Sorry, you need to enable JavaScript to visit this website.

ജമ്മു അഭയാര്‍ഥി ക്യാമ്പില്‍നിന്ന് വന്ന 26 റോഹിങ്ക്യകളെ അസമില്‍ തടഞ്ഞുവെച്ചു

സില്‍ചാര്‍- ജമ്മു അഭയര്‍ഥി ക്യമ്പില്‍നിന്ന് വന്ന  26 റോഹിങ്ക്യകളെ തെക്കന്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ പോലീസ് തടഞ്ഞു. 12 കുട്ടികളും എട്ട് സ്ത്രീകളും ഉള്‍പ്പെടെയുള്ളവരുടെ  യുഎന്‍എച്ച്‌സിആര്‍ കാര്‍ഡുകള്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ജമ്മു അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് 26 അംഗങ്ങളുള്ള മൂന്ന് റോഹിങ്ക്യന്‍ മുസ്ലീം കുടുംബങ്ങള്‍ ദല്‍ഹി വഴിയാണ് ഗുവാഹത്തിയില്‍ എത്തിയതെന്ന് കച്ചാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് രമണ്‍ദീപ് കൗര്‍ പറഞ്ഞു.
ഇപ്പോള്‍ അവരുടെ തിരിച്ചറിയല്‍  കാര്‍ഡുകളും വടക്കുകിഴക്കന്‍ മേഖല സന്ദര്‍ശിക്കുന്നതിന്റെ  ഉദ്ദേശ്യവും പരിശോധിച്ചുവരികയാണ്. ജമ്മു അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് അസമിലേക്ക് മാറാന്‍ അവരെ നയിച്ചത് ആരാണെന്നും എന്തിനാണെന്നും അന്വേഷിക്കുമെന്നും കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജമ്മു ക്യാമ്പില്‍ നിന്ന് വന്ന 10 കുട്ടികളും 8 സ്ത്രീകളും ഉള്‍പ്പെടെ 24 റോഹിങ്ക്യകളെ ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ മെയ് രണ്ടിന് തടഞ്ഞുവെച്ചിരുന്നു. യുഎന്‍എച്ച്‌സിആര്‍ കാര്‍ഡുകള്‍ കൈവശം ഉണ്ടായിരുന്നതിനാല്‍ ഇവരെ പിന്നീട് വിട്ടയച്ചു.
ഏപ്രില്‍ 27 ന് ദല്‍ഹിയില്‍ നിന്ന് ത്രിപുരയിലെ ധര്‍മനഗറില്‍ എത്തിയ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉള്‍പ്പെടെ ആറ് റോഹിങ്ക്യകളെ കസ്റ്റഡിയിലെടുത്തിരുന്നു.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശില്‍ നിന്ന് ജോലി തേടിയും മറ്റ് ആവശ്യങ്ങള്‍ക്കുമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാറുണ്ട്.  
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ  270 ലധികം റോഹിങ്ക്യകളെ വിവിധ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തി രക്ഷാ സേനയും മറ്റ് സുരക്ഷാ ഏജന്‍സികളും തടഞ്ഞുവച്ചിട്ടുണ്ട്.

2016 മുതല്‍ അക്രമം കാരണം മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത 8,60,000 റോഹിങ്ക്യകള്‍  ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ അഭയം തേടിയെന്നാണ് കണക്ക്.

 

Latest News