പേ വിഷബാധയേറ്റ് മരിച്ച കുട്ടിയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; മുത്തശ്ശന്റെ നില ഗുരുതരം

കൊല്ലം- ശാസ്താംകോട്ട ചക്കുവള്ളിയില്‍ മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസല്‍ (9) മരിച്ചതിനു പിന്നാലെ കുട്ടിയുടെ സംരക്ഷകരായിരുന്ന മുത്തശ്ശനെയും മുത്തശ്ശിയെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തശ്ശന്‍ ചെല്ലപ്പന്‍, മുത്തശ്ശി ലീല എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടത്. നില
മോശമായതിനെ തുടര്‍ന്ന്
ചെല്ലപ്പനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായാണ് വിവരം. ഇവര്‍ക്കും കടിയേറ്റതായാണ് സൂചന. ശനിയാഴ്ച മരിച്ച ഫൈസലിന്റെ (9)  മൃതദേഹം നടുവിലേ മുറിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം പിതാവിന്റെ സ്വദേശമായ തിരുവനന്തപുരം നെടുമങ്ങാട് എത്തിച്ച് സംസ്‌ക്കരിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. എന്നാല്‍ ഭയം കാരണം 3 മാസം പിന്നിട്ടിട്ടും ആശുപത്രിയില്‍ പോകുകയോ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുകയോ ചെയ്തില്ല. ഒടുവില്‍ അസുഖം മൂര്‍ഛിച്ച കുട്ടിയെ ഒരാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴാംമൈല്‍ സെന്റ് തോമസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാതാപിതാക്കള്‍ അകന്നു കഴിയുന്നതിനാല്‍ ഫൈസല്‍ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഫൈസലിന്റെ മാതാപിതാക്കള്‍ ഇതരമതസ്ഥരും പ്രണയിച്ച് വിവാഹം കഴിച്ചവരുമാണ്. ഇതിനിടയില്‍ ഇവര്‍ വേര്‍പിരിയുകയും
മാതാവ് മറ്റൊരു വിവാഹം കഴിച്ച് മാറി താമസിക്കുകയാണ്. പിതാവ് സ്വന്തം സ്ഥലമായ നെടുമങ്ങാടാണ് കഴിയുന്നത്.
എന്നാല്‍ കുട്ടിയോട് നല്ല അടുപ്പം കാട്ടുകയും വേണ്ടതെല്ലാം എത്തിച്ച് നല്‍കുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അടുത്തിടെ റമദാന്‍ നാളുകളില്‍ പിതാവിനൊപ്പം നെടുമങ്ങാടായിരുന്ന ഫൈസല്‍ മടങ്ങിയെത്തിയ ശേഷമാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്.

 

Latest News