പാകിസ്താനില്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി

ഇസ്‌ലാമാബാദ്- മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി റോഡുകള്‍ തടഞ്ഞ് പ്രതിപക്ഷ പാര്‍ട്ടി. അവിശ്വാസ വോട്ടിംഗിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടതുമുതല്‍ രാജ്യത്തുടനീളം ബഹുജന റാലികള്‍ സംഘടിപ്പിച്ച് സഖ്യസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇമ്രാന്‍ഖാന്‍.

പെഷാവാറില്‍ നിന്നും ഇസ്‌ലാമാബാദിലേക്ക് പതിനായിരങ്ങളെ നയിച്ച് പ്രതിഷേധ പ്രകടനമാണ് ഇമ്രാന്‍ഖാന്‍ പദ്ധതിയിടുന്നത്. എതിരാളികളുമായി പ്രധാന ഏറ്റുമുട്ടലാണ് ഇമ്രാന്റെ ലക്ഷ്യം. 

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഇമ്രാന്‍ഖാന്റെ അനുയായികള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ വിഭജിക്കാനും അരാജകത്വം പ്രോത്സാഹിപ്പിക്കാനുമാണ് ഇമ്രാന്റെ ശ്രമമെന്ന് ഭരണകൂടം ആരോപിക്കുന്നു. 

തലസ്ഥാനം ഉപരോധിക്കാനും ഇമ്രാന്‍ഖാന്റെ നിര്‍ദ്ദേശം അനുസരിക്കാനും ആരേയും അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. 

പെഷാവാര്‍, ലാഹോര്‍, മുല്‍ത്താന്‍ മേഖലകളില്‍ നിന്നും ഇസ്‌ലാമാബാദിലേക്കുള്ള പ്രധാന കേന്ദ്രങ്ങളെല്ലാം പോലീസ് തടഞ്ഞു. ഇസ്‌ലാമാബാദില്‍ ഉപരോധവും കനത്ത സുരക്ഷയും പ്ലാന്‍ ചെയ്യുന്ന ട്രാഫിക് സൗകര്യങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 

തെഹ്‌രീക് ഇ ഇ്ന്‍സാഫ് പാര്‍ട്ടിയുടെ നൂറുകണക്കിന് പ്രവര്‍ത്തകരെ ഇതിനകം പോലീസ് റെയ്ഡ് നടത്തി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊതുനിയമ ലംഘനങ്ങളുടെ പേരില്‍ ഇരുന്നൂറിലേറെ അനുയായികളെ കസ്റ്റഡിയില്‍ എടുത്തതായി പേര് വെളിപ്പെടുത്താത്ത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 

പ്രതിഷേധക്കാര്‍ ആയുധങ്ങളുമായാണ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പദ്ധതിയിട്ടതെന്നാണ് സര്‍ക്കാരും പോലീസും ആരോപിക്കുന്നത്. റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ഹംസ ഷഹബാസ് ഷെരീഫ് പറഞ്ഞു. 

എന്നാല്‍ പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിക്കായിരിക്കും താന്‍ നേതൃത്വം നല്‍കുകയെന്നാണ് ഇമ്രാന്‍ഖാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

Latest News