ന്യൂദല്‍ഹി- ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് സിബിഎസ്ഇ തീരുമാനം. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ഒത്തു നോക്കിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ഇതു സംബന്ധിച്ച സിബിഎസ്ഇ അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കണക്ക് പരീക്ഷ നടത്തുമോയെന്ന കാര്യത്തില്‍ ഏപ്രില്‍ 16 നകം വ്യക്തത വരുത്തണമെന്ന് സിബിഎസ്ഇയോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ആവശ്യമാണെങ്കി കണക്ക് പരീക്ഷ ജൂലൈയില്‍ നടത്തുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരുന്നത്.
പുതിയ തീരുമാനം 14 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും.
പത്താം ക്ലാസ് കണക്കിന്റേയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സിന്റേയും സിബിഎസ്ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേരെ പോലീസ് പിടികൂടിയിരുന്നു. ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. എ.ബി.വി.പി ചത്ര ജില്ലാ കോഓര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായ എ.ബി.വി.പി നേതാവ്.






