Sorry, you need to enable JavaScript to visit this website.

ദുരിതത്തിലായി നാടണഞ്ഞ നാരായണേട്ടന് 'പ്രവാസി'യുടെ സ്‌നേഹഭവനം

റിയാദ് പ്രവാസി സാംസ്‌കാരിക വേദി നാരായണേട്ടന് നിർമിച്ചു നൽകിയ വീടിന്റെ സമർപ്പണം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി നിർവഹിക്കുന്നു.

റിയാദ് - ഇരുപത് വർഷം നീണ്ട പ്രവാസത്തിനൊടുവിൽ ദുരിതത്തിലായി നാടണഞ്ഞ നാരായണേട്ടന് റിയാദ് പ്രവാസി സാംസ്‌കാരിക വേദിയുടെ കൈത്താങ്ങിൽ വീടൊരുങ്ങി. റിയാദിൽ ബഗ്ലഫിലെ കാർ വാഷിങ് സെന്ററിൽ ജോലി ചെയ്ത്  സാധാരണ ജീവിതം നയിച്ചിരുന്ന വട്ടക്കുളം കുറ്റിപ്പാല സ്വദേശിയായ നാരായണന്റെ ജീവിതം അഞ്ച് വർഷം മുമ്പാണ് കീഴ്മേൽ മറിഞ്ഞത്. 
സൗദി പൗരൻ സർവീസിനായി നൽകിയ വാഹനം, മറ്റൊരാൾ വന്ന് കൊണ്ടുപോയി. യഥാർഥ ഉടമ വന്നപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം നാരായണൻ തിരിച്ചറിഞ്ഞത്. പിന്നീട് പോലീസും കേസും ജയിലുമായി ജീവിതം പ്രതിസന്ധിയിലായി. രണ്ടു വർഷത്തോളം ജയിലിൽ കഴിഞ്ഞ നാരായണന് നിയമ സഹായവുമായി 'പ്രവാസി' പ്രവർത്തകരെത്തുകയും വെൽഫെയർ വിംഗ് അധ്യക്ഷൻ സാദിഖ് പാഷയുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കുകയുമായിരുന്നു.
സമ്പാദ്യങ്ങളൊന്നുമില്ലാതെ നാട്ടിലെത്തിയ നാരായണന് കയറിക്കിടക്കാൻ ഒരു വീട് പോലും ഇല്ലായിരുന്നു. വീതംവെച്ച് കിട്ടിയ നാലു സെന്റിൽ ഒരു വീട് വെക്കാൻ ശ്രമിച്ച് കാലം പിന്നിട്ടുവെങ്കിലും വീട് എന്ന സ്വപ്നം പൂവണിഞ്ഞില്ല.

നാരായണന്റെ പ്രയാസം മനസ്സിലാക്കിയ പ്രവാസി സാംസ്‌കാരിക വേദി പ്രത്യേക താൽപര്യമെടുത്ത് അദ്ദേഹത്തിന് വീടുണ്ടാക്കുകയായിരുന്നു. ഒരു വർഷം മുമ്പ് പണിയാരംഭിച്ച വീട്ടിൽ കഴിഞ്ഞ ദിവസം നാരായണേട്ടൻ താമസമാരംഭിച്ചു. 


ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി വീടിന്റെ സമർപ്പണം നിർവഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി മംഗലം അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, പ്രവാസി സാംസ്‌കാരിക വേദി റിയാദ് വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട്, സെൻട്രൽ കമ്മിറ്റിയംഗം അബ്ദുറഹ്മാൻ മറായി, എടപ്പാൾ ഗ്രാമ പഞ്ചായത്ത് അംഗം മുനീറ നാസർ, വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ അബ്ദുറബ്ബ് എന്നിവർ സംസാരിച്ചു. പ്രവാസി റിയാദ് പ്രസിഡന്റ് സാജു ജോർജ് ഫോണിലൂടെ ആശംസ അറിയിച്ചു. മുഹമ്മദ്കുട്ടി വട്ടംകുളം സ്വാഗതവും നാരായണേട്ടൻ നന്ദിയും പറഞ്ഞു.

Latest News