ദലിതുകളെ ഇളക്കിയത് ബി.എസ്.പിയെന്ന് പോലീസ്; മുന്‍ എം.എല്‍.എ അറസ്റ്റില്‍ 

ന്യൂദല്‍ഹി- ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത്ബന്ദില്‍  ഉത്തര്‍പ്രദേശിലുണ്ടായ അക്രമങ്ങളുടെ പേരില്‍ ബി.എസ്.പി നേതാവും മുന്‍ എം.എല്‍.എയുമായ യോഗേഷ് വര്‍മ അറസ്റ്റില്‍. യു.പിയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ദലിത് അക്രമത്തിനു പിന്നില്‍ ബി.എസ്.പി നേതാവ് മായാവതിയാണെന്ന് പോലീസും ബി.ജെ.പി നേതാക്കളും ആരോപിക്കന്നു. 
സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന് മായാവതി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തിരുന്നു.
മീറത്തിലെ ഹസ്തിനപുര്‍ മുന്‍ എം.എല്‍.എയാണ് അറസ്റ്റിലായ യോഗേഷ് വര്‍മ. ഉത്തര്‍പ്രദേശില്‍ കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ ഇദ്ദേഹമാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മന്‍സില്‍ സൈനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 
ഭാരത് ബന്ദില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തി അക്രമത്തില്‍ കലാശിച്ചിരുന്നു. യു.പിയില്‍ മീറത്തിലായിരുന്നു സംഘര്‍ഷം. മീറത്തിലും മുസഫര്‍പൂരിലുമായാണ് രണ്ടു പേര്‍ മരിച്ചത്. 40-ലേറെ പോലീസുകാരടക്കം നിരവധി പേര്‍ക്ക്  ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പ്രതിഷേധക്കാരില്‍ 200-ലേറെ പേര്‍ അറസ്റ്റിലാണ്. ഇവര്‍ക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിന് എല്ലാ സ്വാതന്ത്ര്യവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാര്‍ക്കു നല്‍കിയിരുന്നു. 
പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെയായിരുന്നു ദലിത് സംഘടനകളുടെ പ്രതിഷേധം.  വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍തന്നെ നിലനില്‍ക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ലെന്നും ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 

Latest News