Sorry, you need to enable JavaScript to visit this website.

ഇസ്രായിലിലെ ആഫ്രിക്കൻ അഭയാർഥികളിൽ 16,000 പേരെ പാശ്ചാത്യ  രാജ്യങ്ങൾ ഏറ്റെടുക്കും

തെൽഅവീവ് - അഭയാർഥികളെ കൂട്ടത്തോടെ ആഫ്രിക്കയിലേക്ക് നാടുകടത്താനുള്ള നീക്കം ഇസ്രായിൽ ഉപേക്ഷിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി ഏജൻസിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. 16,000 അഭയാർഥികളെ വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ പുനരധിവസിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെൻയാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഏതൊക്കെ രാജ്യങ്ങളാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 18,000 പേർക്ക് ഇസ്രായിലിൽ സ്ഥിരതാമസത്തിനുള്ള അനുമതി നൽകുമെന്നും ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന നാടുകടത്തൽ നീക്കം ഇസ്രായിൽ സുപ്രീം കോടതി തടഞ്ഞിരുന്നു. 
ഉഗാണ്ട, റുവാണ്ട എന്നീ ആഫ്രിക്കൻ നാടുകളിലേക്ക് അഭയാർഥികളെ തിരിച്ചയക്കാനുള്ള നീക്കം ഇസ്രായിലിനകത്തും പുറത്തും പ്രതിഷേധത്തിനു കാരണമായിരുന്നു. അടുത്ത അഞ്ച് വർഷത്തിനകം പുതിയ പദ്ധതി പൂർത്തിയാക്കുക. മുമ്പൊന്നുമില്ലാത്തതാണ് ഈ കരാറെന്ന് നെതന്യാഹുവിന്റെ ഓഫീസ് വിശേഷിപ്പിച്ചു. നേരത്തെ നിശ്ചയിച്ചതിനു വിപരീതമായി ഇസ്രായിലിൽനിന്ന് പുറന്തള്ളുന്ന അഭയാർഥികളുടെ എണ്ണം കുറക്കുന്നതാണ് യു.എന്നുമായുണ്ടാക്കിയ ധാരണയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ വിശദീകരിച്ചു. 
ഇസ്രായിലിലെത്തിയ ആഫ്രിക്കക്കാരിൽ ഭൂരിഭാഗവും എരിത്രിയക്കാരും സുഡാനികളുമാണ്. യു.എൻ അന്വേഷണത്തിൽ ഭരണാധികാരികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ രാജ്യമാണ് എരിത്രിയ. സുഡാനിലും ഏറ്റുമുട്ടൽ തുടരുന്നു. സുരക്ഷാ ഭീതി കാരണമാണ് സ്വന്തം നാടുകളിലേക്ക് മടങ്ങാത്തതെന്ന് അഭയാർഥികൾ പറയുമ്പോൾ സാമ്പത്തികമാണ് യഥാർഥ കാരണമെന്ന് ഇസ്രായിൽ വിശദീകരിക്കുന്നു. വർഷങ്ങൾക്കു മുമ്പാണ് ഈജിപ്ത് വഴി ഇവർ ഇസ്രായിലിൽ എത്തിയത്. അതിർത്തിയിൽ വേലി കെട്ടിയതിനു ശേഷം ഇങ്ങനെ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

Latest News