തിരുവനന്തപുരം- മതവിദ്വേഷ പ്രസംഗ കേസിൽ കോടതി റിമാൻഡ് ചെയ്ത മുൻ എംഎൽഎ പി.സി.ജോർജിനെ ജില്ലാ ജയിലിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലേക്കു മാറ്റി. സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണു ജില്ലാ ജയിലിൽനിന്ന് തൊട്ടടുത്തുള്ള സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ജില്ലാ ജയിലിൽ ഡോക്ടറുടെ സേവനവും ലഭ്യമല്ല.
രാവിലെ 10 മണിയോടെയാണ് പി.സി.ജോർജിനെ ജില്ലാ ജയിലിലെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മറ്റു തടവുകാരോടൊപ്പം അഡ്മിഷൻ സെല്ലിലാക്കി. ഉച്ചയ്ക്കു ജയിൽ ഭക്ഷണമാണ് നൽകിയത്. ചോറ്, സാമ്പാർ, അവിയല്‍, തൈര് എന്നിവയാണ് വ്യാഴാഴ്ച ജയിലിലെ ഉച്ച ഭക്ഷണം. വൈകിട്ടു ചായ നൽകി. ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പി.സി.ജോർജിനു നൽകുമെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ട് പറഞ്ഞു.
തിരുവനന്തപുരത്തെ ഹിന്ദുമഹാ സമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് പി.സി.ജോർജിനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹരജി നാളെ പരിഗണിക്കുന്നതിനായി മാറ്റി.