Sorry, you need to enable JavaScript to visit this website.

ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ; നെറികെട്ട പ്രചാരണമെന്ന് സി.പി.എം നേതാക്കള്‍

കൊച്ചി- തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം നേതാക്കളായ പി രാജീവും എം സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഏതോ വീഡിയോയാണ് ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള ഫേസ്ബുക്ക് പേജിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം സൈബര്‍ ക്രിമിനലുകളെ തീറ്റിപോറ്റുകയാണ്. ഇവരെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് വിനിയോഗിക്കുന്നതെന്നും ഒരു പാര്‍ട്ടിയും സ്വീകരിക്കാന്‍ പാടില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും ഇരുവരും പറഞ്ഞു.  ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി എതിര്‍ക്കപ്പെടേണ്ടതാണ്. പരാജയ ഭീതിയില്‍ നിന്നാണ് തെറ്റായതും നിലവാരമില്ലാത്തതുമായ ഇത്തരം പ്രചാരണത്തിന് യുഡിഎഫ് നേതൃത്വം നല്‍കുന്നത്. രാഷ്ട്രീയവും വികസനപ്രശ്‌നങ്ങളും ജനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനാണ് ഇടതുപക്ഷ മുന്നണി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കലും മറ്റ് രീതിയിലുള്ള പ്രചരണങ്ങള്‍ എല്‍ഡിഎഫ് നടത്തിയിട്ടില്ല. എന്നാല്‍ വളരെ തെറ്റായ രീതിയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം കൈകാര്യം ചെയ്യുന്നത്. അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുക, പണം നല്‍കി വോട്ട് ചോദിക്കുക തുടങ്ങിയ രീതികളാണ് അവര്‍ നടത്തിയത്.
ഒരു അശ്ലീലവീഡിയോ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട ആളുകളുടെ കവര്‍ ചിത്രമുള്ള പേജുകളില്‍ ആദ്യം പോസ്റ്റ് ചെയ്തു. ഇത് ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ചെയ്തത്. അതിന് ശേഷം തൃക്കാക്കരയില്‍ സി.പി.എമ്മിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ്, സ്ഥാനാര്‍ത്ഥി നായകനാകുന്ന വീഡിയോ എന്ന പേരില്‍ ആ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. അതീവഗൗരവമുള്ള സംഗതിയാണ്. ഏതോ ഒരു വീഡിയോ എടുത്ത് അത് സ്ഥാനാര്‍ത്ഥിയുടേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്.- പി.രാജീവ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെന്ന് എം.സ്വരാജ് പറഞ്ഞു. ആ സമയം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഒര് വാക്ക് പോലും പറഞ്ഞിട്ടില്ല. ഇത് ഞങ്ങള്‍ക്ക് ആര്‍ക്കും ഒന്നും പറയാന്‍ അറിയാത്തത് കൊണ്ട് അല്ല. രാഷ്ട്രീയമര്യാദയാണ് ഇടതുപക്ഷം കാഴ്ചവച്ചത്. അതിര്‍വരമ്പ് ലംഘിക്കുന്ന ഒരു വാക്ക് പോലും എല്‍ഡിഎഫ് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അന്തസോടെ എങ്ങനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തണമെന്നാണ് ഞങ്ങള്‍ കാണിച്ചുകൊടുക്കുന്നത്.
ഇതിനിടയാണ് ഈ വിഷയമുണ്ടായത്. ഒരു കൂട്ടം സൈബര്‍ ക്രിമിനലുകളെ കോണ്‍ഗ്രസ് തീറ്റി പോറ്റുകയാണ്. പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിക്കുന്നത് ഈ സൈബര്‍ ക്രിമിനലുകളാണ്. നേതാക്കളുടെ ശബ്ദം കൂടിയാണ് ഇവര്‍.
എല്‍ഡിഎഫിന് ലഭിക്കുന്ന ജനസ്വീകാര്യത കണ്ടിട്ടാണ് ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത നെറിക്കെട്ട പ്രചരണം യുഡിഎഫ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ഫോട്ടോയുള്ള പേജില്‍ നിന്നാണ് അശ്ലീല വീഡിയോ പ്രചരിച്ചത്-സ്വരാജ് പറഞ്ഞു.

 

Latest News