Sorry, you need to enable JavaScript to visit this website.

ടെഡ്രോസ് വീണ്ടും ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ-ലോകാരോഗ്യ സംഘടനയുടെ മേധാവിയായി ടെഡ്രോസ് അദ്‌നോം ഗബ്രിയേസസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ലോകത്തെ ഏറ്റവും വലിയ ആരോഗ്യപ്രവർത്തക ഏജൻസിയെ നയിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനായ ടെഡ്രോസ്, എതിരില്ലാതെയാണ് രണ്ടാമൂഴത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഡയരക്ടർ ജനറൽ സ്ഥാനത്തേക്ക് നടന്ന രഹസ്യബാലറ്റിൽ ഭൂരിപക്ഷം പേരും അദ്ദേഹത്തെ പിന്തുണച്ചു. ആകെയുള്ള 160 വോട്ടുകളിൽ 155 പേരും ടെഡ്രോസിന് പിന്തുണ നൽകി.
തനിക്ക് ലഭിച്ച വലിയ പിന്തുണയിൽ അഭിമാനിക്കുന്നതായി ടെഡ്രോസ് പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ വിജയമല്ല, മറിച്ച് ലോകാരോഗ്യ സംഘടനക്ക് ലഭിച്ച അംഗീകാരമാണ്-തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വ്യാപന കാലത്ത് ലോകരാജ്യങ്ങൾക്കിടയിൽ ലോകാരോഗ്യ സംഘടനയുടെ സേവനം പരമാവധി എത്തിക്കുന്നതിൽ ടെഡ്രോസ് നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് രണ്ടാമൂഴം നേടികൊടുത്തത്.
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ മുൻ ആരോഗ്യമന്ത്രിയായ അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വന്നതിന് ശേഷം വിവിധ രാജ്യങ്ങളിലെ ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നു.മനുഷ്യ ജീവിതങ്ങളെ കൊന്നൊടുക്കുന്ന പകർച്ചവ്യാധികൾക്കും യുദ്ധങ്ങൾക്കുമെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു.
57 കാരനായ ടെഡ്രോസ് മലേറിയ രോഗ പ്രതിരോധ രംഗത്ത് ശ്രദ്ധേയനാണ്. ലോകാരോഗ്യ സംഘടനയുടെ അമരത്ത് എത്തിയ ശേഷം അദ്ദേഹം നേരിട്ടത് നിരവധി വെല്ലുവിളികളാണ്.കോവിഡ് വ്യാപനം,കോംഗോയിലെ ലോകാരോഗ്യ സംഘടനാ പ്രവർത്തകർക്കിടയിലെ ലൈംഗികാരോപണം തുടങ്ങി സംഘടനക്ക് വെല്ലുവിളി ഉയർത്തിയ പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകൾ സംഘടനക്ക് ശക്തിപകർന്നു. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ നിർധന രാജ്യങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഏറെയും സഹായം ലഭിച്ചത്.
ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയുടെ ഭാഗത്തുനിന്ന് ടെഡ്രോസ് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ചൈനയുടെ പാവയായി ലോകാരോഗ്യ സംഘടന പ്രവർത്തിക്കുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായതോടെ ടെഡ്രോസിന് വലിയ പിന്തുണയാണ് ലഭിച്ചുവരുന്നത്.
 

Latest News