Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

ഡോ. ഫസൽ ഗഫൂറിനെ മലപ്പുറം ആദരിക്കുമ്പോൾ

പ്രശസ്തനായ ന്യൂറോളജിസ്റ്റ്, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ, രാഷ്ട്രീയ, സാമൂഹിക നിരീക്ഷകൻ, ക്വിസ് മാസ്റ്റർ, പാട്ടുകാരൻ, ഫുട്‌ബോളർ, മനുഷ്യ സ്‌നേഹി... ഡോ. പി.എ. ഫസൽ ഗഫൂറിനുള്ള വിശേഷണങ്ങൾ നിരവധിയാണ്. ആറാം തവണയും എം.ഇ.എസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഫസൽ ഗഫൂറിനെ മലപ്പുറം ജില്ല ആദരിക്കുന്നു. മെയ് 30ന് വൈകുന്നേരം മൂന്നിന് പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടി മന്ത്രിയും എം.പിമാരും എം.എൽ.എ മാരുമുൾപ്പടെയുള്ള ജനപ്രതിനിധികളുടെയും പൗരപ്രമുഖരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യം കൊണ്ടു സമ്പന്നമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഒരു ഏജൻസിയിൽ നിന്നും സ്വസമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും സർവതോമുഖ വളർച്ചക്കും പുരോഗതിക്കും അവശ്യമായ കാലാനുസൃത മാറ്റം സംഘടനയിൽ കൊണ്ടുവന്നു എന്നതാണ് അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യതക്കു നിദാനം.
ഡോ. ഫസൽ ഗഫൂർ നേതൃത്വം നൽകിയ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം (2001-2021) എം.ഇ.എസ് ചരിത്രത്തിലെ സുവർണ കാലമാണ്. നേരത്തേ ഉണ്ടായിരുന്ന സ്ഥാപനങ്ങൾ മികച്ചതാക്കുകയും കാലത്തിനൊപ്പം സഞ്ചരിക്കാൻ നിരവധി പുതിയ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ആത്മാർത്ഥമായ പ്രവർത്തന ശൈലിയും ആർജവമുള്ള നിലപാടും കാരണം എം.ഇ.എസ് പ്രവർത്തകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒപ്പം കേരള പൊതുസമൂഹത്തിന്റെ അംഗീകാരം നേടാനും. ഡോ. ഫസൽ ഗഫൂർ എം.ഇ.എസ് നേതൃസ്ഥാനത്തു വന്നതിനു ശേഷമാണ് സംഘടനയെ പൊതുസമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത്. 2001 മുതൽ 2007 വരെ എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2007 ൽ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടതു മുതൽ എം.ഇ.എസിന്റെ വളർച്ചയുടെ ഗ്രാഫ് ഉയർന്നുകൊണ്ടേയിരിക്കുന്നത് കണക്കുകൾ പരിശോധിച്ചാൽ ആർക്കും ബോധ്യമാകും. ഇന്ന് എം.ഇ.എസ് നൂറ്റിഎഴുപതിൽപരം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നു. ഇവയിൽ പല പ്രമുഖ സ്ഥാപനങ്ങളും ഡോ. ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചവയാണ്. ഉത്തമ ദീർഘവീക്ഷണമുള്ള ഒരു നേതാവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത് എന്ന യാഥാർഥ്യം ഫസൽ ഗഫൂറിന്റെ കാര്യത്തിൽ പൂർണമായും ശരിയാണ്.  
കേരളത്തിലെ ആതുര രംഗത്തെ പ്രമുഖരുടെ ഇടയിൽ തലയെടുപ്പോടെ നിൽക്കുന്ന ഭിഷ്വഗ്വരൻ ആണെങ്കിലും സാധാരണക്കാരുമായി ഇഴകിച്ചേർന്ന് പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണ മെയ്‌വഴക്കം  അത്ഭുതപ്പെടുത്തുന്നതാണ്. സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ 
സ്വാശ്രയ മേഖലയിൽ വിദ്യാർത്ഥി പ്രവേശനാനുപാതം 50:50 നിശ്ചയിച്ച് നടപ്പിലാക്കുവാൻ സർക്കാരിന് ഉറച്ച പിന്തുണ നൽകിയത് ഡോ. ഫസൽ ഗഫൂർ ആയിരുന്നു. 
സമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിന് ജീവകാരുണ്യ പദ്ധതികൾ ഏറ്റെടുക്കുവാൻ അദ്ദേഹം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. ഇന്ന് എം.ഇ.എസ് നിരവധി ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എം.ഇ.എസ് മെഡിക്കൽ കോളേജിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ മരുന്നും ഭക്ഷണവും നൽകുന്ന 'ഫ്രീ മെഡിസിൻ; ഫ്രീ മീൽസ്' പ്രോജക്റ്റ്, സ്വന്തമായി വീടില്ലാത്ത, നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്കു വീട് വെച്ച് നൽകുന്ന 'ഗേഹം' പദ്ധതി, പിതാവ് മരണപ്പെട്ട പാവപ്പെട്ട കുടുംബത്തിലെ കുട്ടികളെ മാതാവിനൊപ്പം താമസിപ്പിച്ച് പഠിപ്പിച്ച് ഉത്തമ പൗരന്മാരാക്കി വാർത്തെടുക്കുന്ന 'കെയർ @ ഹോം' പ്രോജക്റ്റ്, എക്കാലത്തും സാമ്പത്തിക പ്രയാസം അനുഭവിച്ചു പോരുന്ന വിഭാഗമായ പള്ളി, ദർസുകളിലെ ഇമാമുമാർക്കും മുഅല്ലിമുകൾക്കും സൗജന്യമായി ചികിൽസ നൽകുന്ന 'ഇമാം മുഅല്ലിം' പദ്ധതി എന്നിവ ഉദാഹരണങ്ങളാണ്. 
മുസ്‌ലിം സമുദായം നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ വെല്ലുവിളികളെ നേരിടാൻ കഴിവും പ്രാപ്തിയുമുള്ള, സമുദായത്തിനും അതോടൊപ്പം പൊതുസമൂഹത്തിന് പൊതുവേയും ആത്മവിശ്വാസം പകരുന്ന നേതാവാണ് ഡോ. ഫസൽ ഗഫൂർ. എം.ഇ.എസ് എന്ന മഹത്തായ സംഘടന ഡോ. ഫസൽ ഗഫൂറിന്റെ കരുത്തുറ്റ നേതൃത്വത്തിനു കീഴിൽ കൂടുതൽ കൂടുതൽ മുന്നേറുമെന്ന കാര്യത്തിൽ സംശയമില്ല.
എം.ഇ.എസിന് കീഴിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന ഏതാനും സ്ഥാപനങ്ങൾ:
1- പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്. 2- എം.ഇ.എസ് ഡെന്റൽ കോളേജ്. 3- എം.ഇ.എസ് കോളേജ് ഓഫ് നഴ്‌സിങ്. 4- എം.ഇ.എസ് സ്‌കൂൾ ഓഫ് നഴ്‌സിങ്. 5- എം.ഇ.എസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്. 6- എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്‌നോളജി, കുന്നുകര. 7- എം.ഇ.എസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, ചാത്തന്നൂർ. 8- എം.ഇ.എസ് കോളേജ് ഓഫ് ആർക്കിടെക്ച്ചർ, കക്കോടി. 9- എം.ഇ.എസ് ട്രെയിനിംഗ് കോളേജ്, എടത്തല. 10- എം.ഇ.എസ് കോളേജ്, വടകര. 11- ടി.ഒ. അബ്ദുല്ല മെമ്മോറിയൽ കോളേജ്, കുന്നുകര. 12- എം.കെ. മരിക്കാർ പിള്ള മെമ്മോറിയൽ കോളേജ് ഫോർ അസ്വാൻസ്ഡ് സ്റ്റഡീസ്, എടത്തല. 13- എം.ഇ.എസ് കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസ്, ചാത്തമംഗലം. 14- എം.ഇ.എസ് കോളേജ്, കൂത്തുപറമ്പ്. 15- എം.ഇ.എസ് ഗോൾഡൻ ജൂബിലി കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസ്, കോട്ടയം. 16- എം.ഇ.എസ് കോളേജ്, കൊച്ചി. 17- എം.ഇ.എസ് അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, മാറമ്പിള്ളി. 18- എം.ഇ.എസ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, ആമയൂർ, പട്ടാമ്പി. 19- എം.ഇ.എസ് വിമൻസ് കോളേജ്, പാലക്കാട് 20- എം.ഇ.എസ് കോളേജ് ഫോർ വിമൻ, വടക്കാഞ്ചേരി. 21- എം.ഇ.എസ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, പുതുനഗരം. 22- എം.ഇ.എസ് ആർട്‌സ് കോളേജ്, അട്ടപ്പാടി. 23- എം.ഇ.എസ് ഹയർ സെക്കണ്ടറി സ്‌കൂൾ, ഇരുമ്പിളിയം. 24- എം.ഇ.എസ് ഹയർ സെക്കണ്ടറി സ്‌കൂൾ, വണ്ടൻമേട്. 25- എം.ഇ.എസ് എയ്ഡഡ് എൽ.പി. സ്‌കൂൾ, മുണ്ടൂർ, പാലക്കാട്. 26- എം.ഇ.എസ് പബ്ലിക് സ്‌കൂൾ, ഓർക്കാട്ടേരി. 27- എ.എ. റഹീം മെമ്മോറിയൽ സെൻട്രൽ സ്‌കൂൾ, അത്തോളി. 28- എം.ഇ.എസ് സെൻട്രൽ സ്‌കൂൾ കുന്നുകര. 29- എം.ഇ.എസ് പബ്ലിക് സ്‌കൂൾ, മുണ്ടക്കയം. 30- എം.ഇ.എസ് ഇന്റർനാഷണൽ സ്‌കൂൾ, കൂട്ടിലഞ്ഞി. 31- എം.ഇ.എസ് പബ്ലിക് സ്‌കൂൾ, പെരുമ്പാവൂർ. 32. എം.ഇ.എസ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, പെരിന്തൽമണ്ണ.

Latest News