ഇത് മഹാദാനം; ഹജിനായി നീക്കിയിട്ട ഭൂമി ലൈഫിന് നല്‍കി ഹനീഫയും കുടുംബവും

പത്തനംതിട്ട- ഹജിന് പോകാനുള്ള ചെലവിനായി മാറ്റിവെച്ച ഭൂമി ലൈഫ് പദ്ധതിക്ക് നല്‍കി ഒരു കുടുംബം.  സംസ്ഥാന സര്‍ക്കാരിന്റെ മനസ്സോട് ഇത്തിരി മണ്ണ് പദ്ധതിക്ക് വല്ലന പുതുപ്പറമ്പില്‍ പി.എം ഹനീഫയും കുടുംബവും ദാനമായി നല്‍കിയത് 28 സെന്റ് വസ്തു. ആകെ സ്വന്തമായുള്ള 78 സെന്റു ഭൂമിയില്‍ നിന്നാണ് 28 സെന്റ് സ്ഥലം കടപ്പാടമില്ലാത്തവര്‍ക്കായി മഹാദാനമായി നല്‍കിയത്.   ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തി സമ്മതപത്രം ഏറ്റുവാങ്ങി.
വല്ലന ഗുരുമന്ദിരത്തിനു സമീപം  പലചരക്ക്  സ്‌റ്റേഷനറികട നടത്തി ഉപജീവനം നടത്തുന്ന കുടുംബമാണിത്. ഭാര്യ ജാസ്മിന് ഓഹരിയായി ലഭിച്ചത് 60 സെന്റ് ഭൂമിയാണ്. കയ്യേറ്റവും മറ്റും കൊണ്ട് ഇപ്പോഴുള്ളത് 56 സെന്റു മാത്രം. പ്രായമാകുമ്പോള്‍ ഈ വസ്തു വിറ്റു കിട്ടുന്ന തുക കൊണ്ട്  ഹജിന് പോകാനായിരുന്നു തീരുമാനം.
എന്നാല്‍ ഇതിനിടെ വല്ലന പ്രദേശത്ത് വാടക വീട്ടില്‍ കഴിയവെ അന്തരിച്ച രണ്ടു പേരുടെ സംസ്‌കാരത്തിനും തുടര്‍ന്ന് അവര്‍ക്ക് വീടുവെക്കാനും നാലു സെന്റ് വസ്തു വീതം വിട്ടുനല്‍കിയ സമീപവാസികളായ സലീം രാവുത്തര്‍,സുരേഷ് മംഗലത്ത് എന്നിവരുടെ ജീവകാരുണ്യ പ്രവൃത്തിയാണ് ഹനീഫയുടെ മനസ്സിലും പുതിയ ചിന്ത ഉയരാന്‍ കാരണം. താനും ഭാര്യയും ഹജിനു പോയാല്‍ തങ്ങള്‍ക്കും കുടുംബത്തിനും പുണ്യം കിട്ടും. എന്നാല്‍ ആ വസ്തു ഒന്‍പതു കുടുംബത്തിന് വീതിച്ചു നല്‍കിയാല്‍ അതാകും അല്ലാഹുവിന് ഏറെ ഇഷ്ടം എന്നു തോന്നി.
ഈ ആഗ്രഹം എന്‍ജിനിയറിംഗ് ബിരുദധാരിയായ മകന്‍ നിസാമിനോടും, മകള്‍ അടൂര്‍ താലൂക്കാശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ  ഹദറുന്നീസയോടും പങ്കുവെച്ചു. അവര്‍ക്കും സന്തോഷം. അതോടെയാണ് മന്ത്രി വീണാ ജോര്‍ജുമായും, ലൈഫ് മിഷന്‍ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടത്. ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ലൈഫ്മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ എസ് അജിത, ജെ. സജീന്ദ്രബാബു, കെ. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്‍മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി, വൈസ് പ്രസിഡന്റ് എന്‍.എസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest News