Sorry, you need to enable JavaScript to visit this website.

വർഗീയതയെ നേരിടുന്നതിൽ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ടമുഖം -ജിഗ്‌നേഷ് മേവാനി

കൊച്ചി- ഫാസിസത്തേയും വർഗീയതയെയും നേരിടുന്നതിൽ കേരള മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല ഇരട്ടമുഖമാണുള്ളതെന്ന് ഗുജറാത്ത് എം.എൽ.എ ജിഗ്‌നേഷ് മേവാനി. സർക്കാർ സ്‌പോൺസേർഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് മോഡൽ വികസനം പഠിക്കാനും പകർത്താനുമുള്ള പിണറായി വിജയന്റെ നീക്കം അപകടകരവും ആശങ്കയുണ്ടാക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.  വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ഉടമ്പടിയുണ്ട്. ഈ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ അവിടെപ്പോയത്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ കേരള സർക്കാരിന്റെ നടപടി അപകടകരവും ആശ്ചര്യപ്പെടുത്തുന്നതുമാണ്. കേരള മോഡൽ ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോഴാണ് ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരള സർക്കാർ ചീഫ് സെക്രട്ടറിയെ അങ്ങോട്ടേയ്ക്ക് അയച്ചത്. 
ഇത്തരമൊരു നടപടി സ്വീകരിക്കാൻ കേരള സർക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ കേരള മോഡൽ മികച്ചതാണ്. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ ഉൾപ്പെട്ട വിവിധ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്റെ അടിസ്ഥാനത്തിലാണ്. 
ഗുജറാത്ത് മോഡലിനെ കുറിച്ച് എൽ.ഡി.എഫ് സർക്കാരിന് ഒന്നുമറിയില്ല. എന്നാൽ ഗുജറാത്തിൽ ജനിച്ചു വളർന്ന ഒരു വ്യക്തി എന്ന നിലയിൽ ഗുജറാത്ത് മോഡൽ വികസനം പൊള്ളയായ ഒന്നാണെന്ന് എനിക്കറിയാം. ഗുജറാത്ത് മോഡൽ എന്നത് ദയനീയമാണ്. 50 ശതമാനത്തിന് മുകളിൽ സ്ത്രീകൾക്ക് വിളർച്ചയും 40 ശതമാനത്തിന് മുകളിൽ കുട്ടികൾക്ക് പോഷകാഹാര കുറവുണ്ട്. യാത്ഥാർത്യവുമായി ഒത്തുപോകുന്നതല്ല ഗുജറാത്ത് മോഡൽ. കെട്ടിച്ചമച്ച പുകമറമാത്രമാണത്. 
ഗുജറാത്തിലെ ജനങ്ങൾ സർക്കാർ സ്‌പോൺസേഡ് ഫാസിസത്തിന്റെ ഇരകളാണ്. ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം പീഡിപ്പിക്കപ്പെടുന്നു. കൊളോണിയൽ ഭരണാധികാരികൾ പിന്തുടരുന്ന ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന മാതൃകയാണ് ഗുജറാത്ത് മോഡൽ വികസനം. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. അവർ ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളാണ്. സർക്കാർ ജീവനക്കാർക്ക് പോലും മിനിമം വേതനം ഉറപ്പാക്കുന്നില്ല. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലും പരാജയമായിരുന്നു. തെരുവുകളിൽ ജനം മരിച്ചു വീഴുന്നു. ആംബുലൻസ് സൗകര്യം ഒരുക്കാൻ പോലും ശേഷിയില്ലാത്ത സർക്കാരാണ് അവിടത്തേത്. 
ബി.ജെ.പിയുടെ കോൺഗ്രസ് മുക്ത ഭാരതമെന്ന അജണ്ട നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിയുമായി കൈകോർക്കുന്നു. കോൺഗ്രസില്ലാത്ത ഭാരതമെന്നത് ഇന്ത്യയെന്ന ആശയത്തിന്റെ തന്നെ അന്ത്യമായിരിക്കും. ഗുജറാത്തിൽ മോഡി വിജയകരമായി നടപ്പാക്കിയ സോഷ്യൽ എൻജിനീയറിംഗ് കേരളത്തിലും ആവർത്തിച്ച് ബി.ജെ.പിക്ക് വളരാനുള്ള വഴിയൊരുക്കുകയാണ് സി.പി.എം ചെയ്യുന്നത്. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ബി.ജെ.പിയുടെ ശ്രമത്തിൽ അങ്ങേയറ്റം ആശങ്കാകുലനാണ്. സംഘപരിവാർ അജണ്ടയാണ് ഇവിടെ നടക്കുന്നതെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.
 

Latest News