അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയുടെ  താല്‍പര്യം-ഷോണ്‍ ജോര്‍ജ് 

തിരുവനന്തപുരം- മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷമാണ് ജയിലിലേക്കു മാറ്റിയത്.
വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമായെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. പി സി ജോര്‍ജിന്റെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീണന നയമാണെന്നാണ് ഷോണിന്റെ ആരോപണം. ഒരു മണിക്കൂറെങ്കിലും പി സി ജോര്‍ജിനെ ജയിലിലിട്ട് മുഖ്യമന്ത്രിക്ക് ആരെയോ ബോധിപ്പിക്കാനുണ്ട്. മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആദ്യം ചര്‍ച്ച ചെയ്തത് പി സി ജോര്‍ജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാത്തത് അടക്കമുള്ള ജനകീയ പ്രശ്‌നങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ഈ നടപടി മുഖ്യമന്ത്രി ഈ വിഷയത്തില്‍ എത്ര പ്രതികാരത്തോടെയാണ് ഇടപെട്ടതെന്ന് തെളിയിക്കുന്നുണ്ടെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നാണ് ഷോണ്‍ ജോര്‍ജിന്റെ മറ്റൊരു ആരോപണം. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രം തയാറാക്കിയ എഫ് ഐ ആര്‍ ആണിതെന്ന് ആര്‍ക്കും മനസിലാകും. പ്രസംഗത്തില്‍ നിന്നും പെറുക്കിയെടുത്ത ചില വാചകങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍. പി സി ജോര്‍ജിന്റെ വാക്കുകള്‍ ഇസ്‌ലാമിനെതിരെയാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. പി സി ജോര്‍ജ് വിമര്‍ശിച്ചത് ചില തീവ്രവിഭാഗങ്ങളെ മാത്രമാണെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പോലീസു കാരണം പി.സി.ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പി.സി.ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പോലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി.സി.ജോര്‍ജും കോടതിയില്‍ വ്യക്തമാക്കി.
പി.സി.ജോര്‍ജിനെ ഏത് വിധേനെയും ജയിലിലടക്കാനാണ് പോലീസ് നീക്കം. ഇതാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പോലീസ് മര്‍ദ്ദിക്കുമോയെന്ന് ഭയമുണ്ടോയെന്ന് പി.സി.ജോര്‍ജിനോട് ചോദിച്ചപ്പോള്‍ തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് മറുപടി നല്‍കി.
 

Latest News