Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ആരാധനാലയങ്ങൾക്കെതിരായ നീക്കങ്ങളെ ചെറുക്കുക- പോപുലർ ഫ്രണ്ട്

കോഴിക്കോട്- രാജ്യത്തെ പള്ളികൾക്കും മുസ്‌ലിം ആരാധനാലയങ്ങൾക്കും എതിരായ നീക്കങ്ങൾ ചെറുക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ പാസാക്കിയ പ്രമേയം  ആഹ്വാനം ചെയ്തു.
ഗ്യാൻവാപി മസ്ജിദിനും മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനും എതിരെ അവകാശവാദം ഉന്നയിച്ച് സംഘപരിവാർ സംഘടനകൾ അടുത്തിടെ നൽകിയ ദുരുദ്ദേശ്യപരമായ ഹരജികൾ 1991ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിന് വിരുദ്ധമാണ്. കോടതികൾ അവ പരിഗണിക്കാൻ പാടില്ലായിരുന്നുവെന്നും യോഗം വിലയിരുത്തി.  സംഘപരിവാരത്തിന്റെ പൊള്ളയായ വാദങ്ങൾ ഏറ്റുപിടിച്ച് ഗ്യാൻവാപി മസ്ജിദിൽ അംഗശുദ്ധി വരുത്തുന്ന ഹൗള് ഉപയോഗിക്കുന്നതിൽ മുസ്‌ലിംകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സുപ്രീം കോടതി അംഗീകരിച്ചത് നിരാശാജനകമാണ്. വസ്തുതകളും തെളിവുകളും സഹിതം ഇത്തരം അവകാശവാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ പോലും കോടതികൾ മെനക്കെടാത്ത സാഹചര്യത്തിൽ രാജ്യത്തെവിടെയും ആർക്കും ഏത് ആരാധനാലയത്തെക്കുറിച്ചും സമാന അവകാശവാദങ്ങൾ ഉന്നയിക്കാമെന്ന നിലയിലെത്തി. 
ഇത്തരം അവസരങ്ങൾ മുതലെടുത്ത് വർഗീയവാദികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പള്ളികൾ ലക്ഷ്യമിടുകയാണ്. കർണാടകയിലെ മംഗലാപുരത്ത് ജുമാ മസ്ജിദിന്റെ മേലുള്ള അവകാശവാദമാണ് ഏറ്റവും പുതിയ ഉദാഹരണം. ഇത്തരം കടന്നുകയറ്റങ്ങൾ വർഗീയ വിദ്വേഷത്തിനും നീതിവ്യവസ്ഥയോടുള്ള അവിശ്വാസത്തിനും ഇടയാക്കും. ആരാധനാലയ നിയമത്തോട് നീതി പുലർത്താനും രാജ്യത്തെ ആരാധനാലയങ്ങൾ കൈവശപ്പെടാത്താൻ ശ്രമിക്കുന്ന വർഗീയപ്രേരിതമായ ഹരജികൾ അവസാനിപ്പിക്കാനും കോടതികൾ തയ്യാറാവണം. മുസ്‌ലിം ആരാധനാലയങ്ങൾ പിടിച്ചടക്കാനുള്ള ഹിന്ദുത്വ നീക്കങ്ങളെ ചെറുക്കാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന നിയമവിരുദ്ധമായ രീതികൾ രാജ്യത്തെ നിയമവാഴ്ചയ്ക്ക് ഭീഷണിയാണെന്ന് മറ്റൊരു പ്രമേയം ചൂണ്ടിക്കാട്ടി. യോഗിയുടെ ഉത്തർപ്രദേശിൽ പതിവായിരുന്ന ഏറ്റുമുട്ടലുകൾ, ബുൾഡോസർ രാജിലൂടെ സ്വത്തുവകകൾ ഇടിച്ചുനിരത്തൽ, കസ്റ്റഡി കൊലപാതകങ്ങൾ എന്നിവ ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായി. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ അസം പോലിസ് അടുത്തിടെ വെടിവെച്ചുകൊന്നു. 
രാമനവമി റാലികളുടെ പേരിലുള്ള ഹിന്ദുത്വ അക്രമത്തിന്റെ മറവിൽ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ മുസ്‌ലിം സമുദായത്തെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. മധ്യപ്രദേശ്, അസം, ദൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ മുസ്‌ലിം സ്വത്തുക്കൾ ബുൾഡോസർ ചെയ്തു. നിയമാനുസൃത നടപടിക്രമങ്ങളോടുള്ള ബി.ജെ.പിയുടെ വർധിച്ചുവരുന്ന അവഗണനയുടെ തെളിവാണിത്. ഇത് ആത്യന്തികമായി നിയമലംഘനത്തിലേക്ക് നയിക്കും. 
ഏതെങ്കിലും കുറ്റകൃത്യം നടന്നാൽ പോലും ഒരു പോലീസിനും ജില്ലാ ഭരണകൂടത്തിനും പൗരന്മാരെ ഏതു വിധേനയും ശിക്ഷിക്കാൻ അധികാരമില്ല. ആരെങ്കിലും കുറ്റക്കാരനാണെങ്കിൽ എന്ത് ശിക്ഷ നൽകണമെന്ന് തീരുമാനിക്കേണ്ടത് കോടതികളുടെ കടമയാണ്. ക്രൂരമായ നിയമവിരുദ്ധ നടപടികൾ തടയാൻ കോടതികൾ ഇടപെടാത്തത് തികച്ചും ദൗർഭാഗ്യകരമാണ്. ഇത്തരം അനീതിക്കെതിരെ മനസ്സാക്ഷിയുള്ള പൗരന്മാർ ശബ്ദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

Latest News