്രാമീണര്‍ അറിയിച്ചു. മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. ഇതനുസരിച്ച് സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരും സൈന്യവും പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥ കാരണം ഇന്നലെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.

 

Latest News