Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

അവധിക്കാലത്തെ ദുരിത യാത്ര

കോട്ടയത്തെ ഇരട്ടിപ്പിക്കലിന്റെ പേരിൽ നിർത്തലാക്കിയ ഒരു ട്രെയിൻ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയാണ്. ഇതെന്തൊരു ദ്രോഹമാണ്? ചോദിക്കാനും പറയാനും ആളില്ലെങ്കിൽ ഇതൊക്കെ നടക്കും. റദ്ദ് ചെയ്ത മറ്റൊരു പ്രധാന ട്രെയിൻ നാഗർകോവിലിൽ നിന്ന് മംഗളൂരു വരെ പോകുന്ന പരശുരാം എക്‌സ്പ്രസ് ട്രെയിനാണ്. 

പ്രധാനപ്പെട്ട റെയിൽ പാത ഇനിയും പൂർണമായും ഇരട്ടിപ്പിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇനിയും ഇരു ദിശയിലുള്ള ട്രെയിനുകൾക്ക് ഒരേ സമയം കടന്നു പോകാനാവില്ല. മധ്യ തിരുവിതാംകൂറിൽ കോട്ടയം ഭാഗത്ത്് പണ്ട് പപ്പു വെള്ളാനകളുടെ നാട് സിനിമയിൽ ഇപ്പം ശരിയാക്കി താരമെന്ന്് പറഞ്ഞത് പോലെ റെയിൽ ഇരട്ടിപ്പിക്കൽ പണി കുറച്ചു കാലമായി നടക്കുന്നുണ്ട്. കേരളമാകെ സിംഗിൾ ലൈനിൽ യാത്ര ചെയ്യുമ്പോൾ എത്രമാത്രം സമയം യാത്രയ്ക്ക്് വേണ്ടിവന്നിരുന്നു. ഇപ്പോൾ ഇരട്ടിപ്പിക്കൽ ബാക്കിയുള്ളത് ഏറ്റുമാനൂരിനും ചിങ്ങവനത്തിനുമിടയ്ക്കാണ്. അതേ പോലെ ഷൊർണൂർ ജംഗ്ഷനിൽ വന്നു കയറുന്ന ഭാഗത്തും ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനുണ്ട്. എല്ലാ കാര്യത്തിലും അവഗണന നേരിടുന്ന വടക്കൻ കേരളത്തിൽ ഏകദേശം കാൽ നൂറ്റാണ്ട് മുമ്പാണ് ഇരട്ടിപ്പിക്കൽ പൂർത്തീകരിച്ചത്. അതിനും ദശകങ്ങൾക്കപ്പുറം കൊച്ചി-തൃശൂർ, തൃശൂർ-പാലക്കാട്, തിരുവനന്തപുരം-കായംകുളം  പാതകൾ  ഇരട്ടിപ്പിച്ചിരുന്നു. എറണാകുളം-തിരുവനന്തപുരം യാത്ര ചെയ്യുന്നവർക്ക് ആലപ്പുഴ വഴി പോകാനാണ് കുറച്ചു കാലമായി കൂടുതൽ ഇഷ്ടം. കോട്ടയം വഴി പണി നടക്കുന്നതിനാൽ ക്രോസിംഗിന് എത്ര സമയം പിടിച്ചിടുമെന്ന് ആർക്കും ഊഹിക്കാനാവില്ല. നമ്മൾ രണ്ടു ലക്ഷം കോടിയുടെ കെ-റെയിലിനെപ്പറ്റി സ്വപ്‌നം കണ്ടിരിക്കുമ്പോഴും കോട്ടയം വഴിയുള്ള ട്രെയിൻ യാത്ര ഒരു ദുരനുഭവം തന്നെയാണ്. അതിനൊക്കെ പരിഹാരം വരാൻ പോകുന്നു. ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടിപ്പിച്ച പാതയിൽ കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധന നടന്നു. ഇവിടെ തിരക്കിട്ട ജോലി നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ഈ മാസാവസാനം വരെ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിന്റെ കഷ്ടപ്പാട് അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നത് ഉത്തര കേരളത്തിലെ ദീർഘദൂര യാത്രക്കാരാണ്.  നിരവധി ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയിട്ടുണ്ട്. ഇതിന് പകരം എറാണകുളം-ആലുപ്പുഴ-കായംകുളം വഴിതിരിച്ചു വിടാവുന്നതല്ലേയുള്ളൂ. ചെറിയ ഒരു പ്രദേശത്തെ ഇരട്ടിപ്പിക്കൽ ജോലിയുടെ പേര് പറഞ്ഞ് പ്രധാനപ്പെട്ട പല ട്രെയിനുകളും ഈ മാസാവസാനം വരെ റദ്ദ് ചെയ്തിരിക്കുകയാണ്. കോട്ടയത്തു നിന്ന് മുന്നൂറ് കിലോ മീറ്റർ അപ്പുറമുള്ള മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിലിലേക്കുള്ള പരശുരാമും കണ്ണൂർ-തിരുവനന്തപുരം (കോട്ടയം വഴി) ജനശതാബ്ദി എക്‌സ്്പ്രസും യാത്ര നിർത്തിയ ട്രെയിനുകളിലുൾപ്പെടും.

കേരളത്തിൽ സർവീസ് നടത്തുന്ന  ട്രെയിനുകളിൽ ഏറ്റവും ജനപ്രിയ ട്രെയിനുകളാണ് ഇവ രണ്ടും. കോട്ടയം വഴിയുള്ള ജനശതാബ്ദിയിൽ സാധാരണ യാത്രാ നിരക്ക് നൽകി തിരുവനന്തപുരത്തേക്ക് പോകുന്ന ആൾ ഉച്ച രണ്ടിന് മുമ്പ് തലസ്ഥാനത്തെത്തും. സ്റ്റോപ്പുകൾ വളരെ കുറവ്. പത്മനാഭന്റെ മണ്ണിലെത്തി ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ച് അതേ ദിവസം രാത്രിയിൽ മാവേലിക്കോ, മലബാറിനോ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ഏതെങ്കിലും ദീർഘദൂര ട്രെയിനിൽ കയറിയോ തിരിച്ചുവരികയുമാവാം. സാധാരണക്കാരന് അഞ്ഞൂറ് രൂപയിൽ താഴെ ചെലവേ ഇതിന് ചെലവാകുകയുള്ളൂ. 
കോഴിക്കോട്ട് പിറ്റ് ലൈൻ ഇല്ലാത്ത കാരണത്താൽ ഇപ്പോൾ തന്നെ ആഴ്ചയിൽ ഒരു ദിവസം ജനശതാബ്ദി എന്ന ഏറ്റവും സൗകര്യപ്രദമായ ട്രെയിനില്ല. ഇതിലെ ചെയർ കാറിൽ നൂറ് രൂപ മുടക്കിയാൽ കൊച്ചിയിലെത്താം. യാത്രയ്ക്കിടയിൽ ഭാഗ്യമുണ്ടെങ്കിൽ മിനി സ്‌ക്രീനിലെ താരങ്ങളെ  പരിചയപ്പെടുകയുമാവാം. കെ.എസ്.ആർ.ടിസി അടുത്തിടെ തുടങ്ങിയ സ്വിഫ്റ്റ് സർവീസിൽ ശതാബ്ദിയുടെ  അഞ്ചിരട്ടിയിലേറെയാണ് യാത്രാ നിരക്ക്. എല്ലാ കാലത്തും ഹൗസ് ഫുള്ളായി ഓടുന്ന സർവീസുകളാണ് രണ്ടു ജനശതാബ്ദി ട്രെയിനുകളും. ഇതിന്റെ കോച്ചുകൾ പിറന്ന കാലത്തേത് തന്നെയാണെന്നത് വേറെ കാര്യം. നമ്മുടെ ജനപ്രതിനിധികൾക്ക് ഇതൊക്കെ നോക്കി ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കാനൊക്കെ എവിടെ നേരം? 
കോട്ടയത്തെ ഇരട്ടിപ്പിക്കലിന്റെ പേരിൽ നിർത്തലാക്കിയ ഒരു ട്രെയിൻ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയാണ്. ഇതെന്തൊരു ദ്രോഹമാണ്? ചോദിക്കാനും പറയാനും ആളില്ലെങ്കിൽ ഇതൊക്കെ നടക്കും. റദ്ദ് ചെയ്ത മറ്റൊരു പ്രധാന ട്രെയിൻ നാഗർകോവിലിൽ നിന്ന് മംഗളൂരു വരെ പോകുന്ന പരശുരാം എക്‌സ്പ്രസ് ട്രെയിനാണ്. കേരളത്തിന്റെ ഹൃദയ സപ്ന്ദനമറിയുന്ന പകൽ തീവണ്ടിയാണിത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ജില്ലകളിലായി അമ്പതിലേറെ സ്‌റ്റോപ്പുകൾ. തിരക്കുള്ളവർക്ക് ശത്ബാദിയെ പോലെ ആശ്രയിക്കാവുന്ന ട്രെയിനല്ലെങ്കിലും പോപ്പുലാരിറ്റിയുടെ കാര്യത്തിൽ പരശുവും മുമ്പിൽ തന്നെ. വടക്കേ മലബാറിലെ ചെറിയ പട്ടണമായ വടകരയിൽ നിന്ന് നിത്യേന അഞ്ഞൂറിലേറെ പേരാണ് ഈ ട്രെയിനിൽ കയറുന്നത്. കോഴിക്കോട്ടെ ഓഫീസുകളിലും വിദ്യാലയങ്ങളിലുമെത്താൻ സൗകര്യപ്രദമായ സമയമെന്നത് തന്നെ കാര്യം. ത്രൂ ഔട്ട്് വെസ്റ്റിബുളായ (തീവണ്ടിക്കകത്ത് മുഴുനായി നടന്നെത്താൻ സൗകര്യം) പരശുരാമിലെ ബ്രെഡ് ഓംലെറ്റും ഉഴുന്നു വടയും കാപ്പിയും കഴിഞ്ഞ നാലഞ്ച് ദശകങ്ങളായി മലയാളികൾക്ക് സുപരിചിതം. അടുത്ത കാലത്ത് ഇതിന്റെ കൊച്ചനുജനായി രംഗത്തെത്തിയ ഏറനാട് എക്‌സ്പ്രസും ഇതേ റൂട്ടിലാണ് സർവീസ് നടത്തുന്നത്. അത്യുത്തര കേരളത്തിൽ സ്‌റ്റോപ്പുകൾ കൂടുതലാണെങ്കിലും തൃശൂർ കഴിഞ്ഞാൽ ഭയങ്കര ഡീസന്റാണിവൻ. യു.പി.എ സർക്കാരിൽ മലയാളി കേന്ദ്ര റെയിൽവേ സഹമന്ത്രിയായ കാലത്ത് കേരളത്തിന് ലഭിച്ച ഏക നേട്ടം ഈ ട്രെയിനാണെന്ന് പറയാം. തമിഴ്്‌നാട്ടിലെ പ്രാദേശിക പാർട്ടി നേതാവായ വേലു സഹമന്ത്രിയായപ്പോൾ അവിടത്തെ എല്ലാം മീറ്റർ ഗേജാക്കി. 
കോട്ടയത്തെ ഇരട്ടിപ്പിക്കലിന്റെ പേരിൽ ആദ്യം റദ്ദാക്കിയ ട്രെയിൻ പരശുരാം എക്‌സ്പ്രസാണ്. യാത്രക്കാരുടെ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് ഇതിന്റെ സർവീസ് മംഗളൂരു മുതൽ ഷൊർണൂർ വരെയാക്കിയിട്ടുണ്ട്.  റെയിൽ ഇരട്ടിപ്പിക്കൽ നടക്കുമ്പോൾ ട്രെയിൻ സർവീസ് മുടങ്ങുന്നത് പുതുമയുള്ള കാര്യമാണ്. മലബാറിലെ തീവണ്ടിപ്പാത വർഷങ്ങളെടുത്ത് ഇരട്ടിപ്പിച്ചപ്പോൾ ഒരു ട്രെയിൻ സർവീസും കേരളത്തിൽ റദ്ദാക്കിയിരുന്നില്ല. ശാസ്ത്രം പുരോഗമിച്ചപ്പോൾ കാര്യങ്ങൾ തകിടം മറിയുകയാണോ? കടലുണ്ടി ട്രെയിൻ ദുരന്തമുണ്ടായപ്പോൾ പോലും കോഴിക്കോടിനും തിരൂരിനുമിടയിൽ ബസ് സർവീസ് നടത്തി യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ ശ്രദ്ധിക്കുകയായിരുന്നു റെയിൽവേ. 
വേറെയും ദ്രോഹം റെയിൽവേ അധികൃതർ ചെയ്യുന്നുണ്ട്. എം.പിമാർ ഇടപെടില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാലാണിത്. എറണാകുളം-ആലപ്പുഴ കണ്ണൂർ എക്‌സ്പ്രസ് ട്രെയിൻ രാത്രിയിൽ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുക. അതിന് പറയുന്ന കാരണം കോഴിക്കോട് വെസ്റ്റ് ഹില്ലിൽ  റെയിലിന് അറ്റകുറ്റപ്പണി  നടക്കുന്നുവെന്നത്. അതേ ട്രെയിൻ മനുഷ്യരെല്ലാം ഉറങ്ങിയെന്ന് ഉറപ്പായാൽ കാലി റേക്കുമായി യാത്രക്കാരെ കയറ്റാതെ അർധരാത്രി കണ്ണൂരിലെത്തിച്ച് അടുത്ത ദിവസത്തെ സർവീസ് നടത്തും. രാജ്യസഭയിലും ലോക്‌സഭയിലുമായി കോഴിക്കോട് മേഖലയിൽ നിന്നുള്ള അര ഡസൻ  പ്രതിനിധികൾ ഇതൊന്നും ഗൗരവത്തിലെടുക്കില്ലെന്നുറപ്പുള്ളതിനാലാണ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ഇത്തരം തല തിരിഞ്ഞ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്. കേരളത്തിലെ ട്രെയിൻ സർവീസുകൾ മുടക്കാൻ തെരഞ്ഞെടുത്ത സമയത്തിന്റെ കാര്യവും ശ്രദ്ധേയമാണ്. അവധിക്കാലമായതിനാൽ കുടുംബങ്ങളുടെ യാത്രകൾ സാർവത്രികമാണ്. അതിന് പുറമെ വിദ്യാഭ്യാസ വർഷം തുടങ്ങുന്നതിന്റെ തിരക്കും വരാറായി. ഈ മാസാവസാനത്തെ കേരളത്തിലെ യാത്ര തീർത്തും ദുരിതപൂർണമാവുമെന്നതിൽ സംശയമില്ല.

Latest News