കേരളത്തില്‍നിന്ന് ഹജിന് ഒന്നര ലക്ഷത്തോളം രൂപ വര്‍ധിച്ചു

നെടുമ്പാശ്ശേരി- ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഹജ് യാത്രാ നിരക്കില്‍ വന്‍ വര്‍ധനവ്. ഇതിന് മുന്‍പ് ഹജ് തീര്‍ഥാടകര്‍ യാത്രയായ 2019 നെ അപേക്ഷിച്ച് ഇത്തവണ 56 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്നു 384200 രൂപയാണ് ഓരോ തീര്‍ഥാടകര്‍ക്കും ചിലവ് കണക്കാക്കിയിരിക്കുന്നത്. 2019 ല്‍ രണ്ട് കാറ്റഗറിയിലായാണ് തീര്‍ഥാടകര്‍ യാത്രയായത്. ഇതില്‍ കരിപ്പൂരില്‍നിന്നു ഗ്രീന്‍ കാറ്റഗറിയില്‍ 282550 രൂപയും നെടുമ്പാശ്ശേരിയില്‍നിന്നു 283550 രൂപയുമായിരുന്നു ചിലവ്. അസീസിയ കാറ്റഗറിയില്‍ 245550 ഉം 246550 മായിരുന്നു ചിലവായത്. എന്നാല്‍ ഇത്തവണ അസീസിയ കാറ്റഗറി മാത്രമാണ് ഉള്ളത്. ഈ വര്‍ഷം ഹജ് കമ്മിറ്റി വഴി യാത്രയാകുന്ന എല്ലാ തീര്‍ഥാടകര്‍ക്കും അസീസിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഇതിന് 384200 രൂപയാണ് ഓരോ തീര്‍ഥാടകരും നല്‍കേണ്ടത്. 137650 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയില്‍ നിന്നും അഞ്ച് ശതമാനം വരെ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹജ് കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഹജ് യാത്രാ നിരക്കില്‍ ഇത്തവണ കാര്യമായ വര്‍ധനവ് ഉണ്ടാവില്ലെന്നാണ് ഒരാഴ്ച മുന്‍പ് വരെ കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ചെയര്‍മാന്റെ പ്രഖ്യാപനവും ജലരേഖയായി.

 

Latest News