സൗദി അറാംകൊ പരിസ്ഥിതി സൗഹൃദ കാര്‍ പുറത്തിറക്കി

ദമാം - ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയും എയര്‍ പ്രൊഡക്ട്‌സ് കമ്പനിയും സഹകരിച്ച് പുറത്തിറക്കിയ ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ കാര്‍ കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ വീക്ഷിച്ചു. കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണറേറ്റ് ആസ്ഥാനത്തു വെച്ചാണ് ഗവര്‍ണര്‍ ഹൈഡ്രജന്‍ കാറിന്റെ ആദ്യ പതിപ്പ് വീക്ഷിച്ചത്. വ്യവസായ ലോകത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളുമായി, വിശിഷ്യാ, പരിസ്ഥിതി സംരക്ഷിക്കുകയും ഭാവിയിലെ ഗതാഗത സംവിധാനങ്ങളില്‍ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന വ്യവസായങ്ങളുമായി സൗദിയിലെ വന്‍കിട കമ്പനികള്‍ സമരസപ്പെട്ടുപോകുന്നതിനെ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ പ്രശംസിച്ചു.
ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ അഞ്ചു കിലോ ഹൈഡ്രജന്‍ ഉപയോഗിച്ച് 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് ചെറിയ ബാറ്ററിയില്‍ കാര്‍ ഊര്‍ജം സംഭരിക്കുകയും ചെയ്യുന്നു. കിഴക്കന്‍ പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്‌മാന്‍ അല്‍മുഖ്ബിലും എയര്‍ പ്രൊഡക്ട്‌സ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹന വ്യവസായത്തിന് സൗദി അറേബ്യ വലിയ ശ്രദ്ധയാണ് നല്‍കുന്നത്. റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ ഫാക്ടറിക്ക് ദിവസങ്ങള്‍ക്കു മുമ്പ് ശിലാസ്ഥാപനം നിര്‍വഹിച്ചിരുന്നു. സൗദിയില്‍ 2030 ഓടെ പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലേറെ കാറുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  
നിരവധി അനുബന്ധ വ്യവസായ മേഖലകളുടെ വികസനത്തിന് വാഹന വ്യവസായം സഹായിക്കും. 2020 ല്‍ സൗദിയില്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ നാലായിരം കോടിയോളം റിയാല്‍ ചെലവഴിച്ചു. സൗദിയില്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷത്തിലേറെ കാറുകള്‍ വില്‍ക്കപ്പെടുന്നുണ്ട്. ഗള്‍ഫ് കാര്‍ വിപണിയുടെ അമ്പതു ശതമാനമാണിത്. സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 500 കോടിയിലേറെ റിയാലിന്റെ വായ്പ നല്‍കിയിട്ടുണ്ട്.

 

 

Latest News