Sorry, you need to enable JavaScript to visit this website.

തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നവർ

കേരളത്തിലെ ഇപ്പോഴത്തെ അപകടകരമായ സാഹചര്യത്തിന് സംസ്ഥാന സർക്കാരിനും മുഖ്യധാരാ രാഷ്ട്രീയ കക്ഷിക്കൾക്കും വലിയ പങ്കുണ്ടെന്നതും കാണാതിരുന്നുകൂടാ. വർഗീയ പ്രകോപനമുണ്ടാക്കുന്ന ആരെയും തൊടേണ്ടെന്ന നിലപാടാണ് കേരള സർക്കാരിനും പോലീസിനും. കേസെടുത്താൽ പോലും പ്രതിക്ക് പെട്ടെന്ന് ജാമ്യം കിട്ടാനുള്ള സൗകര്യം പോലീസ് തന്നെ ഒരുക്കിക്കൊടുക്കും. പരസ്പരം എണ്ണം തികച്ചുകൊണ്ട് കൊലപാതകങ്ങൾ അടിക്കടി നടക്കുമ്പോഴും പോലീസ് നിസ്സഹായാവസ്ഥയിലാണ്. പ്രതികളെ പിടിക്കാൻ കേരള പോലീസിന് കഴിയാത്തതല്ല, അവരുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതേ നിസ്സഹായാവസ്ഥ അഭിനയിക്കുകയാണ് സി.പി.എമ്മും കോൺഗ്രസുമടക്കമുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികളും. 

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തനിടെ പത്ത് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി ഒരാളുടെ തോളിലിരുന്ന് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം തൊണ്ട പൊട്ടും വിധം വിളിച്ചുകൊടുക്കുന്നതും ആളുകൾ അതേറ്റുവിളിക്കുന്നതുമാണ് കേരളത്തിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. പരോക്ഷമായിട്ടാണെങ്കിലും മുസ്‌ലിം ഇതര മതസ്ഥരെ വെല്ലുവിളിക്കും വിധമുള്ള മുദ്രാവാക്യങ്ങളായിരുന്നു അവയെന്ന കാര്യത്തിൽ തർക്കമില്ല. മുൻ എം.എൽ.എ പി.സി. ജോർജ് തിരുവനന്തപുരത്ത് ഹിന്ദു മത സമ്മേളനത്തിലും പിന്നീട് എറണാകുളം ജില്ലയിലെ വെണ്ണലയിലും മുസ്‌ലിംകളെ ലാക്കാക്കി അസത്യങ്ങൾ നിറഞ്ഞ വർഗീയ ആക്ഷേപങ്ങൾ നടത്തിയതിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് എരിതീയിൽ എണ്ണയൊഴിക്കുംപോലെ ആലപ്പുഴ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിന്റെ പേരിൽ കുട്ടിയുടെ മാതാപിതാക്കളടക്കം ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പി.സി. ജോർജിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള 'ജാഗ്രത' പോലീസ് കാട്ടി. കോടതിയിൽനിന്ന് വീണ്ടും ജാമ്യം കിട്ടിയതോടെ ജോർജ് അറസ്റ്റിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഏതാനും വർഷങ്ങളായി കേരളീയ സമൂഹത്തിൽ കനം തൂങ്ങിനിൽക്കുന്ന വർഗീയ പിരിമുറുക്കത്തിന് ആക്കം കൂട്ടുന്ന സംഭവങ്ങളാണ് അടുത്ത കാലത്ത് തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ്, ഹലാൽ ഭക്ഷണം, ബാങ്ക് വിളി... ഒന്നിനുപിറകെ ഒന്നായി വിഷയങ്ങൾ തൽപരകക്ഷികൾ കുത്തിപ്പൊക്കുന്നു. അതിന്റെ പേരിൽ പരസ്പരം പോർവിളികൾ നടക്കുന്നു. ആലപ്പുഴയിലും അതിനുമുമ്പ് തലശ്ശേരിയിലുമെല്ലാം അത്യന്തം പ്രകോപനപരമായ വെല്ലുവിളി മുദ്രാവാക്യങ്ങൾ ഉയരുന്നു. സോഷ്യൽ മീഡിയ തുറക്കാൻ വയ്യാത്ത അവസ്ഥയാണ്. ആളുകൾ ഒരു സങ്കോചവുമില്ലാതെ പച്ചക്ക് വർഗീയത പുലമ്പുന്നു, ആക്രോശിക്കുന്നു. ഒരു തെളിവുമില്ലാതെ ഇതര സമൂഹങ്ങൾക്കുമേൽ ആരോപണങ്ങൾ ഉന്നയിക്കുന്നു. അധിക്ഷേപങ്ങളും പരിഹാസങ്ങളും ചൊരിയുന്നു. ഇത് കേരളീയ സമൂഹത്തിൽ വല്ലാത്തൊരു അസ്വസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ കുറേയൊക്കെ അവഗണിക്കുന്നുണ്ടെങ്കിലും സമൂഹത്തിൽ ഉരുണ്ടുകൂടി നിൽക്കുന്ന സംഘർഷം ഓരോ ദിവസവും രൂക്ഷമാവുകയാണ്. ഒരു തീപ്പൊരി വീണാൽ ഏതു നിമിഷവും എന്തും സംഭവിച്ചേക്കാമെന്ന ഭയമാണ് സമാധാന കാംക്ഷികളായ ജനങ്ങൾക്ക്.
പൊതുവെ മതസൗഹാർദത്തിനും ഇതര മത ബഹുമാനത്തിനും പേര് കേട്ട കേരളത്തിന് തീർത്തും അന്യമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. മലയാളികൾ പൊതുവെ സമാധാനപ്രിയരാണ്. ആ ഒരു ഗുണം ഇങ്ങ് ഗൾഫിലും മലയാളികൾക്ക് വലിയ അനുഗ്രഹമായിട്ടുമുണ്ട്. സ്വന്തം മതത്തിൽ വിശ്വസിക്കുമ്പോൾ തന്നെ മറ്റു മതസ്ഥരോട് സ്‌നേഹത്തിലും സൗഹാർദത്തിലും കഴിയുന്നതും അവരുടെ ആഘോഷങ്ങളിൽ പങ്കാളികളാവുന്നതുമെല്ലാം നമുക്ക് സാധാരണ കാര്യങ്ങൾ. ജാതിക്കും മതത്തിനുമപ്പുറം പരസ്പരം സ്‌നേഹിച്ചും സഹകരിച്ചുമൊക്കെയാണ് കേരളത്തിലെ മിക്കവാറും ഗ്രാമങ്ങളിൽ ഇപ്പോഴും ജനങ്ങൾ കഴിയുന്നത്.
എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ബാന്ധവം അയഞ്ഞുവരികയാണെന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. വർഗീയ സംഘർഷവും കൊലപാതകങ്ങളും മുമ്പും കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. എന്നാൽ വിവിധ സമുദായങ്ങൾ തമ്മിൽ പരസ്യമായ ചേരിതിരിവും പോർവിളിയും ഉണ്ടായിട്ടില്ല. അതിന്റെ കാരണമെന്ത്, എന്നു മുതലാണ് കേരളീയ സമൂഹത്തിൽ മതപരമായ ശത്രുതയും പകയും വളർന്നുതുടങ്ങിയത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുക പ്രയാസം. കാരണങ്ങൾ പലതുണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാണ്. ഈയൊരു അകൽച്ച സ്വാഭാവികമായി സംഭവിച്ചതല്ല, ചിലർ സമൂഹത്തിൽ ബോധപൂർവം വിഷം കുത്തിവെക്കുന്നതുകൊണ്ട് വളർന്നുവന്നതാണ്. അത്തരം ഗൂഢനീക്കങ്ങളുടെ പ്രഭവ കേന്ദ്രം ഒരുപക്ഷേ കേരളം ആകണമെന്നു പോലുമില്ല. ഏറിയും കുറഞ്ഞും എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരും വിഷം വമിപ്പിക്കുന്നതിൽ തങ്ങളുടേതായ പങ്ക് വഹിക്കുന്നുമുണ്ട്. തീക്കൊള്ളി തല ചൊറിയുന്നവർ.
ഈയൊരവസ്ഥ കേരളത്തെ മഹാദുരന്തത്തിലേക്ക് കൊണ്ടുപോകുമെന്ന് ചിന്തിക്കുന്നവരാണ് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളും. എന്നാൽ ഇതിൽനിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് എന്നതാണ് ദുരന്തം. ഇക്കാര്യത്തിൽ ഒന്നാം പ്രതികൾ രാഷ്ട്രീയക്കാർ തന്നെ. തന്റെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഏതറ്റം വരെയും താഴുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പി.സി. ജോർജ്. സമൂഹത്തിൽ ഭിന്നത വളർത്തി അധികാരം പിടിക്കുന്നതിലും നിലനിർത്തുന്നതിലും വിജയിച്ച ബി.ജെ.പിക്കും ആർ.എസ്.എസിനും ഇപ്പോൾ പി.സി. ജോർജ് ഇഷ്ട നേതാവായത് സ്വാഭാവികം. പൊതുവെ വിവേകമതികളും വിദ്യാസമ്പന്നരുമായ ക്രൈസ്തവ സഭാ നേതാക്കളിലും വൈദികരിലും പെട്ട ചിലർ തങ്ങളുടെ സ്വതഃസിദ്ധമായ സംയമനവും സഹിഷ്ണുതയും കാറ്റിൽ പറത്തി സമൂഹത്തിൽ ഛിദ്രത വളർത്തുന്നവർക്കൊപ്പം കൂടുന്നു. ഇത്തരക്കാർക്ക് തങ്ങളുടെ വാദങ്ങളെ ന്യായീകരിക്കാൻ പാകത്തിൽ മറുഭാഗത്ത് മുസ്‌ലിംകളിൽനിന്നും പ്രകോപനങ്ങളുയരുന്നു. ഒരു കൈ കൊണ്ട് മാത്രം അടിച്ചാൽ ശബ്ദം കേൾക്കില്ലല്ലോ.
കേരളത്തിലെ ഇപ്പോഴത്തെ അപകടകരമായ സാഹചര്യത്തിന് സംസ്ഥാന സർക്കാരിനും മുഖ്യധാരാ രാഷ്ട്രീയ കക്ഷിക്കൾക്കും വലിയ പങ്കുണ്ടെന്നതും കാണാതിരുന്നുകൂടാ. വർഗീയ പ്രകോപനമുണ്ടാക്കുന്ന ആരെയും തൊടേണ്ടെന്ന നിലപാടാണ് കേരള സർക്കാരിനും പോലീസിനും. കേസെടുത്താൽ പോലും പ്രതിക്ക് പെട്ടെന്ന് ജാമ്യം കിട്ടാനുള്ള സൗകര്യം പോലീസ് തന്നെ ഒരുക്കിക്കൊടുക്കും. പരസ്പരം എണ്ണം തികച്ചുകൊണ്ട് കൊലപാതകങ്ങൾ അടിക്കടി നടക്കുമ്പോഴും പോലീസ് നിസ്സഹായാവസ്ഥയിലാണ്. പ്രതികളെ പിടിക്കാൻ കേരള പോലീസിന് കഴിയാത്തതല്ല, അവരുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതേ നിസ്സഹായാവസ്ഥ അഭിനയിക്കുകയാണ് സി.പി.എമ്മും കോൺഗ്രസുമടക്കമുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികളും. തങ്ങളുടെ രാഷ്ട്രീയ ലാഭം മാത്രം നോക്കി സെലക്ടീവായാണ് ഓരോ വിഷയത്തിലും നേതാക്കളുടെ പ്രതികരണങ്ങൾ. സമൂഹത്തെ ശിഥിലീകരിക്കുന്ന അജണ്ടകളുമായി രംഗത്തുവരുന്നവരെ തുറന്നുകാട്ടാനും താൽക്കാലിക തിരിച്ചടികൾ വകവെക്കാതെ അത്തരക്കാർക്കെതിരെ ഉറച്ച നിലപാടെടുക്കാനും ഒരു മുഖ്യധാരാ രാഷ്ട്രീയ കക്ഷിക്കും കഴിയുന്നില്ല.
ഇതൊക്കെയാണെങ്കിലും ഇപ്പോഴും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വർഗീയവൽക്കരിക്കപ്പെട്ടിട്ടില്ല എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. എല്ലാ സമുദായത്തിലും പെട്ട മലയാളികൾ പൊതുവെ സമാധാനവും സഹിഷ്ണുതയും ആഗ്രഹിക്കുന്നവരാണ്. വർഗീയ ശക്തികളുടെ കുതന്ത്രങ്ങൾ തിരിച്ചറിയാനുള്ള വിവേകവും അവർക്കുണ്ട്. സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കുന്ന പ്രവർത്തനം സ്വന്തം സമുദായത്തിൽനിന്ന് ഉണ്ടായാലും അവർ തിരിച്ചറിയും. പക്ഷേ ഇരുട്ടിന്റെ ശക്തികൾ തങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും. അവരെ ഒറ്റപ്പെടുത്താനും നാട്ടിൽ സമാധാനന്തരീക്ഷം ഉറപ്പു വരുത്താനും സർക്കാരിനും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. വിഷം തുപ്പുന്ന പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും നടത്തുന്നവർ ഏത് വിഭാഗക്കാരായാലും കർക്കശമായി തന്നെ നേരിടുകയാണ് സർക്കാരും പോലീസും ചെയ്യേണ്ടത്. സമൂഹത്തിൽ തീക്കൊളുത്തിയ ശേഷം കൂസലില്ലാതെ ഞെളിഞ്ഞു നടക്കാൻ ഒരുത്തനെയും അനുവദിക്കരുത്. ഒപ്പം നാടിന്റെ നന്മയെ കരുതി ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ സങ്കുചിത താൽപര്യം വെടിഞ്ഞ് ഒരുമിക്കുകയും വേണം. സമൂഹത്തിൽ വിഷം തുപ്പുന്നവർക്ക് ഇടം കൊടുക്കാതിരിക്കാൻ മാധ്യമങ്ങൾ, പ്രത്യേകിച്ച് ചാനലുകൾ ശ്രദ്ധിക്കണം.
അടിസ്ഥാനപരമായി നന്മയുള്ളവൻ തന്നെയാണ് മലയാളി. മഹാപ്രളയ കാലത്ത് ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച് രാജ്യത്തിനു തന്നെ മാതൃകയായവരാണ് നമ്മൾ. സമൂഹത്തിനിടയിൽ തീക്കൊളുത്തുന്ന ഛിദ്രശക്തികളാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഒറ്റക്കെട്ടായിനിന്ന് ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും.

Latest News