അതിജീവിതയുടെ പരാതിയും പോപ്പുലര്‍  ഫ്രണ്ട് മുദ്രാവാക്യവും തൃക്കാക്കരയില്‍ കത്തുന്നു 

കാക്കനാട്- തൃക്കാക്കരയില്‍ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആവേശവും വാനോളമുയരുകയാണ്.സില്‍വര്‍ലൈന്‍ പദ്ധതിയും കെ.സുധാകരന്റെ വിവാദ പരാമര്‍ശവുമൊക്കെ ഇളക്കി മറിച്ച പ്രചരണ രംഗം  ഇപ്പോള്‍ അതിജീവിതയുടെ ആരോപണങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയിലും തട്ടി നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ അതിജീവിത അന്വേഷണ സംഘത്തിനും സര്‍ക്കാരിനും എതിരെ രംഗത്ത് എത്തിയത് ഇടത് മുന്നണിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഭരണ മുന്നണിയിലെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ വീണു കിട്ടിയ ആയുധമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നാണ് എല്ലാ പ്രചരണ യോഗങ്ങളിലും യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്.
അതിജീവിതക്കൊപ്പം ഉറച്ച് നില്‍ക്കുന്നു എന്ന് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കൂടിയാണ് ഇടത് മുന്നണിക്ക് മേല്‍ വന്ന് ചേര്‍ന്നിരിക്കുന്നത്. അതിജീവിത തെരഞ്ഞെടുപ്പ് കാലത്ത് പരാതിയുമായി വന്നതില്‍ ദുരൂഹയുണ്ടെന്ന വാദമുയര്‍ത്തിയാണ്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിരോധത്തിന് തുടക്കമിട്ടത്. കേസ് അട്ടിമറിച്ചത് ആരാണെന്ന് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍  അതിജീവിതക്ക് ഒപ്പമാണെന്ന്  കോടിയേരി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഓരോ ഘട്ടവും വിവരിച്ച് കൊണ്ടായിരുന്നു തൃക്കാക്കരയിലെ പ്രചരണ യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പോലീസിന് കൈ വിറച്ചിട്ടില്ലെന്നും അതിജീവിതക്ക് നീതി ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിസ്മയ കേസിലെ വിജയം ഉയര്‍ത്തിക്കാട്ടിയും ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചു. കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉണ്ടായത് തൃക്കാക്കര മണ്ഡലത്തിലാണ്. വിഷയം ഉയര്‍ത്തികൊണ്ട് വരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആളായിരുന്നു പി.ടി. തോമസ്. അതുകൊണ്ട് തന്നെ  കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോണവും പ്രചരണവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു. ആ അപകടം മുന്നില്‍ കണ്ട് തന്നെയാണ് പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നതും.
പോപ്പുലര്‍ ഫ്രണ്ട് ജാഥയിലെ വിദ്വേഷ പ്രസംഗവും തൃക്കാക്കരയില്‍ പ്രചരണ രംഗത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി തന്നെയാണ് പ്രതിപക്ഷം ഈ വിഷയത്തെയും കാണുന്നത്. വര്‍ഗ്ഗീയ വാദികള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നും  വിദ്വേഷ പ്രസംഗം നടത്താന്‍ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് ധൈര്യം നല്‍കുന്നത് പിണറായി സര്‍ക്കാരിന്റെ ക്രൂരമായ അടവ് നയമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 
 

Latest News