ടാക്‌സിയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ പണം കൊടുക്കേണ്ട

റിയാദ് - യാത്രാ ചാര്‍ജ് കണക്കാക്കുന്ന മീറ്റര്‍ ടാക്‌സി ഡ്രൈവര്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ സൗജന്യ യാത്രക്ക് യാത്രക്കാരന് അവകാശമുള്ളതായി പൊതുഗതാഗത അതോറിറ്റി പറഞ്ഞു. സൗദിയിലെ മുഴുവന്‍ ടാക്‌സി കാറുകളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. ടാക്‌സിയില്‍ ഇ-പെയ്‌മെന്റ് സംവിധാനമില്ലാത്ത പക്ഷം ടാക്‌സിയുടെ നമ്പര്‍ സഹിതം യാത്രക്കാരന് 19929 എന്ന നമ്പറില്‍ ഏകീകൃത കോള്‍ സെന്ററില്‍ ബന്ധപ്പെട്ട് പരാതി നല്‍കാവുന്നതാണ്.
സൗജന്യ ഇന്റര്‍നെറ്റ്, ക്യാമറ, നഖ്ല്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ച ട്രാക്കിംഗ് ഉപകരണം, ഇന്‍വോയ്‌സ് പ്രിന്റര്‍ എന്നീ മാനദണ്ഡങ്ങള്‍ പബ്ലിക് ടാക്‌സി കാറുകളില്‍ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ടാക്‌സി സര്‍വീസിന് ഉപയോഗിക്കുന്ന കാറുകള്‍ക്ക് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല. അടുത്ത ജൂലൈ 12 മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും യൂനിഫോം നിര്‍ബന്ധമാക്കും. യൂനിഫോം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുമെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

 

Latest News