Sorry, you need to enable JavaScript to visit this website.

റബർ വിലയിൽ ക്വിന്റലിനു 500 രൂപയുടെ വർധന മാനം തെളിഞ്ഞു; ആശ്വാസത്തോടെ റബർ കർഷകർ


കൽപറ്റ- ദിവസങ്ങൾ നീണ്ട മഴയ്ക്കു അർധവിരാമമിട്ട് മാനം തെളിഞ്ഞത് റബർ കർഷകർക്കു നേരിയ ആശ്വാസമായി. റബർ ഷീറ്റ് വിലയിലെ നേരിയ വർധനയും പ്രതീക്ഷയായി. ഈ മാസം തുടരെ പെയ്ത മഴ ചെറുകിട-നാമമാത്ര റബർ കർഷകരുടെ കണക്കുകൂട്ടൽ ആകെ തെറ്റിച്ചു. മേയ് ആദ്യം മൂന്നു ദിവസം ടാപ്പിംഗ് നടത്താൻ കഴിഞ്ഞ കർഷകർക്ക് പിന്നീടു രണ്ടാഴ്ചയോളം തോട്ടത്തിലേക്കു തിരിയേണ്ടിവന്നില്ല. അത്രയ്ക്കു പ്രതികൂലമായിരുന്നു കാലാവസ്ഥ. ഏപ്രിൽ-മേയ് മാസങ്ങളിലാണ് റബറിൽനിന്നു കൂടുതൽ പാൽ കിട്ടുന്നത്. മേയിൽ ഭൂരിപക്ഷം ദിവസങ്ങളിലും ടാപ്പിംഗ് നടത്താനാകാത്തതു കർഷകർക്കു തിരിച്ചടിയായി. വരുമാന നഷ്ടം പല കുടുംബങ്ങളെയും ദുരിതത്തിലാക്കി. വരവും ചെലവും പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ റബർ കൃഷി അവസാനിപ്പിച്ചവർ നിരവധിയാണ്. റബർ മരങ്ങൾ വെട്ടിമാറ്റി കാപ്പിയും മറ്റ് കൃഷികളും ആരംഭിച്ചവർ ഏറെയാണ്. റബർ വിലയിലെ ഇടിവും ടാപ്പിംഗിനു ആളെ കിട്ടാത്തതും കർഷകരെ നിരാശയിലാക്കിയിരുന്നു. കൃഷിക്കാരിൽ പലരും സ്വന്തമായാണ് ടാപ്പിംഗ് നടത്തി ഷീറ്റ് ഉൽപാദിപ്പിക്കുന്നത്. റബർ വിലയിൽ ക്വിന്റലിനു 500 രൂപയുടെ വർധനവാണ് അടുത്തകാലത്തു ഉണ്ടായത്. നിലവിൽ റബർ ക്വിന്റലിനു 16,500-17,200 രൂപയാണ് വില. 
 

Latest News