Sorry, you need to enable JavaScript to visit this website.

തൃക്കാക്കര: വോട്ടർമാരുടെ ഉത്തരവാദിത്തം

എന്തായാലും എത്രമാത്രം ഗൗരവത്തോടെയാണ് ഈ തെരഞ്ഞെടുപ്പിലെ വിജയത്തെ ഇരുമുന്നണികളും കാണുന്നതെന്നതിനു തെളിവാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളുമടങ്ങുന്ന നേതാക്കൾ മണ്ഡലത്തിൽ തന്നെ തങ്ങുന്നത്. അതിനാൽ തന്നെ കൃത്യമായ രാഷ്ട്രീയ നിലപാടോടെ വോട്ടവകാശം വിനിയോഗിക്കാൻ തൃക്കാക്കര നിവാസികൾ ജാഗരൂകരായിരിക്കും എന്നു തന്നെ കരുതാം.

സ്ഥാനാർത്ഥികളെ തീരുമാനിച്ചതിൽ നിന്നു തന്നെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനു തങ്ങൾ തയാറല്ല എന്നും എങ്ങനെയെങ്കിലും ജയിക്കൽ മാത്രമാണ് ലക്ഷ്യമെന്നും ഇരുമുന്നണികളും വ്യക്തമാക്കിയിരുന്നു. ഉമ തോമസ് പഠിക്കുമ്പോൾ കെ എസ് യു പ്രവർത്തകയായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ അവരുടെ യോഗ്യത പി ടി തോമസിന്റെ ഭാര്യ എന്നതു മാത്രമാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനാകട്ടെ അത്രയും യോഗ്യത പോലുമില്ല. പ്രൊഫഷണലുകളോ സ്ഥിരം രാഷ്ട്രീയക്കാരോ അല്ലാത്തവർ സ്ഥാനാർത്ഥികളാകരുത് എന്നല്ല പറയുന്നത്. എന്നാൽ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാത്തവർക്ക് എങ്ങനെയാണ് ജനപ്രതിനിധിയാകാൻ കഴിയുക? മാധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും അതെല്ലാം നേതാക്കളോട് ചോദിക്കൂ എന്നു രണ്ടുപേരും പറയുന്ന മറുപടിയിൽ നിന്നു തന്നെ അവരുടെ പരിമിതികൾ വ്യക്തമാണ്. 
വർത്തമാന കാലത്ത് ഏതൊരു തെരഞ്ഞെടുപ്പിലും ഉന്നയിക്കേണ്ട ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്‌നം നവ ഫാസിസറ്റുകളിൽ നിന്ന് ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും സാമൂഹ്യ നീതിയുെല്ലാം നേരിടുന്ന വെല്ലുവിളി തന്നെ. ബാബ്‌രി മസ്ജിദ് തകർത്ത മാതൃകയിൽ കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗമുണ്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച് പള്ളി പിടിച്ചെടുക്കാൻ നീക്കം നടക്കുന്നു. വിശ്വാസത്തിന്റെയും ഭക്ഷണത്തിന്റെയുമെല്ലാം പേരിൽ കലാപങ്ങൾ സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾ സമൂഹത്തിൽ രൂക്ഷമായ സംഘർഷങ്ങളാണ് സൃഷ്ടിക്കുന്നത്. കേരളത്തിലും സംഘപരിവാർ സംഘടനകളും അവരുടെ ഏജന്റുമാരായി മാറിയ ചില സംഘടനകളും മതസ്പർധ സൃഷ്ടിച്ചുകൊണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ നടത്തുന്നു.  എന്നാൽ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ആ ശക്തികൾ അത്രമാത്രം ശക്തമല്ലാത്തതിനാലാകാം എൽഡിഎഫും യുഡിഎഫും പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളിലാണ് കൂടുതൽ മുഴുകുന്നത്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ അത്ര ശക്തമല്ലെങ്കിലും കേരളത്തിന്റെ പൊതുബോധത്തിൽ വൻ ശക്തിതന്നെയാണ് ഫാസിസ്റ്റുകൾ എന്ന തിരിച്ചറിവ് കാര്യമായി കാണുന്നില്ല. വർഗീയ ഫാസിസ്റ്റുകൾക്കും അവർ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ - സാംസ്‌കാരിക നിലപാടുകൾക്കുമെതിരെ  അതിശക്തമായ നിലപാടെടുക്കാൻ ഇരുമുന്നണികളും തയാറാകുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെ ചെയ്താൽ കുറെ വോട്ടുകൾ നഷ്ടപ്പെടുമോ എന്ന ഭീതി തന്നെയാണ് അതിനുള്ള പ്രധാന കാരണം. അതുപോലെ തന്നെയാണ് ജനാധിപത്യം നേരിടുന്ന ആധുനികകാല വെല്ലുവിളികളോടു രാഷ്ട്രീയമായി പ്രതികരിക്കാനോ ജനാധിപത്യത്തെ കാലത്തിനനുസരിച്ച് നവീകരിക്കാനോ ഉള്ള ആലോചനകളും ഉണ്ടാകത്തതും.
തീർച്ചയായും സിൽവർ ലൈനുമായി ബന്ധപ്പെട്ട് വികസന രാഷ്ട്രീയം മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അപ്പോഴും അത് വികസനവും പരിസ്ഥിതിയും നേരിടുന്ന പുതിയ സമസ്യകളെ അഭിമുഖീകരിക്കുന്നില്ല. തങ്ങളാണ് യഥാർത്ഥ വികസനത്തിന്റെ വക്താക്കൾ എന്നു സമർത്ഥിക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. അപ്പോഴും സിൽവർ ലൈൻ എന്ന യാഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോൾ അതിനോടുള്ള നിലപാട് പ്രസക്തമാണ്. ഇക്കാര്യത്തിൽ മാത്രമാണ് ഇരു കൂട്ടരും വ്യക്തമായ രീതിയിൽ വ്യത്യസ്ത നിലപാടുകൾ മുന്നോട്ടു വെക്കുന്നത്. ഉപതെരഞ്ഞെടുപ്പ് സിൽവർ ലൈനിന്റെ ജനഹിത പരിശോധനയാണ്, ആകണം എന്നു പറയുന്നത് പൂർണമായും ശരിയല്ലെങ്കിലും അതു തന്നെയാണ് പ്രധാന വിഷയം എന്നുറപ്പ്. അക്കാര്യത്തിലാകട്ടെ, യുഡിഎഫ് കൂടുതൽ ആത്മവിശ്വാസത്തിലാണെന്നാണ് കാണുന്നത്. തുടക്കത്തിൽ സിൽവർ ലൈനിന്റെ വിധിയെഴുത്താകുമെന്നു പറഞ്ഞ ഇടതു നേതാക്കൾ ഇപ്പോഴതു പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല വിവാദമായ കല്ലിടൽ നിർത്തുകയും ചെയ്തു. മറിച്ച് ആറു വർഷത്തെ പിണറായി സർക്കാരിന്റെ മൊത്തം നേട്ടങ്ങളിലാണവർ ഊന്നുന്നത്. മറുവശത്ത് യുഡിഎഫ് സിൽവർ ലൈൻ വിഷയത്തിൽ തന്നെ ഊന്നുന്നു എന്നത് ശ്രദ്ധേയമാണ്. 
ആയിരക്കണക്കിനാളുകളെ കുടിയിറക്കുന്നതും കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികവും സാമൂഹികവുമായി തകർക്കുന്നതുമാണ് സിൽവർ ലൈൻ എന്നതു വ്യക്തമാണ്. തീർച്ചയായും കേരളത്തിനു റെയിൽവേ വികസനം വേണം. ഏതൊരു വികസനത്തിനും പ്രത്യാഘാതങ്ങൾ ഉണ്ടാകും. എന്നാൽ പ്രത്യാഘാതങ്ങളും ചെലവും വളരെ കുറച്ച്, വേഗത്തിൽ സിൽവർ ലൈനിനേക്കാൾ അൽപം കുറഞ്ഞാലും കൂടുതൽ പേർക്ക് ഗുണകരമാകുന്ന ബദൽ നിർദേശങ്ങൾ പരിഗണിക്കാതെയാണ് പദ്ധതി അടിച്ചേൽപപ്പിക്കുന്നതെന്നത് പറയാതിരിക്കാനാവില്ല. എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന പ്രസ്താവനയൊക്കെ അധികാര ധാർഷ്ട്യമായി തന്നെ കാണണം. ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ ട്രഷറി നിയന്ത്രണത്തിലേക്ക് നീങ്ങുന്ന കേരളത്തെ കൂടുതൽ കടക്കെണിയിൽ വീഴ്ത്തുന്നതാണീ പദ്ധതിയെന്നു മനസ്സിലാക്കാൻ സാമ്പത്തിക വിദഗ്ധനൊന്നും ആകേണ്ട. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ മനസ്സിലാക്കാൻ പാരിസ്ഥിതിക വിദഗ്ധനുമാകേണ്ട.  
ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മറ്റൊരു ഗൗരവമായ വിഷയവും കേരളം ചർച്ച ചെയ്യുകയാണ്. അത് അതിജീവിതയായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഷയമാണ്. തൃക്കാക്കരയുമായി ഈ സംഭവത്തിനുള്ള ബന്ധം ആർക്കുമറിയാം. അന്നത്തെ എം എൽ എ പി ടി തോമാസാണ് ഈ വിഷയത്തിൽ ആദ്യമായി ഇടപെട്ടത് എന്നതാണത്. കേസ് അട്ടിമറിക്കാനുള്ള നീക്കം ശക്തമാണെന്ന് നടിയും പബ്ലിക് പ്രോസിക്യൂട്ടറും മാത്രമല്ല, ലിംഗനീതിയിൽ വിശ്വസിക്കുന്ന ആരും സംശയിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വിചാരണക്കോടതി ജഡ്ജിയടക്കം സംശയത്തിന്റെ നിഴലിലാണ്. അതേസമയം അവസാനമുണ്ടായിരിക്കുന്ന സംഭവം സർക്കാരിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. കേസ് അട്ടിമറിക്കാൻ സർക്കാരും കൂട്ടുനിൽക്കുന്നു എന്നു തന്നെയാണ് കഴിഞ്ഞ ദിവസം അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിരിക്കുന്നത്. 
തീർച്ചയായും മണ്ഡലം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളും ഏതൊരു തെരഞ്ഞെടുപ്പിലെയും പ്രധാന വിഷയം തന്നെയാണ്. അത്തരത്തിലുള്ള പരിശോധനയും നടക്കേണ്ടതാണ്. ഒരു പരിധി വരെ നടക്കുന്നുമുണ്ട്. പൂർണമായും ഒരു നഗര മണ്ഡലമാണ് തൃക്കാക്കര. എന്നാൽ പല കാര്യങ്ങളിലും ഒരുപാട് പിറകിലുമാണ് മണ്ഡലം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തപ്പോൾ നഗരത്തിന്റെ മറ്റു പല ഭാഗങ്ങൾക്കുമൊപ്പം തൃക്കാക്കരയിലെ വെള്ളക്കെട്ടുകളും. ഇൻഫോപാർക്കുമായി ബന്ധപ്പെട്ട് പലവിധ വികസനങ്ങളും മണ്ഡലത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല എന്നതാണ് വസ്തുത. 
എന്തായാലും എത്രമാത്രം ഗൗരവത്തോടെയാണ് ഈ തെരഞ്ഞെടുപ്പിലെ വിജയത്തെ ഇരുമുന്നണികളും കാണുന്നതെന്നതിനു തെളിവാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളുമടങ്ങുന്ന നേതാക്കൾ മണ്ഡലത്തിൽ തന്നെ തങ്ങുന്നത്. അതിനാൽ തന്നെ കൃത്യമായ രാഷ്ട്രീയ നിലപാടോടെ വോട്ടവകാശം വിനിയോഗിക്കാൻ തൃക്കാക്കര നിവാസികൾ ജാഗരൂകരായിരിക്കും എന്നു തന്നെ കരുതാം.

Latest News