Sorry, you need to enable JavaScript to visit this website.

മോഡിയെ സ്വീകരിക്കാനില്ല; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റം ലക്ഷ്യമിട്ട് കെ.സി.ആര്‍

ഹൈദരബാദ്- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹൈദരബാദിലെത്തുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനില്ലാതെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. രണ്ടാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുമ്പോള്‍ മുഖ്യമന്ത്രി സ്വീകരിക്കാതെ സ്ഥലം വിടുന്നത്. 

തെലങ്കാനയില്‍ പ്രധാനമന്ത്രിയെത്തുമ്പോള്‍ മുഖ്യമന്ത്രി കര്‍ണാടകയിലായിരിക്കും. മുന്‍പ്രധാനമന്ത്രി ദേവഗൗഡയേയും അദ്ദേഹത്തിന്റെ മകനും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയേയും കാണാനാണ് ചന്ദ്രശേഖര്‍ റാവുവിന്റെ യാത്ര. 

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് മോഡി ഹൈദരബാദിലെത്തുന്നത്. നാലുമാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ കാണാതെ കെ. ചന്ദ്രശേഖരറാവു പിന്മാറുന്നത്. ഫെബ്രുവരിയിലായിരുന്നു ആദ്യതവണ കെ.സി.ആര്‍ മോദിയെ കാണാതെ സ്വീകരിക്കാന്‍ മന്ത്രി ശ്രീനിവാസ് യാദവിനെ ഏല്‍പ്പിച്ചത്. അന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെ.സി.ആര്‍ മോദിയെ കാണാതിരുന്നത്. 

മുതിര്‍ന്ന ടി.ആര്‍.എസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊപ്പം ബെംഗളൂരുവിലെത്തുന്ന ചന്ദ്രശേഖര്‍ റാവു ജെ.ഡി.എസ് നേതാക്കളുമായി ദേശീയ രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചും ചര്‍ച്ച നടത്തും. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കഴിഞ്ഞ ആഴ്ച കെ.സി.ആര്‍ ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തിയ കെ.സി.ആര്‍ ബെംഗളൂരുവില്‍ നിന്നും മഹാരാഷ്ട്രയിലെത്തുമെന്നാണ് വിവരം. ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

Latest News