Sorry, you need to enable JavaScript to visit this website.

യു.ഡി.എഫ് വന്നാൽ സബർബൻ റെയിൽ നടപ്പാക്കും -ഉമ്മൻചാണ്ടി

കൊച്ചി- യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാൽ സബർബൻ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാധാരണക്കാർക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഇടതു സർക്കാർ ആദ്യം ഈ പദ്ധതിയെ അംഗീകരിച്ചതാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് സർക്കാർ തുടക്കമിട്ട സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യക്തമായ ബദൽ നിർദേശത്തോടെയാണ് യു.ഡി.എഫ് കെ-റെയിൽ പദ്ധതിയെ എതിർക്കുന്നത്. കെ-റെയിൽ പദ്ധതിക്ക് രണ്ട് ലക്ഷം കോടി രൂപ ചെലവു വരുമ്പോൾ 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് 1383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന കെ-റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കുമുള്ള പരിഹാരമാണ് സബർബൻ റെയിൽ.
വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് 2007-08 ലെ ബജറ്റിൽ കെ-റെയിലിനു സമാനമായ അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുകയും ഡി.എം.ആർ.സിയെ കസൾട്ടന്റായി നിയമിക്കുകയും ചെയ്തു. അവർ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത് യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ്. എന്നാൽ, 1.27 ലക്ഷം കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യു.ഡി.എഫ് വേണ്ടെന്നു വെച്ചു.
തുടർന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബർബൻ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങന്നൂർ വരെയുള്ള 125 കി.മീ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം എടുത്തത്. അതിന് 70 ഏക്കർ സ്ഥലം മതി. നിലവിലെ ലൈനുകളിൽ കൂടി മാത്രമാണ് സബർബൻ ഓടുന്നത്. എല്ലാ അനുമതിയും ലഭിച്ചാൽ മൂന്ന് വർഷം കൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലെ സിഗ്‌നൽ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവർത്തുക, പ്ലാറ്റ്‌ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികൾ.
ഇതോടെ ട്രെയിനുകളുടെ വേഗത വർധിക്കുന്നതോടൊപ്പം ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ വേഗതയിൽ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതിക്കു ശേഷം കണ്ണൂർ വരെ ഘട്ടംഘട്ടമായി പൂർത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വെച്ച് 530 കി.മീ പൂർത്തിയാക്കാൻ പതിനായിരം കോടിയോളം രൂപയും 75 ഏക്കർ വെച്ച് സ്ഥലമെടുപ്പ് കൂട്ടിയാൽ 300 ഏക്കറോളം സ്ഥലവും മതി. യു.ഡി.എഫ് സർക്കാർ ഇതിനായി മുംബൈ റെയിൽ വികാസ് കോർപറേഷനുമായി ചേർന്ന് കമ്പനി രജിസ്റ്റർ ചെയ്തു.
പിണറായി സർക്കാറിന്റെ കാലത്താണ് അതിവേഗ റെയിലിന്റെ അന്തിമ റിപ്പോർട്ട് നൽകിയത്. 
ആദ്യം മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് എല്ലാവരും തീരുമാനം അംഗീകരിച്ചിരുന്നു. മന്ത്രിസഭയ്ക്ക് മുന്നിൽ വെക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് അത് അട്ടിമറിക്കപ്പെട്ടു. വി.എസ് സർക്കാരിന്റെ അതിവേഗ റെയിലും യു.ഡി.എഫ് സർക്കാരിന്റെ സബർബൻ റെയിലും ഒഴിവാക്കിയാണ് പിണറായി സർക്കാർ കെ-റെയിലിന്റെ പിന്നാലെ പോയത്. വൻകിട പദ്ധതികൾക്കോ വികസനത്തിനോ യു.ഡി.എഫ് ഒരിക്കലും എതിരല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Latest News