ന്യൂദൽഹി- ജപ്പാനിൽ ക്വാഡ് ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മറ്റു രാഷ്ട്ര നേതാക്കളുടെ മുൻനിരയിൽ നടക്കുന്നത് ആഘോഷമാക്കി ബി.ജെ.പി നേതാക്കളും മന്ത്രിമാരും. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മുതൽ ബി.ജെ.പി വൈസ് പ്രസിഡൻറ് എ.പി.അബ്ദുല്ലക്കുട്ടി വരെ ഫോട്ടോ ഷെയർ ചെയ്ത് മോഡിയെ വാനോളം പുകഴ്ത്തി.
ഈ ദൃശ്യം സുവ്യക്തം, അഭിമാന നിമിഷം, ഇന്ത്യ ലോകത്തെ മുന്നിൽനിന്ന് നയിക്കുന്നു ... എന്നാണ് അബ്ദുല്ലക്കുട്ടി നൽകിയ അടിക്കുറിപ്പ്.
യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബാനീസ് എന്നിവരുടെ മുന്നിൽ മോഡി നടക്കുന്ന ചിത്രമാണ് ബി.ജെ.പി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയത്.
പ്രധാനസേവകനു വഴി അറിയാം, വഴി കാണിക്കാൻ മുന്നിൽ നടന്ന് നേതൃത്വം നൽകുന്നു എന്നാണ് സ്മൃതി ഇറാനി നൽകിയ അടിക്കുറിപ്പ്.
അബ്ദുല്ലക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പതിവുപോലെ എതിരാളികൾ നിരവധി കമൻറുകളാണ് നൽകിയത്. തമാശ നിറഞ്ഞ മറുപടികൾ വായിച്ച് അബ്ദുല്ലക്കുട്ടിക്ക് മടുക്കും.






