Sorry, you need to enable JavaScript to visit this website.

ആന്ധ്ര നഗരത്തിലേക്ക് കൂടുതല്‍ സേന; അക്രമങ്ങളില്‍ 46 പേര്‍ അറസ്റ്റില്‍

അമലാപുരം- ആന്ധ്രാപ്രദേശില്‍ കോണസീമ ജില്ലയുടെ പേരിനുമുന്നില്‍ അംബേദ്കറുടെ പേര് ചേര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് അമലാപുരത്ത്  മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ 46 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വ്യാപകമായ അക്രമ സംഭവങ്ങളാണ് ചൊവ്വാഴ്ച അമാലപുരത്തുണ്ടായത്.

ഡോ.ബി.ആര്‍. അംബേദ്കര്‍ കോണസീമെയന്ന് പുനര്‍നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ പിന്തുണച്ച് കൂടുതല്‍ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ  വിവിധ ജില്ലകളില്‍ നിന്ന് അധിക സേനയെ എത്തിച്ച് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജില്ലയുടെ പേര് മാറ്റുന്നതിനെതിരെ കോണസീമ സാധന സമിതി (കെഎസ്എസ്)  ആഹ്വാനം ചെയ്ത പ്രതിഷേധത്തിനിടെയാണ് ജില്ലാ ആസ്ഥാനമായ അമലാപുരത്ത് ജനക്കൂട്ടം ആക്രമണം നടത്തിയത്.  പ്രതിഷേധക്കാര്‍ പലയിടത്തും  പോലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സംസ്ഥാന മന്ത്രി പി.വിശ്വരൂപിന്റെയും നിയമസഭാംഗം സതീഷിന്റെയും വീടുകളാണ് കത്തിച്ചത്. അക്രമത്തില്‍ പോലീസുകാരടക്കം 10  പേര്‍ക്ക് പരിക്കേറ്റു.

ജില്ലയുടെ പുനര്‍നാമകരണത്തെ അനുകൂലിക്കുന്ന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ സേനയെ നഗരത്തിലെത്തിച്ചത്. യോഗങ്ങളും റാലികളും തടയാന്‍ ഇവിടെ 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.

ടൗണിലേക്ക് വരുന്ന ബസുകള്‍ റദ്ദാക്കി. നഗരത്തിലേക്കുള്ള റോഡുകളില്‍ പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി. അക്രമം കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ ചൊവ്വാഴ്ച വിച്ഛേദിച്ച മൊബൈല്‍ ഫോണ്‍ സേവനം പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടില്ല.

ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 46 പേരെ അറസ്റ്റ് ചെയ്തതായും ഏലൂരു റേഞ്ച് ഡി.ഐ.ജി പാലാ രാജു മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട നിരവധി പേരെ സിസിടിവി ദൃശ്യങ്ങളുടെയും മാധ്യമങ്ങളുടെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും വീഡിയോ റെക്കോര്‍ഡിംഗുകളുടെയും സഹായത്തോടെ  തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഡിഐജി പറഞ്ഞു.

 

Latest News