Sorry, you need to enable JavaScript to visit this website.

സി.പി.എം അതിജീവിതക്ക് ഒപ്പമല്ലെന്ന് തെളിഞ്ഞു-വി.ടി ബൽറാം

തിരുവനന്തപുരം- നടി അക്രമിക്കപ്പെട്ട കേസിൽ കേരളത്തിലെ സി.പി.എം അതിജീവിതക്ക് ഒപ്പമല്ലെന്ന് ഉറപ്പായെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. അതിജീവിതക്കെതിരായ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ അധിക്ഷേപം സി.പി.എമ്മിന്റെ നയത്തിന്റെ ഭാഗമാണെന്നും ബൽറാം ആരോപിച്ചു. ജയരാജന്റേത് ഒറ്റപ്പെട്ട പരാമർശമോ ഒരുവേള പതിവ് നാക്കുപിഴയോ ആയിരിക്കുമെന്നാണ് വിചാരിച്ചത്. അദ്ദേഹമത് തിരുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അതിജീവിതക്കെതിരായി കൂടുതൽ രൂക്ഷമായ വിമർശനവുമായി കടന്നുവന്നത് സിപിഎമ്മിന്റെ സാക്ഷാൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ! അതിജീവിതയുടെ പരാതിയിൽ ദുരൂഹതയുണ്ടത്രേ!
പിന്നീട് സംസ്ഥാനം ഭരിക്കുന്ന മന്ത്രിയായ ആന്റണി രാജുവും അതേ ആരോപണങ്ങൾ ആവർത്തിക്കുന്നു.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായ എംഎം മണിയുടെ പരാമർശങ്ങളേക്കുറിച്ച് ഇവിടെ പറയാനേ ഉദ്ദേശിക്കുന്നില്ല. അയാളെയൊക്കെ ആശാനെന്നും സഖാവെന്നുമൊക്കെ പൊലിപ്പിച്ച് തോളത്തെടുത്തു വയ്ക്കുന്നവർ തന്നെ അനുഭവിക്കട്ടെ.
സോഷ്യൽ മീഡിയ വെട്ടുകിളികൾ ഇനി നിരത്താനിരിക്കുന്ന ന്യായീകരണങ്ങളും വിതറാനൊരുങ്ങുന്ന ക്യാപ്‌സ്യൂളുകളും എന്തൊക്കെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൃത്യമായ ഡോഗ് വിസിൽ തന്നെയാണല്ലോ നേതാക്കൾ ഒന്നിനുപുറകെ ഒന്നായി നൽകിയിട്ടുള്ളത്.
അതായത് കേരളത്തിലെ സിപിഎം ഇനി മുതൽ ഈ കേസിലെ അതിജീവിതക്കൊപ്പമല്ല എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു, പുറമേയ്ക്ക് അവർ എന്തൊക്കെ മറിച്ച് പറഞ്ഞാലും.
തൃക്കാക്കരയിൽ പി.ടി.തോമസ് എന്ന ആർജവമുള്ള ജനപ്രതിനിധി ഉണ്ടായിരുന്നത് കൊണ്ട് മാത്രം ഭരണകൂടത്തിന് തുടക്കം മുതൽ ഒതുക്കിത്തീർക്കാനാവാതെ പോയ കേസാണ് ഇത് എങ്കിലും, ഇപ്പോഴത്തെ ചോദ്യം തൃക്കാക്കരക്കാരോട് മാത്രമല്ല, കേരളത്തോട് മുഴുവനുമായിട്ടാണ്: നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ്? അതിജീവിതയ്‌ക്കൊപ്പമോ അതോ അവർക്ക് വിശ്വാസമില്ല എന്ന് അവർ തന്നെ പ്രഖ്യാപിച്ച സർക്കാരിനൊപ്പമോ എന്നും ബൽറാം ചോദിച്ചു.
 

Latest News