അപ്പോൾ ഇന്ത്യാ വിരുദ്ധനെ മോഡി കണ്ടതോ; ബി.ജെ.പിക്കാരോട് തിരിച്ചടിച്ച് കോൺഗ്രസ്

ന്യൂദൽഹി- ഇന്ത്യാ വിരുദ്ധനും ഹിന്ദു വിരുദ്ധനുമായ ബ്രിട്ടീഷ് എം.പി ജെറമി കോർബിനുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വിമർശനമുന്നയിച്ച ബി.ജെ.പി നേതാക്കൾക്ക് അതേ നാണയത്തിൽ മറുപടിയുമായി കോൺഗ്രസ്. രാഹുൽ- കോർബിൻ ചിത്രത്തിനു മറുപടിയായി പ്രധാനമന്ത്രി മോഡി കോർബിനുമായി കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോയാണ് കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടത്.

ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട ബ്രിട്ടീഷ് എംപി ജെറമി കോർബിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ച്  കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനമാണ് ഭരണകക്ഷിയായ ബിജെപി അഴിച്ചുവിട്ടത്. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ നിലപാടിനെ  പരസ്യമായി പിന്തുണക്കുന്ന കോർബിൻ ഇന്ത്യൻ സൈന്യത്തിന്റെ കടുത്ത  വിമർശകനാണെന്നും ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.

ജെറമി കോർബിൻ കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് പരസ്യമായി വാദിക്കുന്നയാളാണെന്നും അയാളുമായി രാഹുൽ ഗാന്ധിക്ക് ലണ്ടനിൽ എന്താണ് പരിപാടിയെന്നും ചോദിച്ചാണ് ബിജെപി നേതാവ് കപിൽ മിശ്ര  ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നത്.  ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും രാഹുൽ ഗാന്ധിയുടെ കോർബിനുമായുള്ള കൂടിക്കാഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ചു. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാവ് ഇന്ത്യാ വിരുദ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

ബി.ജെ.പി നേതാക്കളും സംഘ്പരിവാർ അനുകൂലികളും രാഹുൽ -കോർബിൻ ഫോട്ടോ പ്രചരിപ്പിക്കുന്നതിനിടയിലാണ് മോഡിയും കോർബിനുമായുള്ള ഫോട്ടോ കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.  വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്ന വ്യക്തിക്കൊപ്പം രാഹുൽ ഗാന്ധി ചിത്രമെടുക്കുന്നത് കുറ്റകൃത്യമോ ഭീകരപ്രവർത്തനമോ ആയി കാണുന്നവർ ഇതിനു മറുപടി നൽകണം.

ഇന്ത്യയെക്കുറിച്ചുള്ള ജെറമി കോർബിന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി അംഗീകരിച്ചുവെന്നാണോ ഇതിനർത്ഥമെന്ന് മോഡി-കോർബിൻ ചിത്രം നൽകിക്കൊണ്ട് അദ്ദേഹം ചോദിച്ചു.

Latest News