Sorry, you need to enable JavaScript to visit this website.

സാംസങ് 356 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കുന്നു

  • 80,000 പുതിയ ജോലികൾ 

വിവിധ മേഖലകളിലായി 356 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഗ്രൂപ്പ്. സെമികണ്ടക്ടേഴ്‌സ് മുതൽ ബയോളജിക്‌സ് വരെയുള്ള വ്യത്യസ്ത മേഖലകളിൽ മുൻനിരക്കാരനാകാൻ ലക്ഷ്യമിട്ടാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ മാർഗരേഖ കമ്പനി പുറത്തിറക്കിയത്. 
കഴിഞ്ഞ അഞ്ച് വർഷമായി ചെലവഴിച്ച നിക്ഷേപത്തേക്കാൾ മൂന്നിലൊന്ന് വർധനയാണ് വരുത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വ്യാവസായിക കുത്തകയാണ് സാംസങ്. രാജ്യത്തെ ദേശീയ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ചിലൊന്ന് വരും കമ്പനിയുടെ മൊത്തത്തിലുള്ള വിറ്റുവരവ്. മുൻനിര ഉപസ്ഥാപനമായ സാംസങ് ഇലക്‌ട്രോണിക്‌സ് ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമാതാക്കളാണ്.
നിക്ഷേപ പദ്ധതി തന്ത്രപ്രധാനമായ ബിസിനസുകളിൽ ദീർഘകാല വളർച്ച കൊണ്ടുവരുമെന്നും ആഗോള തലത്തിൽ നിർണായക സാങ്കേതിക വിദ്യയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും സാംസങ് പ്രസ്താവനയിൽ പറഞ്ഞു. 2026 ഓടെ 80,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സെമികണ്ടക്ടടേഴ്‌സും ബയോഫാർമസ്യൂട്ടിക്കൽസും ഉൾപ്പെടെയുള്ള പ്രധാന ബിസിനസുകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. 
ത്രീ നാനോമീറ്റർ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ള ചിപ്പുകളുടെ വൻതോതിലുള്ള ഉൽപാദനം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ നിക്ഷേപം സഹായകമാകും. അർധചാലകങ്ങളുടെ വലിപ്പം കൂടുതൽ ചുരുക്കുന്നതിനും കംപ്യൂട്ടിംഗ് ശക്തി വർധിപ്പിക്കുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തും. സാംസങ് ബയോളജിക്‌സ്, സാംസങ് ബയോപിസ് എന്നിവയുമായി ചേർന്ന് ബയോഫാർമസ്യൂട്ടിക്കൽസിലും വൻതോതിൽ നിക്ഷേപം നടത്തും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ മൊത്തം നിക്ഷേപത്തേക്കാൾ 36 ശതമാനം വർധനയാണ് പുതിയ പ്ലാനിലുള്ളത്. മൈക്രോചിപ്പുകളുടെ ആഗോള വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിൽ ദക്ഷിണ കൊറിയൻ ഭീമന്റെ പങ്കിനെ അടിവരയിട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം സാംസങ് ഇലക്‌ട്രോണിക്‌സിന്റെ കൂറ്റൻ അർധചാലക ഫാക്ടറി സന്ദർശിച്ചിരുന്നു.  
വിതരണ ശൃംഖലയെ വിശ്വസനീയവും സുരക്ഷിതവുമായി നിലനിർത്താൻ ദക്ഷിണ കൊറിയയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ബൈഡൻ അർധചാലകങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണെന്നും പറഞ്ഞു.
ബൈഡനെയും പുതുതായി സത്യപ്രതിജ്ഞ ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്‌യോളിനെയും സ്ഥാപനത്തിന്റെ വൈസ് ചെയർമാൻ ലീ ജേയോങ് കമ്പനിക്കകത്ത് കൊണ്ടുപോകുകയും ഇരുവരെയും ഇംഗ്ലീഷിൽ പരിചയപ്പെടുത്തുകയും ചെയ്തു. ഓഗസ്റ്റിൽ പരോളിൽ പുറത്തിറങ്ങിയതിന് ശേഷം ലീയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള പൊതുപ്രവേശനമായിരുന്നു ഇത്. മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക്ക് ഗ്യൂൻഹെയെ താഴെയിറക്കിയ അഴിമതിയുമായി ബന്ധപ്പെട്ട് കൈക്കൂലി, തട്ടിപ്പ്, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് രണ്ടര വർഷത്തെ തടവിന്റെ പകുതിയിലധികം അദ്ദേഹം അനുഭവിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും നൂതനമായ മൈക്രോചിപ്പുകളിൽ ബഹുഭൂരിഭാഗവും നിർമിച്ചിരിക്കുന്നത് വെറും രണ്ട് കമ്പനികളാണ്. സാംസങും തായ്‌വാനിലെ ടി.എസ്.എം.സിയും.  ചിപ്പുകളുടെ  ആഗോള ക്ഷാമം പരിഹരിക്കുന്നതിനായി ഇവ രണ്ടും പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്.
അമേരിക്കയും ചൈനയും ജപ്പാനും യൂറോപ്യൻ രാജ്യങ്ങളുമൊക്കെ സ്വന്തം മണ്ണിൽ സെമികണ്ടക്ടേഴ്‌സ് പ്ലാന്റുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ്. സാംസങ് അമേരിക്കയിൽ ഏകദേശം 20,000 പേർക്ക് ജോലി നൽകുന്നുണ്ട്. ടെക്‌സാസിൽ പുതിയ അർധചാലക പ്ലാന്റ് നിർമിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2024 ൽ ഇതു തുറക്കാനാണ് പരിപാടി.

Latest News