ജിദ്ദ- തൃശൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 13 വയസ്സുകാരി ഇഫത്ത് റഹ് മ അവസാനമായി അയച്ച സന്ദേശം ജിദ്ദയിലെ ടീച്ചർമാർക്ക് നൊമ്പരമായി. അപകട വിവരമറിഞ്ഞ് പ്രാർഥനയോടെ കാത്തിരുന്ന അധ്യാപികമാരെ തേടി വെള്ളിയാഴ്ച രാവിലെയാണ് മരണ വാർത്ത എത്തിയത്.
ജിദ്ദയിലെ ഓൺലൈൻ മദ്രസയിൽ പഠിപ്പിച്ചിരുന്ന ടീച്ചർമാർക്കാണ് അപകടത്തിനു ദിവസങ്ങൾ മുമ്പ് ഇഫത്ത് വാട്സാപ്പിൽ സന്ദേശമയച്ചത്.
അസ്സലാമു അലൈക്കും മേം,
ഞാൻ ഇഫത്താണേ, റിസൾട്ട് ഒക്കെ കണ്ടു. ജസാക്കല്ലാഹു ഖൈർ, എന്നെ ഒരു വർഷം പഠിപ്പിച്ചതിന്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പാക്കി തരണം. ഇനിയും കുറേ കുട്ടികളെ പഠിപ്പിക്കാൻ കഴിയട്ടെ... ആമീൻ
ഇതാണ് ഇഫത്ത് അയച്ച സന്ദേശം.
തലശ്ശേരിയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് ഇഫത്തിനും മാതാപിതാക്കൾക്കും മൂത്ത സഹോദരിക്കും പരിക്കേറ്റിരുന്നത്. തൃശൂർ ആശുപത്രിയിലായിരുന്നു ഇഫത്തിന്റെ മരണം.
മാതാപിതാക്കളും സഹോദരി ഹനൂനയും ചികിത്സയിലാണ്. അപകടത്തില്‍ ചെറിയ സഹോദരൻ അബൂബക്കർ മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
കോട്ടയം വാരിശ്ശേരി റഹ് നാസ് മന്‍സിലില്‍ ഇസ്ഹാഖിന്റെ മകളാണ് ഇഫത്ത് റഹ് മ. തലശ്ശേരി സ്വദേശി സജ്‌നയാണ് ഉമ്മ. മാതാപിതാക്കൾ അപകടനില തരണം ചെയ്തുവെങ്കിലും ഹനൂന ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
തലശ്ശേരിയില്‍ കുടുംബ സന്ദര്‍ശനത്തിനുശേഷം കോട്ടയത്തേക്ക് മടങ്ങുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
ജിദ്ദയിലുള്ള തലശ്ശേരി സ്വദേശി ഇസ്മായിൽ കണ്ണമ്പത്തിന്റെ ഭാര്യയും ഇഫത്തിന്റെ ഉമ്മയുടെ സഹോദരിയുമായ ഷഹ്നാസ് മുൻകൈയെടുത്താണ് ഇഫത്തിനെ ജിദ്ദയിലെ ഓൺലൈൻ മദ്രസയിൽ ചേർത്തിരുന്നത്.
അപകടവിവരമറിഞ്ഞ് ഇസ്മായിലും കുടുംബവും വെള്ളിയാഴ്ച പുലർച്ചെ നാട്ടിലെത്തിയപ്പോൾ ഇഫത്തിന്റെ മരണവാർത്തയാണ് കാത്തിരുന്നത്.