Sorry, you need to enable JavaScript to visit this website.

മലയാളി എൻജിനീയർമാർക്ക് റിയാദിൽ കൂട്ടായ്മ രൂപീകരിക്കുന്നു 

എൻജിനീയർമാരുടെ കൂട്ടായ്മ സംഘാടക സമിതി അംഗങ്ങൾ റിയാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.

റിയാദ്- റിയാദിൽ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മ രൂപീകരിക്കുന്നതായി സംഘാടക സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1998 ൽ ജിദ്ദയിൽ രൂപീകൃതമായ ഇന്ന് അഞ്ഞൂറിലധികം അംഗങ്ങളുള്ള കേരള എൻജിനിയേഴ്‌സ് ഫോറ (കെ.ഇ.എഫ്) ത്തിന്റെ റിയാദ് ചാപ്റ്റർ എന്ന രീതിയിലായിരിക്കും സംഘടനാ രൂപീകരണം. 
റിയാദിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളി എൻജിനീയർമാർക്ക് പരസ്പരം സംവദിക്കുന്നതിനും ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനമായ വികസനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും, വ്യത്യസ്ത എൻജിനീയറിംഗ് ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും അതുപോലെ നവ എൻജിനീയർമാരുടെ സ്‌കിൽ ഡെവലപ്‌മെന്റിനും ആയിരിക്കും സംഘടന ഊന്നൽ കൊടുക്കുന്നത്. തൊഴിൽ ചെയ്യുന്നവരും അല്ലാത്തവരുമായ മലയാളികളായ വനിതാ എൻജിനീയർമാരും സംഘടനയുടെ ഭാഗഭാക്കാകുമെന്നും അവരുടെ പ്രൊഫഷണൽ കഴിവുകൾ തുടർന്നു കൊണ്ടുപോകുന്നതിനുള്ള പരിപാടികളും ഈ കൂട്ടായ്മയുടെ കീഴിൽ ഉണ്ടായിരിക്കും.

റിയാദ് ചാപ്റ്ററിൽ ഇതിനകം മുന്നൂറോളം അംഗങ്ങൾ ചേർന്നിട്ടുണ്ട്. വ്യത്യസ്ത മേഖലകളിലെ വിദഗ്ധരെ കൊണ്ടുവന്ന് സെമിനാറുകളും ശിൽപശാലകളും നടത്താനും ജോലി നഷ്ടപ്പെടുന്നവർക്കും, പ്രൊഫഷണൽ രംഗത്ത് ഉന്നത വിദ്യാഭ്യാസവും കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങളും തേടുന്നവർക്കും സാധ്യമായ സഹായങ്ങൾ ചെയ്യുവാൻ പ്രൊഫഷണൽ കൺസൾട്ടൻസി സെൽ സംഘടനയുടെ കീഴിൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. മെമ്പർമാരുടെ കലാ സാഹിത്യ കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കുക മുതലായവയും ലക്ഷ്യമിടുന്നു. 
 റിയാദിലെ ഇന്ത്യൻ സമൂഹത്തിനും വിശിഷ്യാ മലയാളി സമൂഹത്തിനും എൻജിനീയറിംഗ് മേഖലയിലെ വിദഗ്ധർ എന്ന നിലയ്ക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സേവനം നടത്തുന്ന പദ്ധതികൾ രൂപീകരിക്കാനും ഉദ്ദേശ്യമുണ്ടെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മെമ്പർഷിപ് ലഭിക്കാൻ മലയാളി എൻജിനീയർമാർക്കു ഹസീബ് മുഹമ്മദിനെ (0502185872) സമീപിക്കാം. ഹസീബ് മുഹമ്മദ്, നൗഷാദ് അലി, ആഷിക് പാണ്ടികശാല, മുഹമ്മദ് ഷാഹിദ്, അബ്ദുൽമജീദ് കോട്ട, നിസാർ ഹുസൈൻ, അബ്ദുൽ അഫീൽ എന്നിവർ സംബന്ധിച്ചു. 
 

Tags

Latest News