Sorry, you need to enable JavaScript to visit this website.

അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയവർ മാപ്പ് പറയണം -പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം- അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയവർ മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് ഹരജി നൽകിയെന്ന് ആരോപിച്ച് അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയത് കോടിയേരി ബാലകൃഷ്ണും ഇ.പി. ജയരാജനും ആന്റണി രാജുവും എം.എം. മണിയുമാണ്. അവർ മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണം. അന്വേഷണം ശരിയായ രീതിയിൽ പോകണം. 
കോടതിയുടെ കൃത്യമായ ഇടപെടൽ കൊണ്ട് മാത്രമാണ് പി.സി. ജോർജ് ഇപ്പോൾ ജയിലിലായതെന്നും സതീശൻ പറഞ്ഞു. ജോർജിന് വീരപരിവേഷം നൽകി, പൂക്കൾ വിതറി സ്വീകരിക്കാൻ സംഘപരിവാർ സംഘടനകൾക്ക് അവസരം നൽകിയതു സർക്കാരാണ്. തൃക്കാക്കരയിൽ എല്ലാ വർഗീയവാദികളെയും കാണാൻ മന്ത്രിമാരെ നിയോഗിച്ചിരിക്കുകയാണ്. ജയിക്കില്ലെന്ന് അവർക്ക് ഉറപ്പാണെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് ശ്രമം. 20 മന്ത്രിമാരാണ് ഒരു മാസമായി വർഗീയവാദികളുടെ പിന്നാലെ നടക്കുന്നത്. മതേതരവാദികളുടെ വോട്ട് കൊണ്ട് ജയിക്കാൻ പറ്റുമോയെന്നാണ് യു.ഡി.എഫ് നോക്കുന്നത്.

പി.ഡി.പി വർഗീയകക്ഷി അല്ലെന്നാണ് കോടിയേരി ഇപ്പോൾ പറയുന്നത്. 25 വർഷമായി ജമാഅത്ത് ഇസ്‌ലാമിയുടെ പിന്തുണ സി.പി.എമ്മിനായിരുന്നു. ഇത്തവണ പിന്തുണ നൽകാതെ വന്നതോടെ അവർ വർഗീയവാദികളായി.
രണ്ട് കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന് പ്രകടനം നടത്താൻ അനുമതി കൊടുക്കാൻ മുകളിൽ നിന്ന് ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പ്രകടനത്തിന് അനുമതി നൽകിയ എസ്.പിയുടെയും ജില്ലാ കലക്ടറുടെയും നടപടിയെ കുറിച്ചും അന്വേഷിക്കണം. പാലക്കാട് സമാധാന സത്യഗ്രഹം നടത്താൻ കെ.പി.സി.സി അനുമതി ചോദിച്ച് നൽകിയില്ല. അങ്ങനെയുള്ള സർക്കാരാണ് കൊലവിളി മുദ്രാവാക്യം വിളിക്കാൻ പോപ്പുലർ ഫ്രണ്ടിനെ അനുവദിച്ചതെന്നും സതീശൻ പറഞ്ഞു.

Latest News