Sorry, you need to enable JavaScript to visit this website.

കെ.ജി.എഫ് സിനിമ മൂന്ന് പ്രാവശ്യം കണ്ട ബാലൻ സിഗരറ്റ് പായ്ക്കറ്റ് വലിച്ചു തീർത്ത് ആശുപത്രിയിലായി

ഹൈദരാബാദ്-  ആയിരത്തി മുന്നൂറ് കോടി രൂപ ലോകമാകെ കലക്ഷൻ നേടി മൂന്നാഴ്ച കഴിഞ്ഞും പ്രദർശനം തുടരുകയാണ് റോക്കി ഭായിയായി യാഷ് തകർത്തഭിനയിച്ച കെജിഎഫ് 2. റോക്കി ഭായിയെ അനുകരിച്ച് കൊച്ചുകുട്ടികളൊക്കെ നടക്കുന്ന രസകരമായ റീൽസ് വീഡിയോകളൊക്കെ ഇതിനിടെ പ്രചരിച്ചു. എന്നാൽ ഇതിനെയെല്ലാം കടത്തിവെട്ടി റോക്കിയെപ്പോലെയാവാൻ നോക്കി ഉഗ്രൻ പണിവാങ്ങിയിരിക്കുകയാണ് ഹൈദരാബാദിൽ ഒരു പതിനഞ്ചുകാരൻ പയ്യൻ. ചിത്രത്തിൽ റോക്കിഭായി സിഗരറ്റ് വലിക്കുന്നത് കണ്ട് അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 15കാരൻ വലിച്ചുതീർത്തത് ഒരു പായ്ക്കറ്റ് സിഗരറ്റാണ്. രണ്ട് ദിവസത്തിനിടെ പയ്യൻ മൂന്ന് തവണ കെജിഎഫ് 2 കണ്ടു. ഇതിനിടെ നിരന്തരം സിഗരറ്റ് വലിച്ച് ഒടുവിൽ കുട്ടിയെ തൊണ്ടവേദനയും കടുത്ത ചുമയുമായി ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയോടെ കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കുട്ടിയ്ക്ക് കൗൺസലിംഗും നൽകിയാണ് മടക്കി അയച്ചത്.
സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കലയാണ് സിനിമയെന്നും സിഗരറ്റ് വലിക്കുന്നതും പുകയില ചവയ്ക്കുന്നതും മദ്യ ഉപയോഗവുമെല്ലാം സിനിമയിൽ ചെയ്യുമ്പോൾ അത് വലിയ സ്വാധീനമാണ് ഉണ്ടാക്കുകയെന്നും ഇവ മഹത്വവൽക്കരിക്കാതിരിക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്നും ശ്വാസകോശരോഗ വിദഗ്ധനായ ഡോ.രോഹിത്ത് റെഡ്ഢി ഓർമ്മിപ്പിച്ചു.

Tags

Latest News