Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

ഇനിയും ഇതാവർത്തിക്കാതിരിക്കട്ടെ

അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരുവെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ എത്ര അനുഭവങ്ങളുണ്ടായാലും പഠിക്കില്ലെന്നയാലോ? പ്രവാസികൾ തിക്താനുഭവങ്ങളുടെ കലവറയാണ്. പലതരത്തിലുള്ള അനുഭവങ്ങളും അവർക്കുണ്ടായിട്ടുണ്ടാവാം. പലതും ജീവിതത്തിന്റെ താളം തെറ്റിക്കുന്ന കയ്‌പേറിയ അനുഭവങ്ങളുമാവാം. അതിൽനിന്നു പാഠം ഉൾക്കൊണ്ട് തിരുത്തലുകൾ നടത്തുന്നവർക്കാണ് മുന്നേറാൻ കഴിയുക. അങ്ങന ജീവിതത്തെ കെട്ടിപ്പടുത്ത് സമൂഹത്തിൽ മാന്യമായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള പ്രവാസികൾ നിരവധിയാണ്. എന്നാൽ എത്ര കയ്‌പേറിയ അനുഭവങ്ങളുണ്ടായാലും അതിൽനിന്ന് പാഠം ഉൾക്കൊള്ളാതെ കെണിയിൽ അകപ്പെടുകയും ജീവിതം തന്നെ ഹോമിക്കപ്പെടുന്നവരും അനവധിയാണ്. വരുമാനത്തിൽ കൂടുതൽ ചെലവഴിച്ചു ജീവിക്കാനുള്ള വ്യാമോഹവും മറ്റുള്ളവരുടെ മുൻപിൽ ധനാഢ്യനെന്നു വരുത്തി കാപട്യം നിറഞ്ഞ ജീവിതം നയിക്കാനുള്ള താൽപര്യവുമാണ് ഇത്തരക്കാരെ നയിക്കുന്നത്. കഷ്ടപ്പാടിൽനിന്ന് എളുപ്പം കരകയറാൻ വളഞ്ഞ വഴികൾ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നവരും എളുപ്പം കെണിയിൽ വീഴും. അങ്ങനെ കെണിയിൽ വീണ് ജീവിതം ഹോമിക്കപ്പെട്ടയാളാണ് പാലക്കാട് അഗളി സ്വദേശി അബ്ദുൽ ജലീൽ. പണമുണ്ടാക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത, മനുഷ്യ ജീവന് പുല്ലുവില കൽപിക്കാത്ത, നിയമത്തെ മാനിക്കാൻ തയാറാവാത്ത കശ്മലൻമാരുടെ ഇര. 
ജിദ്ദയിൽ ചെറിയ ശമ്പളത്തിന് വീട്ടു ഡ്രൈവറായി ജോലി ചെയ്തു കുടുംബത്തെ പോറ്റിയിരുന്ന അബ്ദുൽ ജലീൽ രണ്ടര വർഷത്തിനു ശേഷം കുടുംബാംഗങ്ങളെ കാണാനുള്ള അതിമോഹം ഉള്ളിലൊളിപ്പിച്ചാണ് അവധിക്കു പോകാൻ തീരുമാനിച്ചത്. സാമ്പത്തിക പരാധീനതയാവാം ജലീലിന്റെ നാട്ടിലേക്കുള്ള അവധി യാത്രയെ ദീർഘിപ്പിച്ചത്. ഇത്തരക്കാരെ കെണിയിലകപ്പെടുത്താൻ ചൂണ്ടയുമായി നടക്കുന്ന കള്ളക്കടത്തു സംഘാംഗങ്ങളുടെ ചൂണ്ടയിൽ ജലീൽ എളുപ്പം കൊത്തി. നാട്ടിൽ കഴിയുമ്പോൾ ചെലഴിക്കാൻ ആവശ്യമായി വരുന്ന സാമ്പത്തിക സഹായം, വിമാന ടിക്കറ്റ്, പിടിക്കപ്പെട്ടാൽ കേസിൽ അകപ്പെടാതെ പുറത്തിറക്കാമെന്ന വാഗ്ദാനം.....ഇത്രയുമായതോടെ ജലീൽ വീണു. കള്ളക്കടത്ത് ഏജന്റുമാരുടെ കെണിയിലകപ്പെട്ട് ജീവിതം നശിപ്പിക്കപ്പെട്ടവരുടെ കഥകളെല്ലാം ജലീൽ മറന്നു. പിന്നെയെല്ലാം പറഞ്ഞുതുപോലെ, ജലീൽ നാട്ടിലേക്കു പറന്നു. അതിനിടെ നടന്ന അന്തർനാടകങ്ങൾ അറിയാതെയായിരുന്നു യാത്ര. നാട്ടിലെത്തി 'സാധനം' കൈമാറുന്നതിൽ ജലീലിന് പിഴച്ചു. ജിദ്ദയിൽ ഉറപ്പിച്ച കരാർ പ്രകാരം കൈമാറേണ്ടവരുടെ കൈകളിലല്ല സ്വർണം എത്തിപ്പെട്ടത്. അവരുടെ കൈകളിൽ എത്തും മുൻപേ മറ്റു സംഘാംഗങ്ങൾ അതു കൈക്കലാക്കി സ്ഥലം വിട്ടു.  യഥാർത്ഥ അവകാശികൾ വെറും കൈയോടെ കിട്ടിയ ജലീനെ പിന്നെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. അതിനിടെ ജലീലിനെ കൂട്ടാനായി വിമനത്താവളത്തിലേക്കു വന്നിരുന്ന കുടുംബാംഗങ്ങൾക്ക് വരേണ്ടതില്ലെന്ന സന്ദേശം ലഭിച്ചു. ഇതോടെ ഇടക്കുവെച്ച് മടങ്ങിയപ്പോയ കുടുംബം ജലീനായി കാത്തിരുന്ന് സമയം ഏറെ കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ പോലീസിൽ പരാതിപ്പെട്ട് അന്വേഷണം തുടരുന്നതിനിടെയാണ് ജലീലിനെ ജീവഛവമായി അവർക്കു ലഭിച്ചത്. 
ജലീലിന്റെ അനുഭവം ഇനിയും ആർക്കും ഉണ്ടാവരുതേയെന്ന സന്ദേശവുമായുള്ള ബോധവൽക്കരണം വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തരം ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും അരുതെന്ന് പറഞ്ഞുള്ള ബോധൽക്കരണ സന്ദേശ പ്രവാഹം പതിവാണ്. പക്ഷേ നിമിഷ നേരം കൊണ്ട് നാമെല്ലാം അതു മറക്കും. ഇതറിഞ്ഞുകൊണ്ട് കള്ളക്കടത്തുകാർ വീണ്ടും വല വിരിക്കും. അതിൽ പ്രവാസികൾ വീണ്ടും വീഴും. 
അതു വർധിക്കുകയല്ലാതെ കുറയുന്നില്ലെന്നാണ് കേരളത്തിലെത്തുന്ന സ്വർണ കള്ളക്കടത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ വിമാനത്തവാളങ്ങളിൽനിന്ന് കഴിഞ്ഞ രണ്ടു വർഷത്തിനിടെ പിടിച്ചെടുത്തത് 1434.16 കിലോ സ്വർണമാണ്. ഇതിന് 650.63 കോടി രൂപ വില വരും. 
ഓരോ ദിവസവും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് നൂറ് കിലോയിലേറെ സ്വർണം കള്ളക്കടത്തായി എത്തുന്നുണ്ടെന്നാണ് പറയുന്നത്. സ്വർണക്കടത്തിനുള്ള തന്ത്രങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കും. 
സ്വർണം എത്രയുണ്ടെന്ന് കരിയർമാർ പോലും അറിയാത്ത വിധം അവരുടെ ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിലും അവർ കൊണ്ടുപോകുന്ന വസ്തുക്കളിലും അതിവിദഗ്ധമായി ഒളിപ്പിക്കാൻ പ്രാവീണ്യം നേടിയവർ കള്ളക്കടത്തുകാരുടെ സേവകരായി ഗൾഫ് രാജ്യങ്ങളിലുണ്ട്. പിടിക്കപ്പെടാത്ത വിധം രാസപദാർഥം കലർത്തിയ സ്വർണത്തരികളായും ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് വസ്തുക്കളുടെ ഉപകരണങ്ങളിലായുമെല്ലാം ആണ് കരിയർമാർ വശം സ്വർണം കടൽ കടക്കുന്നത്. പല കേസുകളിലും കസ്റ്റംസ് ഉദ്യോഗസ്ഥർ വരെ പങ്കാളികളായതിനാൽ പിടിക്കപ്പെടുന്നത് വിരളം മാത്രം. കള്ളക്കടത്തുകാർക്കിടയിലെ കുടിപ്പകയും ശത്രുതയുമാണ് ചിലപ്പോഴൊക്കെ തെരുവിലെ സംഘർഷത്തിനും തട്ടിക്കൊണ്ടുപോകലിനുമെല്ലാം ഇടയാക്കുന്നത്. ഇതിന്റെ ഇരകളായി അബ്ദുൽ ജലീലിനെപ്പോലുള്ള പ്രവാസികൾ അകപ്പെടുന്നുവെന്നു മാത്രം. 
ഇതിനൊരു അറുതി ഉണ്ടാവേണ്ടതില്ലേ. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടാതിരിക്കാൻ വെറും ബോധവൽക്കരണം കൊണ്ടു മാത്രം കാര്യമില്ല. നാം ഓരോരുത്തരും സ്വയം തിരിച്ചറിയുകയും ഇത്തരം കെണികളുമായി വരുന്നവരുടെ വലയിൽ അകപ്പെടാതിരിക്കാൻ ശ്രമിക്കുകയും വേണം. അതിന് ആദ്യം വേണ്ടത് അധ്വാനിച്ചു ജീവിക്കാനുള്ള മനസ്സും കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള ആസൂത്രണവുമാണ്. മറ്റുള്ളവർ കാട്ടിക്കൂട്ടുന്ന ആഡംബരങ്ങളിലേക്കും സുഖലോലുപതയിലേക്കുമായിരിക്കരുത് നമ്മുടെ കണ്ണുകൾ. പ്രവാസ ഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളോടും പിരിമുറുക്കത്തോടും പടവെട്ടി ജീവിക്കുമ്പോൾ തന്നെ ഉൾക്കണ്ണു കൊണ്ട് നാം നമ്മെ തന്നെ കാണുകയും കുടുംബത്തോടും സമൂഹത്തോടുമുള്ള കടപ്പാട് മറക്കാതിരിക്കുകയുമാണ് വേണ്ടത്. പ്രവാസികൾക്കിടയിൽ മാന്യൻമാരായി നടന്ന് സാധുക്കളായ പ്രവാസികളെ ഇത്തരം കെണിയിലകപ്പെടുത്തുന്നവർ സ്വയം അതു തിരിച്ചറിഞ്ഞ് പിൻമറുകയോ, അതല്ലെങ്കിൽ ഇത്തരക്കാരാണെന്ന് മനസ്സിലാക്കിയാൽ അവരെ ഒറ്റപ്പെടുത്താൻ സമൂഹം തയാറാവുകയോ വേണം. 
സാമൂഹിക ബന്ധങ്ങളില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നവരെ കെണിയിൽ അകപ്പെടുത്തുക എളുപ്പമായതിനാൽ അങ്ങനെയുള്ളവരാണ് അധിവും കബളിപ്പിക്കലിനിരയാവുന്നത്. പ്രവാസി സംഘടനകളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. കാരണം ഇത്തരക്കാർ പലരും സംഘടനകൾക്കുള്ളിൽ കടന്നു കൂടിയും സംഘാടകരെന്ന വ്യാജേന പലരുമായി ബന്ധങ്ങളുണ്ടാക്കി തങ്ങളുടെ ദൗത്യം നിർവഹിക്കുകയും ചെയ്യുന്നുണ്ട്്. 
ഇത്തരക്കാരെ തിരിച്ചറിഞ്ഞ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കുന്നതിനോ അകറ്റി നിറുത്തുന്നതിനോ സംഘടനകളും തയാറാവണം. അങ്ങനെ വ്യക്തികളും സമൂഹവും ഒറ്റക്കെട്ടായി നിന്നുള്ള ജാഗ്രത...ജാഗ്രത... പാലിക്കൽ ഒന്നു മാത്രമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും പ്രവാസി സമൂഹത്തിന് പേരുദോഷം ഉണ്ടാക്കാതിരിക്കാനുമുള്ള മാർഗം.

Latest News