Sorry, you need to enable JavaScript to visit this website.

തൊഴിൽ തർക്കം: 44 കോടി റിയാൽ വേതന കുടിശ്ശിക ഈടാക്കി നൽകി

റിയാദ് - മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിൽ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം കഴിഞ്ഞ വർഷം സ്വകാര്യ മേഖലാ ജീവനക്കാർക്ക് വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളുമായി 44.4 കോടി റിയാൽ ഈടാക്കി നൽകിയതായി മന്ത്രാലയം അറിയിച്ചു. ആകെ 1,44,000 ഓളം തൊഴിൽ പരാതികളിലാണ് ഇത്രയും തുക വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളുമായി ഈടാക്കി നൽകിയത്. 
ലേബർ കോടതികളിൽ എത്തുന്ന തൊഴിൽ കേസുകളുടെ എണ്ണം കുറക്കാനാണ് തൊഴിലാളികളുമായും തൊഴിലുടമകളുമായും ചർച്ചകൾ നടത്തി തൊഴിൽ കേസുകൾക്ക് അനുരഞ്ജന പരിഹാരം കാണുന്ന രീതി നടപ്പാക്കുന്നത്.
തൊഴിൽ പരാതികൾക്ക് പരിഹാരം കാണാൻ എടുക്കുന്ന ശരാശരി സമയം 44 ദിവസത്തിൽ നിന്ന് ഒമ്പതു ദിവസമായി കുറക്കാൻ സാധിച്ചിട്ടുണ്ട്. 55 ശതമാനം തൊഴിൽ കേസുകൾക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് മറികടന്ന് 73 ശതമാനം കേസുകൾക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണാൻ കഴിഞ്ഞ വർഷം സാധിച്ചു. 
ആദ്യ സിറ്റിംഗിന് കാത്തിരിക്കേണ്ടിവരുന്ന ശരാശരി സമയം അഞ്ചു ദിവസമായി കുറക്കാനും സാധിച്ചിട്ടുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
ഈ വർഷം (ഹിജ്‌റ 1443) ആദ്യത്തെ ഏഴു മാസത്തിനിടെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന ലേബർ കോടതികളും തൊഴിൽ കേസുകളുടെ വിചാരണക്ക് ജനറൽ കോടതികളിൽ സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളും 21,506 തൊഴിൽ കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധികൾ പ്രസ്താവിച്ചു. 
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം ലേബർ കോടതികൾ പ്രസ്താവിച്ച വിധികളിൽ 16 ശതമാനം വർധന രേഖപ്പെടുത്തി. 
ഏറ്റവും കൂടുതൽ തൊഴിൽ കേസുകളിൽ വിചാരണ പൂർത്തിയാക്കിയത് റിയാദ് പ്രവിശ്യയിലെ കോടതികളാണ്. റിയാദ് കോടതികൾ 7166 വിധികൾ പ്രസ്താവിച്ചു. സൗദിയിലെ ലേബർ കോടതികൾ ആകെ പ്രസ്താവിച്ച വിധികളിൽ 33.3 ശതമാനവും പ്രസ്താവിച്ചത് റിയാദ് കോടതികളാണ്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യ കോടതികൾ 6121 തൊഴിൽ കേസുകളിലും ഏഴു മാസത്തിനിടെ വിധികൾ പ്രസ്താവിച്ചു. 
തൊഴിൽ കേസുകൾക്ക് രമ്യമായ പരിഹാരം കാണാൻ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗങ്ങൾക്ക് 21 ദിവസത്തെ സമയമാണ് അനുവദിക്കുന്നത്. ഇതിനകം അനുരഞ്ജന പരിഹാരം സാധ്യമാകാത്ത കേസുകൾ വിചാരണ ചെയ്ത് വിധികൾ പ്രസ്താവിക്കുന്നതിന് ലേബർ കോടതികൾക്ക് കൈമാറുകയാണ് ചെയ്യുക. 

Tags

Latest News