കോട്ടയം- അയര്‍ക്കുന്നം പാദുവയില്‍ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു. പാദുവ അയര്‍ക്കുന്നം താന്നിക്കപ്പടിയില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ രാജമ്മ (65) ആണ് മരിച്ചത്. മകള്‍ രാജശ്രീ (40) യെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരന്തരം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകള്‍ അക്രമാസക്തമായി അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി മകള്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ യാണ് സംഭവം. വീട്ടില്‍നിന്ന് ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാജമ്മയെ കണ്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനുളളില്‍ വാക്കത്തിയുമായി നില്ക്കുന്ന രാജശ്രീയെ കണ്ടു. നാട്ടുകാര്‍ വിവരം അയര്‍ക്കുന്നം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി രാജമ്മയെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജശ്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.രാജമ്മയുടെ മറ്റുമക്കള്‍ ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം.






