Sorry, you need to enable JavaScript to visit this website.

മികച്ച കുതിപ്പുമായി സൗദി റെയില്‍വേ, 25 ശതമാനം യാത്രക്കാര്‍ വര്‍ധിച്ചു

റിയാദ്- ഈ വര്‍ഷത്തെ ആദ്യ പാദം പിന്നിടുമ്പോള്‍ മികച്ച നേട്ടവുമായി സൗദി അറേബ്യന്‍ റയില്‍വേ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം യാത്രക്കാരും ചരക്കുനീക്കവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 5.5 മില്യന്‍ ടണ്‍ ചരക്കു വഹിച്ചു കൊണ്ടുപോവാനുള്ള സംവിധാനം ഒരുക്കിയതോടെ സൗദിയുടെ വികസനത്തിനും ഗതാഗത മേഖലക്കും വലിയ സംഭാവനയാണ് സൗദി റെയില്‍വേ നല്‍കുന്നത്.
2030 വിഷനനുസരിച്ചുള്ള പുരോഗതിക്ക് ഇത് വലിയ തോതില്‍ സഹായകമാവുമെന്നാണ് കണക്കുകൂട്ടല്‍. സുസ്ഥിരവും ആശ്രയിക്കാന്‍ പറ്റുന്നതുമായ ലോജിസ്റ്റിക്കല്‍ സൗകര്യമുള്ളതായി  സൗദി റെയില്‍ സര്‍വീസ് മാറിയതോടെ വ്യവസായിക വ്യാപാര മേഖലയില്‍ സൗദി റെയില്‍വേ വലിയ സഹായമായി മാറിയെന്ന്  മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഹിഷാം അശ്കര്‍ പറയുന്നത്.
197,000 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളുന്ന വാഹനങ്ങള്‍ക്ക് സമാനമായ ചരക്ക് നീക്കമാണ് ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നടന്നതെന്നും ഇതു പാരിസ്ഥിതിക മേഖലക്ക് വലിയ തോതില്‍ സഹായകമാവുമെന്നും 900,000 ബാരല്‍ ഡീസലിന്റെ ലാഭമാണ് ഉണ്ടാകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 23,000 ട്രക്കുകളെ റോഡില്‍നിന്ന് മാറ്റാന്‍  റെയില്‍ ചരക്ക് നീക്കത്തിനു സാധിച്ചുവെന്നും ഇത് അപകടവും ട്രാഫിക് തിരക്കുകളും കുറക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും 1.2 മില്യന്‍ കിലോമീറ്റര്‍ ദൂരം ഇതുവരെ റെയില്‍വേ പിന്നിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ചരക്ക് നീക്കത്തിന്റെ കൂലി കുറക്കാനും സൗദി റെയില്‍ കാരണമായിട്ടുണ്ടെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.  യാത്രാ ട്രെയിനുകള്‍ വഴിയും ചരക്ക് നീക്കം വഴിയും പ്രാദേശിക വ്യാപാര സാധ്യതകളെ വര്‍ധിപ്പിക്കാനും  ലോജിസ്റ്റിക്കുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ  ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും  വിവിധ മേഖലയിലേക്ക് വികസനങ്ങള്‍ എത്തിച്ചു എല്ലാ മേഖലയിലേയും സാധ്യതകളെ വളര്‍ത്താനും സൗദി അറേബ്യന്‍ റെയില്‍വേക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഹിഷാം അശ്കര്‍ ചൂണ്ടിക്കാട്ടി.

 

Latest News