Sorry, you need to enable JavaScript to visit this website.

ചൈനയിലെ ലോക്ഡൗൺ ആപ്പിളിന് ആഘാതമായി

  • പുതിയ ഫോണുകളെ ബാധിച്ചു 


ചൈനയിൽ ഏർപ്പെടുത്തിയ കോവിഡ് ലോക്ഡൗണുകൾ ഈ വർഷം വരാനിരിക്കുന്ന ആപ്പിളിന്റെ മുൻനിര ഐഫോണുകളിലൊന്നിന്റെയെങ്കിലും വികസനത്തെ തടസ്സപ്പെടുത്തുമെന്ന് റിപ്പോർട്ട്. നഷ്ടപ്പെട്ട സമയം നികത്തുന്നതിന് വികസന ശ്രമങ്ങൾ വേഗത്തിലാക്കാൻ വിതരണക്കാരോട് ആവശ്യപ്പെട്ടിരിക്കയാണ് കമ്പനി.  പുതിയ ഫോണുകളുടെ നിർമാണ ഷെഡ്യൂളിനെയും പ്രാരംഭ ഉൽപാദനത്തെയും ചൈനയിലെ അടച്ചിടലുകൾ ബാധിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. 
ചൈനയുടെ കർശനമായ സീറോ കോവിഡ് നയത്തിന്റെ ഭാഗമായി മാർച്ച് അവസാനത്തോടെ ഷാങ്ഹായിലും പരിസരത്തും ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ചൈനീസ് അധികൃതർ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും വിതരണ ശൃംഖലയിലെ ആഘാതം നീണ്ടുനിൽക്കുകയാണ്. കോവിഡ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ അടച്ചിട്ട് ഉടൻ തന്നെ പരിശോധനകളും നിരീക്ഷണങ്ങളും വ്യാപിപ്പിക്കുകയെന്നതാണ് ചൈനയുടെ സീറോ കോവിഡ് നയം.  
നഷ്ടപ്പെട്ട സമയം നികത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും ആപ്പിളും അതിന്റെ വിതരണക്കാരും പുതിയ ഡിവൈസുകളുടെ വികസനം വേഗത്തിലാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ആപ്പിളിന് ഘടകങ്ങൾ നൽകുന്ന കമ്പനിയുടെ  എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ചൈനയിലെ കോവിഡ്  ലോക്ഡൗണുകൾ ഏപ്രിൽ-ജൂൺ പാദത്തിൽ ആപ്പിൾ കമ്പനിയുടെ വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ഷാങ്ഹായ് ലോക്ഡൗൺ കാരണം വിൽപനയിൽ എട്ട് ബില്യൺ ഡോളറിന്റെ കുറവുണ്ടാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്. 
ഐഫോൺ 14, 14 പ്രോ, 14 മാക്‌സ്, 14 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പുതിയ ഐഫോൺ മോഡലുകളാണ് കമ്പനി ഈ വർഷം ഒരുക്കുന്നത്.
ഐഫോൺ 14, പ്രോ മോഡലുകൾ 6.1 ഇഞ്ച് സ്‌ക്രീനുകളോടെയും മാക്‌സ്, പ്രോ മാക്‌സ് മോഡലുകളിൽ 6.7 ഇഞ്ച് സ്‌ക്രീനുകളുമായാണ് എത്തുന്നത്.
ഈ വർഷം 5.4 ഇഞ്ച് ഐഫോൺ മിനി നിർത്തലാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ നാല് പുതിയ ഫോണുകൾ വികസനത്തിന്റെ എൻജിനീയറിംഗ് വെരിഫിക്കേഷൻ ടെസ്റ്റ് ഘട്ടത്തിലാണ്. 
 നാല് മുതൽ എട്ട് ബില്യൺ ഡോളർ വരെയാണ് കുറവ് കണക്കാക്കുന്നതെന്നും പ്രധാനമായും ഷാങ്ഹായ് ഇടനാഴിയെ കേന്ദ്രീകരിച്ചാണ് ഇതെന്നും ആപ്പിൾ സി.ഇ.ഒ ടിം കുക്ക് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ചൈനയിലെ ഉപഭോക്തൃ ഡിമാൻഡിലും പ്രത്യാഘാതമുണ്ടാക്കിയതായി ആപ്പിൾ സി.എഫ്.ഒ ലൂക്ക മേസ്ട്രി പറയുന്നു.

Latest News