വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി  റേഞ്ച് ഓഫിസര്‍ക്കെതിരെ കേസ്

പത്തനംതിട്ട- ഗവി ഫോറസ്റ്റ് സ്‌റ്റേഷനില്‍ താല്‍ക്കാലിക വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കെതിരെ മൂഴിയാര്‍ പോലീസ് കേസ് എടുത്തു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പ് മേധാവിക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ മനോജ് മാത്യുവിനെതിരെയാണ് കേസെടുത്തത്.
ഗവി സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വനിതാ വാച്ചര്‍ സഹപ്രവര്‍ത്തകനായ വാച്ചര്‍ക്കൊപ്പം ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. ഈ സമയം അടുക്കളയിലെത്തിയ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ആവശ്യമായ സാധനങ്ങള്‍ എടുത്തുനല്‍കാമെന്ന് പറഞ്ഞ് ഇവരെ സ്‌റ്റോര്‍ റൂമിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് റേഞ്ച് ഓഫിസര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.
യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന വാച്ചര്‍ ഓടിയെത്തി. എന്നാല്‍ ഇയാളെ തള്ളിമാറ്റിയ ശേഷം ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ വീണ്ടും കടന്നുപിടിക്കാന്‍ ശ്രമിച്ചു.
യുവതിയുടെ പരാതിയില്‍ പെരിയാര്‍ റേഞ്ച് ഓഫിസര്‍ അഖില്‍ ബാബു പ്രാഥമിക അന്വേഷണം നടത്തി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു.
 

Latest News