Sorry, you need to enable JavaScript to visit this website.

ജിദ്ദയിലുണ്ടൊരു കേരളം 

ജിദ്ദക്കടുത്തുള്ള കേരളമായ അസ്ഫാനിലെ  കാഴ്ചകൾ 
യാത്രാ സംഘം 
ജിദ്ദക്കടുത്തുള്ള കേരളമായ അസ്ഫാനിലെ  കാഴ്ചകൾ 
ലേഖകൻ 
ജിദ്ദക്കടുത്തുള്ള കേരളമായ അസ്ഫാനിലെ  കാഴ്ചകൾ 

ഇപ്രാവശ്യത്തെ യാത്ര കേരളത്തിന്റെ പച്ചപ്പ് നുകരാനായിരുന്നു. ഒരു തവണ അതിന് വേണ്ടി ശ്രമിച്ചതായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ  അതിനരികെ എത്തിയെങ്കിലും ലക്ഷ്യസ്ഥാനം കണ്ടെത്താൻ കഴിയാതെ തിരിക്കേണ്ടിവന്നു. അന്ന് നാമ്പിട്ടതാണ് ഈ പൂതി. പല അന്വേഷണങ്ങൾക്കൊടുവിൽ ലൊക്കേഷൻ ഞങ്ങൾ സംഘടിപ്പിച്ചു. ജിദ്ദയിൽ നിന്ന് ഏറെ അകലെയല്ലാത്ത അസ്ഫാൻ.  അവിടെ ഭക്ഷിക്കാനാവശ്യമായ ഫലവൃക്ഷാദികളെല്ലാം ഉണ്ട് എന്നും നമ്മൾക്കെല്ലാവർക്കും പ്രത്യേകിച്ച് വനിതകൾക്ക് പ്രിയപ്പെട്ട പഴയ ഓർമകൾ അയവിറക്കാൻ ഉതകുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ആറംഗ സംഘം വാനിൽ അതിനുള്ള ഒരുക്കങ്ങൾ ഒരുക്കി പുറപ്പെട്ടത്. ഏകദേശം എഴുപത്തിയഞ്ച് കിലോമീറ്റർ പിന്നിട്ടപ്പോൾ തികച്ചും മരുഭൂമി  എന്തെന്ന് ഞങ്ങൾക്ക് ബോധ്യമായി. എത്ര സുന്ദരമായ രീതിയിലാണ് അതിനെ സംവിധാനിച്ച് വെച്ചിട്ടുള്ളത്. കൂടാതെ അവിടം തഴുകി തലോടാൻ തോന്നുന്ന രൂപത്തിലുള്ള വെള്ള പൂഴിമണൽ പരപ്പുകൾ, അതിന്  തൊട്ടടുത്ത് അല്ലാഹുവിന് സ്തുതി അർപ്പിച്ചു നിൽക്കുന്ന പടുകൂറ്റൻ പാറകൾ, കൂടാതെ ചുറ്റുഭാഗം ഒന്ന് കണ്ണോടിച്ചാൽ നമ്മെ അത്ഭുതപ്പെടുത്തുമാറുള്ള കാഴ്ചകൾ വേറെയും. കിടക്കുന്ന ഒട്ടകത്തിന്റെയും ഗരുഡന്റെയും കൂടു കൂട്ടിയിരിക്കുന്ന പക്ഷിയുടെയുമെല്ലാം ചിത്രങ്ങൾ പാറയിൽ രൂപകൽപന ചെയ്ത പോലെ ......
വളരെ അത്ഭുതത്തോടെയാണ് ഞാനതിനെ നോക്കിക്കണ്ടത്. വണ്ടി നിർത്തി ഞാൻ അതിനരികിലേക്ക് ചുവടുവെച്ചു. ഒട്ടും തന്നെ അമാന്തിച്ചു നിൽക്കാതെ ഞാനെന്റെ മൊബൈൽ ക്യാമറയിൽ ഒപ്പിയെടുത്തു. തുടർന്ന് യാത്ര തുടർന്നു. ലക്ഷ്യം പച്ചപ്പാണ്. ഭാഗ്യവശാൽ ഗൂഗിൾ തെറ്റിച്ചില്ല. ലക്ഷ്യസ്ഥാനത്ത് തന്നെ എത്തി. ആദ്യം കണ്ടത് തന്നെ മനസ്സിന് കുളിർമയേകി. അതാ സ്വാഗതമരുളി നിൽക്കുന്നു, വ്യത്യസ്ത നിറത്തിലും വലിപ്പത്തിലുമുള്ള മാമ്പഴക്കുലകൾ. അത് കണ്ടപാടെ കൂടെ വന്നവരുടെ മുഖത്തെ പ്രസാദം ഒന്ന് കാണേണ്ടതായിരുന്നു. കുറെ തേടിയതും ആഗ്രഹിച്ചതുമല്ലേ? ഞങ്ങൾ അവിടം എത്തിയപ്പോൾ തന്നെ നിരവധി വാഹനങ്ങളിൽ ആളുകൾ അവിടെ എത്തിയിട്ടുണ്ട്. കൂടുതലും ഫാമിലിയായാണ് എത്തിയിട്ടുള്ളത്. മലയാളികൾ ഉണ്ടോയെന്ന് ചോദിക്കേണ്ട! ഇല്ലാത്തയൊരിടം ഉണ്ടോ എന്നു ചോദിക്കുന്നതായിരിക്കും നല്ലത്. കൂടുതലും അവർ തന്നെ. 
ഈയൊരവസ്ഥയിൽ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്ന് ഇങ്ങനെയൊരു കാഴ്ച തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാണ് സമ്മാനിച്ചത്. ആദ്യം ഞങ്ങൾ ആ പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചു. കേരളത്തിന്റെ തനിമ വിളിച്ചോതുന്ന തരത്തിലുള്ള അനുഭൂതിയായിരുന്നു അവിടം. കുട്ടിക്കാലത്തെ ഓർമകൾ ഓരോന്നായി ഓർമയിൽ വന്നു. ഏറ്റവും കൂടുതൽ അവിടെ കാണാൻ കഴിഞ്ഞത് പല നിറത്തിലും  പല ആകൃതിയിലും പല വലിപ്പത്തിലും വിളഞ്ഞു നിൽക്കുന്ന മാമ്പഴക്കൂട്ടങ്ങളെയാണ്. കൈയെത്താ ദൂരത്ത് തന്നെ അത് തൂങ്ങിക്കിടപ്പുണ്ട്. അതുപോലെ തന്നെ ചക്ക. ഒരു കൊച്ചു പ്ലാവിൽ പ്രത്യേക ആകൃതിയിൽ അത് വിളഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു രസമാ ....
അതുപോലെ പലയിനം വാഴകളും വാഴക്കുലകളും ആടിയും പാടിയും ചെരിഞ്ഞും കിടന്നും നമ്മോട് പുഞ്ചിരിക്കുന്നു. പേരക്കത്തൈ ആരോടും ഒന്നും മിണ്ടാതെ നിശ്ചലമായി നിൽക്കുന്നത് കണ്ട് ഞാനരികെ പോയി നോക്കി ചോദിച്ചു. എന്താ ഒന്നും മിണ്ടാത്തെ .....
എനിക്ക് കിട്ടിയ മറുപടിയിൽ ഒരസൂയ ഉണ്ടായിരുന്നു. കാരണം തൊട്ടടുത്ത സുഹൃത്തുക്കളെല്ലാം അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ട് അവരെ സ്വീകരിക്കാനും താലോടാനും ആളുകൾ കടിപിടി കൂടുമ്പോൾ ഞാനിവിടെ തനിച്ച് .... എനിക്കവരെ സന്തോഷിപ്പിക്കാനുള്ള സമയം ആയിട്ടില്ല. അത് കൊണ്ട് തന്നെ ....
യാത്രയുടെ ഒരുക്കത്തിൽ ഞാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു, 'ഏതായാലും നമ്മൾ പോവുകയാണ്. അപ്പൊ പിന്നെ പറഞ്ഞ് കേട്ടോട്‌ത്തോളം അതിന് തയാറായി പോവുക. ചെറിയൊരു കത്തിയും പ്ലെയ്റ്റും അൽപം മുളകുപൊടിയും ഉപ്പും എടുത്തോ.' ഒരു പക്ഷേ ഉപകാരപ്പെട്ടേക്കാം. അത് അവിടെ കാര്യമായി ഭവിച്ചു. തോട്ടം സൂക്ഷിപ്പുകാരന്റെ അനുവാദത്തോടെ ഞങ്ങൾ കുറച്ച് മാമ്പഴം ശേഖരിച്ചു. അതിനുള്ള പ്രതിഫലം അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു. (ആളുകൾക്ക് അവിടെയുള്ള ഫലങ്ങൾ എന്ത് വേണമെങ്കിലും നടത്തിപ്പുകാരന്റെ അനുവാദത്തോടെ ചില്ലറ കൊടുത്ത് കൊണ്ടുപോവാം.)
ഞങ്ങൾ നല്ല തണലുള്ള ഒരു മാവിൻചുവട്ടിൽ വിരിപ്പ് വിരിച്ച് 3, 4 മാങ്ങകൾ കഴുകി അരിഞ്ഞ് ഉപ്പും മുളകും എല്ലാം മിക്‌സ് ചെയ്ത് ഓരോ കഷ്ണം നാവിൻതുമ്പത്ത് വെച്ച് ..... ഓർക്കുന്നില്ലേ? ഉമ്പായിയുടെ ആ പാട്ട് ......'ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാരി കളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ .....' ഇങ്ങനെയൊരു കുട്ടിക്കാലത്തെ ഓർമ നമുക്ക് മറക്കാൻ പറ്റുമോ? അത്തരം ഓർമകളാണ് ഇത്തരം കാഴ്ചകളിലും സഞ്ചാരങ്ങളിലും നമുക്ക് മുതൽക്കൂട്ടാകുന്നത്. (ജീവിതത്തിൽ ഒരിക്കലെങ്കിലും ഈയൊരനഭൂതി നുകരാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് പ്രത്യേകിച്ച് മലപ്പുറം ഭാഗത്തുള്ളവർ) ആ സന്ദർഭത്തിൽ അവിടെ കൂടിയ ചില ചുരുക്കം ആളുകളെങ്കിലും (മലയാളികൾ) ഒന്ന് നുകരാൻ അനുവാദത്തോടെയും അല്ലാതെയും ഞങ്ങളെ സമീപിച്ചു. ഞങ്ങളുടെ അടുത്ത് ഈ മസാലക്കൂട്ട് കണ്ട മലയാളി ഫാമിലി ഉപ്പ് ആവശ്യപ്പെട്ടു. കൊടുക്കുകയല്ലാതെ എന്തു പറയാനാ .... കാര്യം നിസ്സാരമാണ് പക്ഷേ .....ഉള്ളതുകൊണ്ട് ഞങ്ങളും ഒപ്പിച്ചു. എല്ലാവരും ഹാപ്പിയായി. ഇരുട്ടുന്നതിന് മുൻപ് തോട്ടം സൂക്ഷിപ്പുകാരന്റെ അനുവാദത്തോടെ കുറച്ച് മാമ്പഴം (ഏകദേശം 5 - 6 കിലോ വരും) ശേഖരിക്കുകയും അദ്ദേഹത്തിന് അതിനുള്ള ചായക്കാശ് കൊടുത്ത് ഞങ്ങൾ തിരികെ ഞങ്ങളുടെ താമസ സ്ഥലത്തേക്ക് തിരിക്കുകയും ചെയ്തു.

Latest News