Sorry, you need to enable JavaScript to visit this website.

പി.സി ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ച് തൃക്കാക്കരയിലെത്തി;   പോലീസ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും

കാക്കനാട്- അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരില്‍ പിസി ജോര്‍ജിന് എതിരെ നിയമ നടപടിക്കൊരുങ്ങി ഫോര്‍ട്ട് പൊലീസ്. ചോദ്യം ചെയ്യലിനായി ജോര്‍ജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫോര്‍ട്ട് പോലീസ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.
ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോര്‍ട്ട് എ സി ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇന്ന് തൃക്കാക്കരയിലെത്തിയ പി സി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയാണ്. വെണ്ണല ക്ഷേത്രത്തില്‍ പി.സി ദര്‍ശനവും നടത്തി. ഇത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്നാണ് പോലീസ് വാദം. ആരോഗ്യപ്രശ്‌നം മൂലം ഹാജരാകാനാവില്ലെന്നാണ് പിസി ജോര്‍ജ് പോലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോര്‍ജിന് ജാമ്യം നല്‍കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ആരോഗ്യപ്രശ്‌നം മൂലം ഹാജരാകാനാവില്ലെന്ന് അറിയിച്ച ജോര്‍ജ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയെന്നും അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാവും പോലീസ് കോടതിയെ സമീപിക്കുക.
അതേസമയം ഞാനിപ്പോള്‍ മുങ്ങിയാല്‍ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പോലീസിനെ എന്നെ പിടിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ശ്രമം. ഞാന്‍ സത്യങ്ങള്‍ വിളിച്ചു പറയുന്നതും വി എസിന്റെ ആളായതുമാണ് പിണറായിയുടെ വൈരാഗ്യത്തിന്റെ കാരണം. ഞാന്‍ വിഎസിന്റെ ആളു തന്നെയാണ്. വിഎസ് പോയതിന് ശേഷം കേരളത്തില്‍ കമ്മ്യൂണിസത്തിന് പകരം സ്റ്റാലിനിസവും പിണറായിസവുമാണുള്ളത്. നിയമത്തെ ബഹുമാനിക്കുന്നതിനാലാണ് അറസ്റ്റിന് വിധേയനായത്. പിണറായിക്ക് കഴിവില്ലാത്തതിനാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും പിസി പറഞ്ഞു.
 

Latest News