Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

വെടക്കാക്കി തനിക്കാക്കുന്ന കോൺഗ്രസ് നേതൃത്വം

നെഹ്‌റു കുടുംബത്തിന്റെ നേതൃത്വം അംഗീകരിക്കാൻ തയാറില്ലാത്തവർ പാർട്ടിയിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്നതിനോട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെന്നും താൽപര്യവുമില്ല. അതുകൊണ്ട് തന്നെയാണ് നേതാക്കൾ ഓരോരുത്തരായി പുറത്ത് പോകുമ്പോഴും അതിന്റെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ ആരും മിനക്കെടാത്തത്. അന്വേഷിച്ചാൽ വിരൽ ചൂണ്ടുന്നത് നെഹ്‌റു കുടുംബത്തിന് നേർക്കായിരിക്കുമെന്ന് എല്ലാവർക്കുമറിയം. പാർട്ടി ഒന്നാകെ ഇല്ലാതായാൽ പോലും നേതൃമാറ്റമെന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണെന്ന് ഉറപ്പിക്കുന്നവർക്കിടയിൽ പാർട്ടിയുടെ ഭാവിയെക്കുറിച്ച് വെപ്രാളപ്പെടുന്നവർക്ക് സ്ഥാനമില്ല. അവർക്ക് പുറത്ത് പോകാനുള്ള വാതിലുകൾ പാർട്ടി കാലങ്ങൾക്കു മുമ്പു തന്നെ തുറന്നിട്ടിട്ടുണ്ട്. 

പാർട്ടിയെ സംഘടനാപരമായി അടിമുടി അഴിച്ചുപണിയുന്നതിനും 2024 ൽ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നതിനായി പ്രത്യേക ദൗത്യസംഘത്തിന് രൂപം നൽകിയും മുന്നോട്ട് പോകുന്നതിനിടയിലാണ് കോൺഗ്രസിന് പ്രബലനായ കപിൽ സിബലിനെ നഷ്ടപ്പെട്ടിരിക്കുന്നത്. ദേശീയ തലത്തിൽ പരിചയ സമ്പന്നരായ നേതാക്കളുടെ  കൊഴിഞ്ഞുപോക്ക് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു വിഷയമേ അല്ലാതായി മാറിക്കഴിഞ്ഞിട്ടുണ്ട്. കാരണം ഒരു സംഗതി സ്ഥിരമായി തുടർന്നാൽ കുറച്ച് കാലം കൊണ്ട് അത് ശീലമായിക്കഴിയും. 
മാസത്തിൽ ചുരുങ്ങിയത് ഒരാളെങ്കിലുമെന്ന രീതിയിൽ കൊഴിഞ്ഞുപോക്ക് തുടരുമ്പോൾ അതിനെ ചെറുക്കാനുള്ള ആയുധങ്ങളൊന്നും തന്നെ പാർട്ടിയുടെ ആവനാഴിയിലില്ല. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ദേശീയ തലത്തിൽ അഞ്ച് പ്രമുഖരാണ് പാർട്ടി വിട്ടുപോയത്. ആർ.പി.സിംഗിനും അശ്വനി കുമാറിനും സുനിൽ ജാഖറിനും ഹാർദ്ദിഖ് പട്ടേലിനും ശേഷം ഒടുവിലായി കബിൽ സിബൽ കൂടി പടിയിറങ്ങുമ്പോൾ കോൺഗ്രസ് കൂടുതൽ ദുർബലമാകുകയാണ്. കോൺഗ്രസിന്റെ കരുത്തുറ്റ മുഖമായിരുന്ന, പ്രതിസന്ധികളെ തരണം ചെയ്യുന്നവരിൽ പ്രധാനിയായിരുന്ന കപിൽ സിബലിന്റെ നഷ്ടം തരണം ചെയ്യാനുള്ള സംഘടനാ സംവിധാനം പാർട്ടിക്കില്ലെന്ന കാര്യം ഉറപ്പാണ്.
എന്തുകൊണ്ട് പാർട്ടിയിൽ നിന്ന് കരുത്തരായ നേതാക്കൾ കൊഴിഞ്ഞുപോകുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ ഒരു അവബോധം പാർട്ടിക്ക് ഇനിയും ഉണ്ടായില്ലെങ്കിൽ പുറത്തു ചാടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. കപ്പൽ മുങ്ങുകയാണെന്ന് തോന്നിത്തുടങ്ങിയാൽ ചാടി രക്ഷപ്പെടുക മാത്രമാണ് ഏക മാർഗം. അതു തന്നെയാണ് കപിൽ സിബൽ അടക്കമുള്ള നേതാക്കൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
കോൺഗ്രസിന്റെ സംഘടനാ സംവിധാനം ഏറ്റവും ദുർബലമായിക്കൊണ്ടിരിക്കുന്നുവെന്നത് തന്നെയാണ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിനുള്ള ഒരു പ്രധാന കാരണം. നിലവിലുള്ള നേതൃത്വത്തിന് സംഘടനയെ ഒരു തരത്തിലും ശക്തിപ്പെടുത്താൻ കഴിയില്ലെന്ന ബോധ്യം പാർട്ടിയിൽ നെഹ്‌റു കുടുംബത്തിന്റെ ആശ്രിതൻമാർക്കൊഴികെ മറ്റെല്ലാവർക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. പാർട്ടിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യങ്ങൾ ഉയരുമ്പോഴെല്ലാം അതിന് വേണ്ടി പ്രവർത്തിക്കുന്നവരെ അടിച്ചിരുത്താൻ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വെട്ടുകിളിക്കൂട്ടം സോണിയ സ്തുതികളുമായി രംഗത്തിറങ്ങും. പാർട്ടി ഇത്തരത്തിലുള്ള വലിയൊരു ഉപജാപക സംഘത്തിന്റെ പിടിയിലായതിനാൽ അവരെ ഭേദിച്ചു മുന്നോട്ടു പോകുകയെന്നത് എളുപ്പമല്ല. പാർട്ടിയേക്കാളും വലുത് സ്വന്തം നിലനിൽപാണെന്ന് ഉറപ്പിക്കുന്ന ഇവർക്ക് മുന്നിൽ വേദമോതിയിട്ട് കാര്യമില്ലെന്ന് തോന്നുന്നതിനാലാകാം മുതിർന്ന നേതാക്കൾ പാർട്ടിയുടെ പടിയിറങ്ങുന്നത്.
നെഹ്‌റു കുടുംബത്തിന്റെ നേതൃത്വം അംഗീകരിക്കാൻ തയാറില്ലാത്തവർ പാർട്ടിയിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്നതിനോട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെന്നും താൽപര്യവുമില്ല. അതുകൊണ്ട് തന്നെയാണ് നേതാക്കൾ ഓരോരുത്തരായി പുറത്ത് പോകുമ്പോഴും അതിന്റെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ ആരും മിനക്കെടാത്തത്. അന്വേഷിച്ചാൽ വിരൽ ചൂണ്ടുന്നത് നെഹ്‌റു കുടുംബത്തിന് നേർക്കായിരിക്കുമെന്ന് എല്ലാവർക്കുമറിയാം. പാർട്ടി ഒന്നാകെ ഇല്ലാതായാൽ പോലും നേതൃമാറ്റമെന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണെന്ന് ഉറപ്പിക്കുന്നവർക്കിടയിൽ പാർട്ടിയുടെ ഭാവിയെക്കുറിച്ച് വെപ്രാളപ്പെടുന്നവർക്ക് സ്ഥാനമില്ല. അവർക്ക് പുറത്ത് പോകാനുള്ള വാതിലുകൾ പാർട്ടി കാലങ്ങൾക്കു മുമ്പു തന്നെ തുറന്നിട്ടിട്ടുണ്ട്. 
നേതൃമാറ്റത്തിലൂടെ മാത്രമേ ഇനി കോൺഗ്രസിന് മുന്നോട്ടു പോകാനാകൂവെന്ന് ആവശ്യപ്പെടുന്ന പാർട്ടിയിലെ തിരുത്തൽ നേതാക്കളുടെ കൂട്ടായ്മയായ ജി 23 ലെ പ്രധാനിയാണ് കപിൽ സിബൽ. മുതിർന്ന നേതാക്കളാണ് ഈ കൂട്ടായ്മയിലുള്ളത്. പാർട്ടിയെ എങ്ങനെയെല്ലാം ശക്തിപ്പെടുത്താമെന്ന നിർദേശം ഇവർ സോണിയ ഗാന്ധിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് നേതൃമാറ്റം. നെഹ്‌റു കുടുംബത്തിന് പുറത്തുള്ളയാൾ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്ക് വരണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യത്തിൽ ഉറച്ചു നിന്നതോടെയാണ് ജി 23 കൂട്ടായ്മ സോണിയയുടെയും രാഹുലിന്റെയും അവരുടെ സ്തുതിപാഠകരുടെയുമെല്ലാം കണ്ണിലെ കരടായി മാറിയത്. ജി 23 നേതാക്കളെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുകയെന്നതായിരുന്നു സോണിയയുടെ തന്ത്രം. എന്നാൽ അധികകാലം അത് തുടരാനാകില്ലെന്ന് കണ്ടതോടെയാണ് അവരുമായി ഒരു അനുനയത്തിലേക്ക് കാര്യങ്ങൾ നീക്കിയത്. 
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ജി 23 നേതാക്കളുടെ ആവശ്യം അംഗീകരിച്ചുവെന്ന തോന്നൽ വരുത്താനാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ ചിന്തൻ ശിബിരം നടത്തിയത്. പാർട്ടിയെ അടിമുടി മാറ്റുന്നുവെന്ന വലിയ രീതിയിലുള്ള പ്രചാരണം ഇതിന് നൽകുകയും ചെയ്തു. അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് പാർട്ടിക്ക് പുതിയ ഊർജം പകരുന്നതിനുള്ള നീക്കങ്ങൾ ചിന്തൻ ശിബിരത്തിലുണ്ടാകുമെന്ന അറിയിപ്പ് സോണിയ ഗാന്ധി തന്നെ നടത്തി. പാർട്ടിയുടെ ദേശീയ - സംസ്ഥാന തലങ്ങളിലുള്ള പ്രധാന നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ചിന്തൻ ശിബിരത്തിൽ സംഘടനാപരമായും രാഷ്ട്രീയമായും നിരവധി കാര്യങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കി. സംഘടനയ്ക്ക് പുതിയ ഊർജം പകരുന്നതിനുള്ള നീക്കങ്ങൾ നടത്താനായി ദൗത്യ സംഘത്തിന് രൂപം നൽകുകയും ചെയ്തു. എന്നാൽ ഇതൊന്നുമായിരുന്നില്ല ചിന്തൻ ശിബിരത്തിലെ പ്രധാന രഹസ്യ അജണ്ട. സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തിന് നേരെ ഉയരുന്ന വിമർശനങ്ങളുടെ മുനയൊടിക്കുകയും പാർട്ടി നേതൃത്വം നെഹ്‌റു കുടുംബത്തിന്റെ കൈയിൽ ഭദ്രമായി നിലനിർത്തുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം. 
നെഹ്‌റു കുടുംബത്തിന് അപ്പുറത്തേക്കുള്ള നേതൃമാറ്റം അടുത്ത കാലത്തൊന്നും നടക്കാൻ പോകുന്ന കാര്യമല്ലെന്നും ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടതില്ലെന്നും വ്യക്തമായ സൂചന നൽകുന്നതായിരുന്നു ചിന്തൻ ശിബിരത്തിന്റെ പര്യവസാനം. സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തരുടെ നീക്കങ്ങളാണ് അവിടെ വിജയം കണ്ടത്. തിരുത്തൽ വാദികളായ ജി 23 കൂട്ടായ്മയെ ഒതുക്കുന്നതിനോ അല്ലെങ്കിൽ ഇവരിൽ ചിലരെയെങ്കിലും നിഷ്‌ക്രിയരാക്കുന്നതിനോ ചിന്തൻ ശിബിരത്തിലൂടെ സോണിയ ഭക്തർക്ക് സാധിച്ചു. മാത്രമല്ല, പാർട്ടിയിൽ സംഘടന തെരഞ്ഞെടുപ്പ് നടത്തിയാൽ പോലും നേതൃസ്ഥാനം നെഹ്‌റു കുടുംബത്തിന്റെ കൈയിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള എല്ലാ നീക്കങ്ങളും ചിന്തൻ ശിബിരത്തിലുണ്ടായി. 
സോണിയയുടെയും രാഹുലിന്റെയും ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ അരക്കിട്ടുറപ്പിക്കുന്ന നീക്കങ്ങളാണ് അവിടെ നടന്നത്. നേതൃമാറ്റത്തിന് വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരുന്ന ജി 23 നേതാക്കളെ നിശ്ശബ്ദരാക്കാൻ ഇതിലൂടെ കഴിഞ്ഞു. നേതൃമാറ്റം എന്ന ആവശ്യം പോലും വലിയ രീതിയിൽ ഉയർന്നു വരാതിരിക്കുന്നതിനുള്ള ചരടുവലികൾ ചിന്തൻ ശിബിരത്തിൽ നടന്നുവെന്ന് വേണം അനുമാനിക്കാൻ. മാത്രമല്ല, ജി 23 നേതാക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കാനും കഴിഞ്ഞു. ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങളെ അതേപടി വിഴുങ്ങുന്ന രീതിയിലേക്ക് തിരുത്തൽ നേതാക്കളിൽ മിക്കവരും എത്തിച്ചേർന്നു. വഴങ്ങാൻ തയാറില്ലാത്തവരെ ചില ചുമതലകൾ ഏൽപിച്ചുകൊണ്ട് തങ്ങളുടെ വഴിയിലേക്ക് നേതൃത്വം കൊണ്ടുവരികയും ചെയ്തു. 
ചിന്തൻ ശിബിരത്തിന് ശേഷം കോൺഗ്രസിലെ തിരുത്തൽ നേതാക്കളുടെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പ്രധാന ആവശ്യമായ നേതൃമാറ്റമെന്നത് അടുത്ത കാലത്തൊന്നും യാഥാർത്ഥ്യമാകില്ലെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. പാർട്ടിയെ വെടക്കാക്കി തനിക്കാക്കുകയെന്നതിനപ്പുറത്തേക്ക് മറ്റൊരു അജണ്ട നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കപിൽ സിബലിനെപ്പോലുള്ള പരിചയ സമ്പന്നരായ നേതാക്കൾ പാർട്ടി വിടുന്നത്. ഇത് കോൺഗ്രസിൽ താൽക്കാലിക പ്രതിസന്ധി ഉണ്ടാക്കില്ലെങ്കിലും മുന്നോട്ടുള്ള വഴിയിൽ, പ്രത്യേകിച്ച് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ കനത്ത വിലയായിരിക്കും ഇതിന് പാർട്ടി നൽകേണ്ടി വരിക. കപിൽ സിബലിന്റെ വഴിയേ ഇനി ആരെല്ലാം പാർട്ടിയോട് വിട പറയുമെന്നാണ് അറിയാനുള്ളത്.  

Latest News