പുതിയ വിസയില്‍ എത്തിയ യുവാവ് പിതാവിനു മുന്നില്‍ അപകടത്തില്‍ മരിച്ചു

നഈം

റിയാദ് - പുതിയ വിസയില്‍ സൗദിയിലെത്തിയ ഇന്ത്യന്‍ യുവാവ് പിതാവിനു മുന്നില്‍ കാറിടിച്ച് മരണപ്പെട്ടു. റിയാദ് പ്രവിശ്യയില്‍പെട്ട അഫ്‌ലാജില്‍ 30 വര്‍ഷമായി ടൈലറായി ജോലി ചെയ്തുവരുന്ന ഇന്ത്യക്കാരന്‍ നഈം ഹൃദ്രോഗവും പ്രായക്കൂടുതലും മൂലമുള്ള അവശതകള്‍ കാരണം സ്വദേശത്തേക്ക് മടങ്ങാന്‍ തീരുമാനിച്ച തനിക്കു പകരം തന്റെ ജോലി ഏറ്റെടുക്കുന്നതിന് മകനെ പുതിയ വിസയില്‍ സൗദിയിലെത്തിക്കുകയായിരുന്നു. റമദാനു മുമ്പാണ് മകന്‍ സൗദിയിലെത്തിയത്. ഈ സമയം താന്‍ ഹ്രസ്വലീവില്‍ നാട്ടിലായിരുന്നെന്ന് നഈം പറഞ്ഞു. റമദാന്‍ മാസം സ്വന്തം കുടുംബത്തിനൊപ്പം നാട്ടില്‍ ചെലവഴിച്ച ശേഷം മകന്റെ വിവരങ്ങള്‍ അറിയാനും മകന് ആവശ്യമായ പരിശീലനം നല്‍കി സ്വദേശത്തേക്ക് ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങാനും തീരുമാനിച്ച് സൗദിയിലേക്കു തന്നെ മടങ്ങി. താന്‍ സൗദിയിലെത്തിയതോടെ മകനും താനും താമസവും ജോലിയും ഒരുമിച്ചായിരുന്നു. രണ്ടു ദിവസത്തിനു ശേഷം തന്റെ കണ്‍മുന്നില്‍ കാറിടിച്ച് മകന്‍ മരണപ്പെടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മകന്റെ മയ്യിത്ത് അഫ്‌ലാജില്‍ മറവു ചെയ്തതായും നഈം പറഞ്ഞു.

 

Latest News