Sorry, you need to enable JavaScript to visit this website.

നികുതിയിളവ്; പെട്രോളിയം പമ്പ് ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം

മുന്നറിയിപ്പില്ലാത്ത നടപടി നടുവൊടിച്ചു, പ്രതിഷേധം

കൊച്ചി- പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി മുന്നറിയിപ്പില്ലാതെ കേന്ദ്ര സർക്കാർ കുറച്ചതിനെതിരെ പെട്രോൾ പമ്പ് ഉടമകളുടെ സംഘടന. മുന്നറിയിപ്പില്ലാത്ത നടപടി നടുവൊടിച്ചെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും അവർ അറിയിച്ചു.
പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ കുറച്ചത് സ്വാഗതാർഹമാണെങ്കിലും മുന്നറിയിപ്പില്ലാതെ എടുത്ത തീരുമാനം പമ്പ് ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് ടോമി തോമസ്, ജന. സെക്രട്ടറി വി.എസ് അബ്ദുറഹിമാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാധാരണക്കാർക്കെന്ന പോലെ പെട്രോൾ പമ്പ് ഡീലർമാർക്കും തീരുവ ഇളവ് ആശ്വാസമാണ്. എന്നാൽ നേരത്തെ നികുതി അടച്ച് സംഭരിച്ചു വെച്ച പെട്രോളിയം ഉത്പന്നങ്ങൾ നഷ്ടം സഹിച്ച് വിൽക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദീപാവലിക്കാലത്തും സമാനമായ നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയത്. ദിനംപ്രതി നേരിയ വില വർധിക്കുന്നത് ലാഭത്തിനിടയാക്കാറുണ്ടെങ്കിലും ഒറ്റ ദിവസം പെട്രോളിന് ലിറ്ററിന് 9.48 രൂപയും ഡീസലിന് 7.43 രൂപയും ഇടിവുണ്ടായത് താങ്ങാനാകാത്തതാണ്. വൻ മുതൽ മുടക്കി ചെറിയ കമ്മീഷനിലാണ് ഈ മേഖല പ്രവർത്തിക്കുന്നത്. അവധി ദിവസങ്ങൾക്ക് മുമ്പുള്ള ദിവസം വ്യാപാരികൾ കൂടുതൽ ഉത്പന്നം സ്‌റ്റോക്ക് ചെയ്യുന്ന സമയത്താണ് ഇത്തവണയും നികുതിയിളവ് പ്രഖ്യാപിച്ചത്. ഇത് അവിചാരിതമാണെന്ന് കരുതാനാവില്ലെന്നും നേരത്തെയടച്ച നികുതി തിരിച്ച് നൽകണമെന്നും ഭാരവാഹികൾ പറഞ്ഞു.

Latest News