Sorry, you need to enable JavaScript to visit this website.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ വിലക്കയറ്റം കുറവ് - ധനമന്ത്രി

റിയാദ് - സൗദി അറേബ്യയിലേതിനേക്കാള്‍ ഉയര്‍ന്ന വിലക്കയറ്റത്തിനാണ് ലോക രാജ്യങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. വെല്ലുവിളികള്‍ നേരിടാനും ആഗോള മാന്ദ്യം ചെറുക്കാനും സൗദി സമ്പദ്‌വ്യവസ്ഥക്ക് ശേഷിയുണ്ട്. ഒരു ബാരല്‍ എണ്ണക്ക് 70 ഡോളര്‍ നിരക്കില്‍ പ്രാദേശിക വിപണിയില്‍ ഇന്ധന വിലകള്‍ നിലനിര്‍ത്താന്‍ കിരീടാവകാശി മുഹമ്മദ് രാജകുമാരന്‍ നല്‍കിയ നിര്‍ദേശം സൗദിയില്‍ വിലക്കയറ്റത്തിന് തടയിടാന്‍ സഹായിച്ചു.
ഭക്ഷ്യവസ്തു ഇറക്കുമതിയില്‍ റഷ്യയെയും ഉക്രൈനെയും ആശ്രയിക്കുന്നത് കുറക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങുകയും പ്രാദേശിക ഉല്‍പാദന തോത് ഉയര്‍ത്തുകയും ചെയ്തു. റഷ്യ, ഉക്രൈന്‍ പ്രതിസന്ധി ലോക രാജ്യങ്ങളെ ബാധിക്കുന്നു. ഇതിനെ അപേക്ഷിച്ച് സൗദി അറേബ്യയുടെ നില ഏറെ മെച്ചമാണ്. ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ റെക്കോര്‍ഡ് നിലയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. പെട്രോളിതര മേഖലയില്‍ ആറു ശതമാനം വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, പ്രതിദിന എണ്ണയുല്‍പാദന ശേഷി 13.4 ദശലക്ഷം ബാരലായി ഉയര്‍ത്താനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം പറഞ്ഞു. കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ക്കും ഹാനികരമായ വാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കാനും ഊന്നല്‍ നല്‍കി എണ്ണയുല്‍പാദന ശേഷി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരും. 2030 ഓടെ പൊതുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊര്‍ജ മേഖലയില്‍ നിന്ന് കണ്ടെത്താനാണ് പദ്ധതി. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സൗദി ഗ്രീന്‍, മിഡില്‍ ഈസ്റ്റ് ഗ്രീന്‍ പദ്ധതികള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. എണ്ണ വരുമാനം വര്‍ധിക്കുന്നത് സാമ്പത്തിക വൈവിധ്യവല്‍ക്കരണം വേഗത്തിലാക്കാനും വേഗത്തില്‍ ലക്ഷ്യം നേടാനും സഹായിക്കും. ഈ വര്‍ഷം സൗദി അറേബ്യ 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. കഴിഞ്ഞ കൊല്ലം പെട്രോളിതര മേഖല 6.1 ശതമാനം വളര്‍ച്ച നേടി. ഈ വര്‍ഷം ആദ്യ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 9.6 ശതമാനമായിരുന്നു. 2011 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണിത്. ഈ വളര്‍ച്ചാ നിരക്കുകള്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സാമ്പത്തിക, ആസൂത്രണ മന്ത്രി പറഞ്ഞു.

 

Latest News