Sorry, you need to enable JavaScript to visit this website.

സ്‌കൂൾ തുറക്കാൻ ഒരാഴ്ച മാത്രം; വാഹന ഫിറ്റ്‌നസ് പരിശോധന തുടങ്ങി

മലപ്പുറം- സ്‌കൂൾ തുറക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കെ മോട്ടോർ വാഹന വകുപ്പ് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങി. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി പൊന്നാനിയിലാണ് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങിയത്. തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധനയാണ് കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ നടന്നത്. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങൾക്ക് പ്രശ്‌നങ്ങൾ പരിഹരിച്ച് സ്‌കൂൾ തുറക്കുന്നതിനു മുമ്പ് വീണ്ടും പരിശോധനയ്‌ക്കെത്താൻ നിർദേശം നൽകി.
ഫിറ്റ്‌നസ് പരിശോധനയ്ക്ക് എം.വി.ഐമാരായ കെ.കെ. അനൂപ്, തോമസ് സക്കറിയ, എ.എം.വി.ഐമാരായ അഷ്റഫ് സൂർപ്പിൽ, വി. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. 
പരിശോധനയിൽ പങ്കെടുക്കാത്ത വാഹനങ്ങൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും നടപടി എടുക്കുമെന്ന് പൊന്നാനി ജോയിന്റ് ആർ.ടി.ഒ ശങ്കരപ്പിള്ള അറിയിച്ചു. പൊന്നാനി നഗരം, ഈഴുവത്തിരുത്തി, നന്നംമുക്ക്, പെരുമ്പടപ്പ്, ആലംകോട്, മാറഞ്ചേരി, വെളിയങ്കോട് തുടങ്ങിയ വില്ലേജുകളിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ശനിയാഴ്ച എട്ട് മുതൽ പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടക്കും. താലൂക്കിലെ മുഴുവൻ സ്‌കൂൾ ഡ്രൈവർമാർക്കുമുള്ള ബോധവൽക്കരണ ക്ലാസ് പൊന്നാനി എം.ഇ.എസ് കോളേജിൽ ഇന്ന് (മെയ്-26) രാവിലെ എട്ട് മുതൽ നടക്കും.

Tags

Latest News