മറ്റൊരു നടിയെ നായികയാക്കിയതിനാണ് തന്നെ കുരുക്കുന്നതെന്ന് വിജയ്ബാബു

കൊച്ചി- ബലാത്സംഗക്കേസില്‍ നടിക്കെതിരെയുള്ള വാട്സാപ്പ് ചാറ്റുകളും അനുബന്ധ രേഖകളും നടന്‍ വിജയ് ബാബു ഹൈക്കോടതിയില്‍ ഹാജരാക്കി. പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി തീരുമാനിച്ചതോടെയാണ് യുവനടി തനിക്കെതിരെ പരാതി നല്‍കിയെതെന്ന് വിജയ് ബാബു രേഖകള്‍ ഫയലില്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. വിജയ് ബാബു വിദേശത്തുനിന്നു തിരിച്ചെത്തുന്നതിന് ടിക്കറ്റെടുത്തെന്നു വ്യക്തമാക്കി യാത്രാ രേഖകളും കോടതിയില്‍ ഹാജരാക്കി.
പരാതിക്കാരിയായ നടി അയച്ച വാട്സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയാണ് സമര്‍പ്പിച്ചിരിക്കുന്നത്. 2018 മുതല്‍ നടിയെ അറിയാമെന്നും അവര്‍ പല തവണ തന്റെ പക്കല്‍നിന്നു പണം കടം വാങ്ങിയിട്ടുണ്ടെന്നും വിജയ് ബാബു വ്യക്തമാക്കി. ഏപ്രില്‍ 14 ന് തന്റെ സിനിമയിലെ പുതിയ നായികയോട് പരാതിക്കാരി കയര്‍ത്ത് സംസാരിച്ചെന്നും വിജയ് ബാബു പറയുന്നു.
വിജയ് ബാബു മേയ് 30 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനായി മാറ്റി.

 

 

Latest News