കുട്ടി ഉറങ്ങാത്തതിന് മുഖത്തടിച്ചു,  കര്‍ണപുടം പൊട്ടി; ആയ അറസ്റ്റില്‍

തൃപ്പുണിത്തുറ- 10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച കേസില്‍ ആയയെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു പരിചരിക്കാനെത്തിയ സാലി ഉപദ്രവിച്ചത്. കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം.
ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ സാലി കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം കണ്ടതിനെ തുടര്‍ന്ന് അന്നുതന്നെ ഇവരെ ജോലിയില്‍നിന്നു പറഞ്ഞുവിട്ടു. എന്നാല്‍ കുട്ടിയുടെ ചെവിയില്‍നിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയശേഷം പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കര്‍ണപുടത്തിനു പരുക്കുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

 

Latest News